ADVERTISEMENT

ദുബായ് ∙ ഇൗ വർഷം ആദ്യപാദത്തിൽ ദുബായിൽ 527 ലഹരിമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വിൽക്കാൻ വേണ്ടി അജ്ഞാതർ സന്ദേശമയക്കുന്നതിനെതിരെ ‘അനോണിമസ് മെസേജ്’ എന്ന പേരിൽ ദുബായ് പൊലീസിന്റെ ആന്റി നാർകോട്ടിക്സ് ജനറൽ വിഭാഗം  നടത്തുന്ന ക്യാംപെയിനിന്റെ രണ്ടാമത് എഡിഷൻ ഇന്നു സമാപിക്കും. അമീൻ സർവീസിന്റെ സഹകരണത്തോടെയാണ് പരിപാടി.

കരുതിയിരിക്കുക

ലഹരിമരുന്ന് വിൽപനക്കാരെ കരുതിയിരിക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിൽപനക്കാർക്കെതിരെ പൊലീസ് സൈബർ ക്രൈം വിഭാഗത്തിൽ പരാതിപ്പെടണമെന്നും ആക്ടിങ് ഡയറക്ടർ ബ്രി.ഖാലിദ് ബിൻ മുവൈസ പറഞ്ഞു. സമൂഹസുരക്ഷയുടെ കാര്യത്തിൽ പൊലീസിനെ സഹായിക്കാൻ സമൂഹത്തിലെ ഒാരോരുത്തരും ബാധ്യസ്ഥരാണ്. സംശയാസ്പദമായി എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്താൽ ടോൾ ഫ്രീ നമ്പർ 901 മായി പൊലീസിനെ അറിയിക്കണം. 

ഇ–ക്രൈം പ്ലാറ്റ് ഫോമിലേയ്ക്ക് 2,222 റിപോർട്ടുകൾ

ഇൗ വർഷം ആദ്യപാദത്തിൽ ദുബായ് പൊലീസിലെ ഇ–ക്രൈം പ്ലാറ്റ് ഫോമിലേയ്ക്ക് അജ്ഞാതരുടെ ലഹരിമരുന്ന് വിൽപന സന്ദേശത്തിനെതിരെയുള്ള ഏതാണ്ട് 2,222 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.  ഇതിൽ 527 പേരെ ഇതേസമയം കൊണ്ട് അറസ്റ്റ് ചെയ്തു. ദുബായ് പൊലീസ് തലവൻ ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശത്തെ തുടർന്നാണ് ക്യാംപെയിൻ നടക്കുന്നതെന്നും ബ്രി.ബിൻ മുവൈസ പറഞ്ഞു. 

ലഹരിക്കെതിരെ പോരാടാൻ രണ്ടു വഴികളുണ്ട്. ആദ്യത്തേത് ഹെമായ ഇന്റർനാഷനൽ സെന്റർ വഴിയുള്ള ബോധവത്കരണമാണ്. രണ്ടാമത്തേത് വിൽപനക്കാരെ നേരിട്ട് വേട്ടയാടുക. ദുബായിലെ ലഹരി വിരുദ്ധ ജനറൽ ഡിപാർട്ട്‌മെന്റിന്റെ സന്നദ്ധതയും അദ്ദേഹം ആവർത്തിച്ചു. 24 മണിക്കൂറും പ്രവർത്തിക്കാനും മയക്കുമരുന്ന് വിപത്തിനെ ചെറുക്കാനും പൊലീസ് സന്നദ്ധരാണ്.

brigadier-khalid-bin-muwaiza

ഒരു നമ്പർ ബ്ലോക്ക് ചെയ്താൽ അടുത്തതിൽ നിന്ന്

ലഹരിമരുന്ന് ആവശ്യമുണ്ടോ എന്നു അന്വേഷിച്ചുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്നയാളെ ബ്ലോക്ക് ചെയ്താൽ അവർ മറ്റു നമ്പരുകളിൽ നിന്ന് വീണ്ടും സന്ദേശങ്ങളയച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ നമ്പരുകളും പൊലീസിനെ അറിയിക്കണം. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് സാമൂഹികവിരുദ്ധർ സന്ദേശങ്ങളയക്കുന്നത്. 

കുറ്റവാളികൾ സാധാരണയായി ലഹരിമരുന്നു ലഭിക്കുന്ന സ്ഥലത്തെ ലൊക്കേഷൻ പങ്കിട്ടാണ് വിൽപന നടത്തുന്നത്. സാധാരണയായി വിദൂര പ്രദേശങ്ങളിൽ നിലത്തു കുഴിച്ചിടുകയാണ് ആദ്യം ചെയ്യുന്നത്. പലരും, പ്രത്യേകിച്ച് കൗമാരക്കാർ ഇത്തരം സന്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നത് ഇപ്പോഴും പൊലീസിന് തലവേദനയാകുന്നു. എങ്കിലും, ഈ ക്യാംപെയിനിലൂടെ ലഹരിമരുന്നു മൂലമുള്ള അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന് രക്ഷിതാക്കളിൽ അവബോധമുണ്ടാക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്.  

English Summary : Dubai Police arrested 527 drug dealers in the first quarter of 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com