ADVERTISEMENT

അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹത്തിന്റെ (ഏതാണ്ട് 56 കോടിയിലേറെ രൂപ) സമ്മാനം നേടിയ മലയാളി എൻ.എസ്. സജേഷിനെ സന്തോഷ വാർത്ത അറിയിക്കാൻ വിളിച്ചപ്പോൾ അദ്ദേഹം ഫോൺ കട്ടുചെയ്യുകയും പിന്നീട് ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്തു. ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതാണെന്ന സംശയത്തിൽ ഫോൺ കട്ട് ചെയ്തതാകുമെന്നാണ് പരിപാടിയുടെ അവതാരകൻ റിച്ചാർഡ് പറഞ്ഞത്. ഏതാനും വർഷങ്ങൾക്കു ശേഷം ഈ മാസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പരിസരത്തുവച്ചാണ് നറുക്കെടുപ്പ് നടന്നത്. മൂന്നാം തീയതി യുഎഇ സമയം രാത്രി 7.30നായിരുന്നു നറുക്കെടുപ്പ്. 500ഓളം പേർ നറുക്കെടുപ്പ് നേരിട്ടുകാണാൻ എത്തിയിരുന്നു.

കഴിഞ്ഞ സീരിസിലെ വിജയിയും മലയാളിയുമായ കെ.പി. പ്രദീപാണ് ഈ മാസത്തെ വിജയിയെ തെരഞ്ഞെടുത്തത്. അതിലും ഭാഗ്യം മലയാളിക്കു തന്നെ. നറുക്കെടുപ്പ് കഴിഞ്ഞ ശേഷം അവതാരകരായ റിച്ചാർഡും ബുഷറയും ടിക്കറ്റ് ഓഡിറ്റർമാർക്ക് കൈമാറി. തുടർന്നു അവർ അത് പരിശോധിക്കുകയും വിജയിയെ ഫോണിൽ വിളിക്കുകയുമാണ് പതിവ്. ഇത്തവണയും അങ്ങനെ തന്നെ. അപ്പോഴാണ് അവതാരകയായ ബുഷറ മറ്റൊരു കാര്യം വെളിപ്പെടുത്തിയത്. സൗജന്യ ടിക്കറ്റിനാണ് സജേഷിന് വമ്പൻ സമ്മാനം അടിച്ചതെന്ന കാര്യം. അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടെണ്ണം എടുത്താൽ ഒരെണ്ണം സൗജന്യമാണ്. സജേഷിനും കൂട്ടുകാർക്കും ഭാഗ്യം കൊണ്ടുവന്നത് ഈ സൗജന്യ ടിക്കറ്റായിരുന്നു. ഒക്ടോബർ 21നാണ് ടിക്കറ്റ് എടുത്തതെന്നും അവർ വ്യക്തമാക്കി.

തുടർന്നു പതിവുപോലെ ബിഗ് ടിക്കറ്റ് അധികൃതർ സജേഷിനെ ഫോണിൽ വിളിച്ചു. അൽപസമയത്തിനുള്ളിൽ സജേഷ് ഫോൺ എടുത്തു. ‘ഹലോ, സജേഷ് ആണോ’. ‘അതേ’ എന്നു മറുപടി. ‘നിങ്ങൾ ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ലൈവ്് നറുക്കെടുപ്പ് കാണുന്നുണ്ടോ’– റിച്ചാർഡ് ചോദിച്ചു. അൽപം പരുങ്ങലോടെ ആദ്യം ഉണ്ടെന്നായിരുന്നു സജേഷ് പറഞ്ഞത്. എന്നാൽ, നിങ്ങൾ കാണുന്നുണ്ടോയെന്ന് റിച്ചാർഡ് വീണ്ടും ചോദിച്ചപ്പോൾ ‘ഇല്ലെന്ന്’ മറുപടി പറഞ്ഞു. നിങ്ങൾ കണ്ടിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുകയാണെന്ന് റിച്ചാർഡ് അൽപം കുസൃതിയോടെ പറഞ്ഞു. 

‘ഞാൻ റിച്ചാർഡാണ് ബുഷ്റ എന്റെയൊപ്പം ഉണ്ട്’ എന്നു പറഞ്ഞു അവതാരകൻ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾക്കൊപ്പം ഇവിടെ 500 സുഹൃത്തുക്കളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ ഒക്ടോബർ 21നു ബിഗ് ടിക്കറ്റ് എടുത്തിരുന്നില്ലേ?’ എന്നായിരുന്നു റിച്ചാർഡിന്റെ അടുത്ത ചോദ്യം. ‘അതേ’ എന്നു സജേഷ് മറുപടി പറഞ്ഞു. ‘ഞങ്ങൾ ഫോൺ വിളിക്കുന്നത്...’ എന്നു റിച്ചാർഡ് പറഞ്ഞു തുടങ്ങുമ്പോഴേക്കും സജേഷ് ഫോൺ‍ കട്ടു ചെയ്തു. പിന്നീട് രണ്ടു തവണ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതാകുമെന്നു അദ്ദേഹം കരുതിക്കാണുമെന്ന് അവതാരകനായ റിച്ചാർഡ് പറഞ്ഞു. നിങ്ങൾ 25 മില്യൺ നേടിയെന്ന രണ്ടു വാക്കു കൂടിയേ എനിക്കു പറയാനുള്ളൂവെന്നു റിച്ചാർഡ് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

ദുബായിൽ താമസിക്കുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിയായ സജേഷിന്റെ പേരിലാണ് ടിക്കറ്റ് എടുത്തിരുന്നത്. ദുബായിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന സജേഷ് നാലു വർഷമായി കൂട്ടുകാരുമൊത്ത് ടിക്കറ്റ് എടുത്തിരുന്നു. 20 പേരും 50 ദിർഹം വീതം മുടക്കിയാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് സജേഷ് പറഞ്ഞു. 245 സീരീസിലെ 316764 എന്ന ടിക്കറ്റ് നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്.

English Summary: Abu dhabi big ticket winner finds his luck in the third free ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT