യുഎഇയിൽ വൃക്കരോഗികൾ കൂടുന്നു; അഞ്ചിൽ ഒരാൾക്ക് രോഗം

kidney
Representative Image. Photo credit : phugunfire / Shutterstock.com
SHARE

അബുദാബി∙ യുഎഇയിൽ അഞ്ചിൽ ഒരാൾക്ക് വൃക്ക രോഗം പിടിപെടുന്നതായി റിപ്പോർട്ട്. 2 വർഷത്തിനിടെ 4 ലക്ഷത്തിലേറെ രോഗികളിൽ നടത്തിയ പഠനത്തിലാണ് വൃക്കരോഗം അപകടകരമായ നിലയിലേക്കു ഉയർന്നതായി കണ്ടെത്തിയത്.

അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹ 2019 ഡിസംബർ മുതൽ 2021 ഡിസംബർ വരെ നടത്തിയ രക്ത പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധിച്ച 19.1% പേരുടെ വൃക്ക രോഗം രണ്ടാം സ്റ്റേജിലേക്കു കടന്നു. 2.8% ആളുകൾ മൂന്നാം സ്റ്റേജിലും 0.5% പേർ നാലാം സ്റ്റേജിലും 0.4% പേർ അഞ്ചാം സ്റ്റേജിലുമാണെന്നത് വൃക്ക രോഗ വ്യാപനത്തിന്റെ ഉയർന്ന തോത് ചൂണ്ടിക്കാട്ടുന്നു.

അവസാന ഘട്ടത്തിലെത്തിയ വൃക്കരോഗികൾ  അർബുദത്തെക്കാൾ മോശമായ അവസ്ഥയിലാണെന്നും ഇക്കാര്യം മനസ്സിലാക്കാൻ പലർക്കും സാധിക്കുന്നില്ലെന്നും സേഹയിലെ കിഡ്നി കെയർ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ 

പ്രഫ. സ്റ്റീഫൻ ഹോൾട്ട് പറഞ്ഞു. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ വൃക്കരോഗം കൂടുതൽ വഷളാകുമെന്നും സൂചിപ്പിച്ചു. 1 മുതൽ 3 വരെയുള്ള ആദ്യഘട്ടങ്ങളിൽ വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുമെങ്കിലും അവയ്ക്ക് രക്തത്തിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കാനാകും. 4 മുതൽ 5 വരെയുള്ള അവസാന ഘട്ടങ്ങളിൽ വൃക്കകൾ അതികഠിനമായി പ്രവർത്തിച്ചാലേ രക്തം ശുദ്ധീകരിക്കാൻ സാധിക്കൂ.

ഈ ഘട്ടത്തിൽ വൃക്കയുടെ കഠിന ജോലി മൂലം പ്രവർത്തനം പൂർണമായും നിലച്ചേക്കാമെന്നു പ്രഫ. സ്റ്റീഫൻ ഹോൾട്ട് പറഞ്ഞു.  ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് യുഎഇയിൽ വൃക്ക രോഗ നിരക്ക് കൂടുതലാണെന്നും സൂചിപ്പിച്ചു. അമിത ഭക്ഷണം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതും മൂലം പ്രമേഹവും രക്തസമ്മർദവും കൂടിവരുന്നതുമെല്ലാം വൃക്കരോഗത്തിലേക്ക് നയിക്കുന്നതായി ഡോക്ടർമാർ സൂചിപ്പിച്ചു.

ഭക്ഷണത്തിൽ ശ്രദ്ധിക്കണം

കാർബോഹൈഡ്രേറ്റും ഉപ്പും നിറഞ്ഞ ഭക്ഷണം പ്രമേഹവും രക്തസമ്മർദവും പൊണ്ണത്തടിയും ഉണ്ടാക്കും. ഇതു വൃക്കയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും പറഞ്ഞു.

വർഷത്തിലൊരിക്കൽ പരിശോധന

40 വയസ്സു കഴിഞ്ഞവർ വർഷത്തിലൊരിക്കൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം. പ്രമേഹവും രക്തസമ്മർദവും ഉള്ളവർ നിർബന്ധമായും പരിശോധനയ്ക്കു വിധേയമാകണം.

വേദന സംഹാരി അധികം വേണ്ട

ബ്രൂഫെൻ പോലുള്ള വേദന സംഹാരിയുടെ അമിത ഉപയോഗം വൃക്കയുടെ പ്രവർത്തനങ്ങളെ ബാധിക്കും.  ഡോക്ടറുടെ നിർദേശമല്ലാതെ ഇവ കഴിക്കരുത്.

വിവിധ രോഗങ്ങൾക്കായി എഴുതിത്തരുന്ന മരുന്നുകൾ  വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന കാര്യം ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ചോദിച്ചു മനസിലാക്കണമെന്നും ഓർമിപ്പിച്ചു.

English Summary: UAE study raises alarm over high levels of chronic kidney disease.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS