ADVERTISEMENT

അബുദാബി∙ യുഎഇയിൽ ഉൽപാദിപ്പിക്കാത്ത വസ്തുക്കളുടെ ഇറക്കുമതിക്ക് നികുതി ഇളവ് നൽകുന്ന പുതിയ കസ്റ്റംസ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽ വത്തനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നിയമത്തിനു അംഗീകാരം നൽകിയത്.

 

മെയ്ക് ഇൻ ദ് എമിറേറ്റ് പദ്ധതിക്കു ആക്കം കൂട്ടാൻ പുതിയ തീരുമാനം വഴിവയ്ക്കും. നിലവിൽ യുഎഇയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്താൽ വൻതുക നികുതി നൽകേണ്ടിവരും. വ്യവസായങ്ങളിൽ ഉൾപ്പെടുന്നതും യുഎഇയിൽ ലഭ്യമല്ലാത്തതുമായ സാമഗ്രികൾക്കാണ് കസ്റ്റംസ് ഇളവ് നൽകുക. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാൻ ഫാക്ടറികളെ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

 

ഇതോടെ പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനവും ഉറപ്പാക്കുന്നു. മാനവ സമൂഹം നേരിട്ട ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിൽ ഒന്നായ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ രാജ്യത്തോടൊപ്പം പ്രവർത്തിച്ച ആരോഗ്യ, സേവന, ദുരന്ത നിവാരണ വകുപ്പുകൾക്കും  സ്വദേശി, വിദേശി സന്നദ്ധപ്രവർത്തകർക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടാണ് മന്ത്രിസഭായോഗം തുടങ്ങിയത്.  മതിയായ ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്രോതസുകളുടെയും ലഭ്യത ഉണ്ടായിട്ടും ചില മന്ത്രാലയങ്ങളും വകുപ്പുകളും സംഘടനകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നു ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

 

ഭാവിയുടെ ആവശ്യം നിറവേറ്റുന്നതിന് ജീവനക്കാരെ സജ്ജരാക്കാൻ വിദഗ്ധ പരിശീലന പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. പരിസ്ഥിതി സൗഹൃദത്തിൽ ഊന്നി സുസ്ഥിര സാമ്പത്തിക വികസന പദ്ധതിക്കും ഊന്നൽ നൽകും. അടുത്ത വാർഷിക യോഗം 22, 23 തീയതികളിൽ നടത്താനും തീരുമാനിച്ചു.

 

English Summary: UAE Cabinet approves new policy on customs exemption.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com