ആരവങ്ങളിലേക്ക് ആദ്യമെത്തി ജപ്പാൻ

Mail This Article
ദോഹ∙ ലോകകപ്പിന്റെ ആരവങ്ങളിലേക്കു ആദ്യമായി എത്തുന്ന ടീമായി ജപ്പാൻ. പരിശീലകൻ ഹജിമെ മൊറിയാസുവിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ കളിക്കാരുടെ ഒരു സംഘം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. ക്യാപ്റ്റൻ മായാ യോഷിദയും മറ്റു താരങ്ങളും വരും ദിവസങ്ങളിൽ എത്തും.
ജപ്പാന്റെ ടീം ബേസ് ക്യാംപായ ദോഹ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തിയ സംഘത്തെ ഖത്തറിന്റെ വിഖ്യാത പരമ്പരാഗത നൃത്തമായ അർധ അവതരിപ്പിച്ചാണ് വരവേറ്റത്. ജപ്പാന്റെ തനത് വസ്ത്രമണിഞ്ഞ വനിതകളും സ്വീകരിക്കാനുണ്ടായിരുന്നു.
ലോകകപ്പിൽ മത്സരിക്കുന്ന ടീമുകൾക്ക് ടീം ബേസ് ക്യാംപുകളാണ് ഒരുക്കിയിരിക്കുന്നത്. ടൂർണമെന്റിലുടനീളം താമസവും പരിശീലനം ഒരോ സ്ഥലത്തായിരിക്കും. ജപ്പാൻ ടീമിന്റെ പരിശീലനം താമസിക്കുന്ന റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് 5 കിലോമീറ്റർ അപ്പുറം അൽസദ്ദ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ഗ്രൗണ്ടിലാണ്.
ജപ്പാൻ ടീമിന്റെ പരിശീലനം ഇന്ന് തുടങ്ങും. ഈ മാസം 17ന് ദുബായിൽ നടക്കുന്ന സന്നാഹ മത്സരത്തിന്റെ കാനഡയെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം. ലോകകപ്പിൽ ഗ്രൂപ്പ് ഇ യിലുള്ള ടീമിന്റെ ആദ്യ മത്സരം 23ന് ജർമനിയുമായാണ്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്ലാണ് മത്സരം.