അബുദാബി∙ യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ 22ന് വിക്ഷേപിക്കും. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ്പോർട്ടിൽ നിന്നാണ് വിക്ഷേപിക്കുക. ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിലാണ് വിക്ഷേപണം.
ഐസ്‌പേസ് നിർമിച്ച ജാപ്പനീസ് ലാൻഡർ ഹകുട്ടോ-ആർ മിഷൻ–1 റാഷിദ് റോവറിനെ ചന്ദ്രോപരിതലത്തിൽ എത്തിക്കും. ലാൻഡർ ചന്ദ്രനിൽ എത്താൻ ഏകദേശം മൂന്ന് മാസമെടുക്കും. ചന്ദ്രന്റെ വടക്കു കിഴക്കു ഭാഗത്ത് മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങുകയാണ് ലക്ഷ്യം.
ഒരു ചാന്ദ്ര ദിനം (14 ഭൗമദിനം) ചന്ദ്രനിൽ തങ്ങുന്ന റാഷിദ് റോവർ മണ്ണ്, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠനവിധേയമാക്കി ചിത്രങ്ങളും ഡേറ്റയും ഭൂമിയിലേക്കു കൈമാറും.