ADVERTISEMENT

ദോഹ∙ ഖത്തറിന്റെ തനതു കാഴ്ചകളിലേക്ക് എത്തണമെങ്കിൽ സൂഖ് വാഖിഫിലെത്തണം. പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ. പുരാതന വ്യാപാര, വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ് രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. സുവനീർ മുതൽ സുഗന്ധ ദ്രവ്യങ്ങൾ വരെ, ചെറുപക്ഷികൾ മുതൽ ഫാൽക്കണുകൾ വരെ, പരമ്പരാഗത രുചികൾ മുതൽ പാശ്ചാത്യ രുചികൾ വരെ, കുട്ടികൾക്ക് കളിസ്ഥലം, ഫാൽക്കൺ ആശുപത്രി, അൽ കൂത്ത് ഫോർട്ട്, ഒട്ടകങ്ങൾ, കുതിരകൾ, പൊതു കലാസൃഷ്ടികൾ, പീജിയൻ സ്‌ക്വയർ, കലാകാരന്മാർക്ക് കാണാനും ആസ്വദിക്കാനും സിനിമ തിയറ്റർ മുതൽ ആർട് ഗാലറി വരെ ഇങ്ങനെ സൂഖ് വാഖിഫിൽ കാണാനേറെയുള്ളതിനാൽ ഖത്തറിലേക്ക് എത്തുന്ന ഏതൊരു സന്ദർശകനും ആദ്യമെത്തുക ഇങ്ങോട്ടേക്കാണ്. ലോകകപ്പിലും സ്ഥിതി വ്യത്യസ്തമല്ല.

ഇഷ്ട ടീമുകളുടെ ജഴ്സി അണിഞ്ഞ ആരാധകരെ ഇവിടെയെല്ലാം കാണാം. ലോകകപ്പ് കാണാൻ ഒറ്റയ്ക്കെത്തിയവർ. കുട്ടികളും കുടുംബവുമായി എത്തിയവർ. സുഹൃത്തുക്കൾ ചേർന്ന് ഗ്രൂപ്പുകളായി വന്നവർ. ഇങ്ങനെ ആരാധകരുടെ വരവിലുമുണ്ട് വൈവിധ്യം. ടീം ജഴ്സിയണിഞ്ഞും ദേശീയ പതാക പുതച്ചും തലയിൽ ജഴ്സിയുടെ നിറങ്ങളിലുള്ള തൊപ്പികൾ ധരിച്ചും ലോകകപ്പ് ആവേശവുമായി തന്നെയാണ് ഓരോ കാൽവെയ്പും. അതിനിടയിൽ സൂഖിന്റെ ചരിത്രമറിയാൻ എത്തുന്ന  മാധ്യമപ്രവർത്തകരും ധാരാളം. 

സൂഖിലുടനീളം ലോകകപ്പ് അലങ്കാരങ്ങൾ നിറഞ്ഞു കഴിഞ്ഞു. ഖത്തറിന്റെയും ലോകകപ്പിൽ പങ്കെടുക്കുന്ന മറ്റു ടീമുകളുടെയും പതാകകളും കൊടിതോരണങ്ങളും സ്ട്രീറ്റുകളെ വർണാഭമാക്കുന്നു. ഒട്ടകം, ഫാൽക്കൺ, ഒറിക്സ്, കുതിര എന്നിവയുടെ ചെറുതും വലുതുമായ ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ലോകകപ്പ് നിറങ്ങളിലാണ്.ലോകകപ്പ് സുവനീറുകൾ വാങ്ങാൻ സൂഖിലെത്തുന്നവരുടെ തിരക്കുമേറി. 

സൂഖ് വാഖിഫിലെ വില്‍പന നിരത്തുകളില്‍ നി്ന്ന്   ചിത്രം: മനോരമ
സൂഖ് വാഖിഫിലെ വില്‍പന നിരത്തുകളില്‍ നി്ന്ന് ചിത്രം: മനോരമ

പാരമ്പര്യത്തനിമയിൽ

നഗരത്തിനു മധ്യേ സ്ഥിതി ചെയ്യുന്ന ഖത്തറിന്റെ ഏറ്റവും പുരാതന വ്യാപാര കേന്ദ്രമാണിതെന്നതിനാൽ പാരമ്പര്യത്തനിമ ചോരാതെയാണ് സൂഖിന്റെ പ്രവർത്തനവും. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ പഴമ നിലനിർത്തുന്നു.

പരമ്പരാഗത ഖത്തരി വസ്ത്രമാണ് ഇവിടുത്തെ മിക്ക വിൽപന ശാലകളിലെയും ജീവനക്കാരുടെയും വേഷം. പ്രത്യേകിച്ചും സ്വദേശികൾ നേരിട്ട് നടത്തുന്ന വിൽപന കേന്ദ്രങ്ങളിൽ. ഖത്തറിന്റെ ആതിഥേയ പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതാണ് വിൽപന ശാലകൾക്കുളളിലെ ഡിസൈനും ക്രമീകരണങ്ങളും.  ചെറിയ ഉന്തുവണ്ടികളിൽ കടകളിലേയ്ക്കുള്ള സാധനങ്ങളുമായി പോകുന്നവർക്കും പഴയകാല ശൈലിയിലുള്ള യൂണിഫോം തന്നെയാണ്. ലോകകപ്പ് ആരാധകരെ ആകർഷിക്കുന്നതും ഈ പാരമ്പര്യത്തനിമ നിറഞ്ഞ കാഴ്ചകൾ തന്നെ.

വ്യത്യസ്തം ഈ സ്ട്രീറ്റ് മാർക്കറ്റ്

ഇവിടുത്തെ സ്ട്രീറ്റ്  മാർക്കറ്റാണ് മറ്റൊരു ആകർഷണം. പ്രധാന സ്ട്രീറ്റിന്റെ ഇടനാഴികളിലേക്ക് കയറുമ്പോഴാണു സുഗന്ധവ്യജ്ഞനങ്ങളുടെയും അറബിക് സ്വീറ്റുകളുടെയും വിൽപനശാലകളുള്ളത്. സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന കരകൗശല ഉൽപന്നങ്ങൾ, വിളക്കുകൾ, കോഫി പോട്ടുകൾ, ചെറുതും വലുതുമായ സോവനീറുകൾ, ചെറു പായ്ക്കപ്പലുകൾ എന്നിവയുടെ വിൽപന ശാലകളും റസ്റ്ററന്റുകളുടെ ഔട്ട്ഡോർ സംവിധാനങ്ങളും നല്ലൊരു കാഴ്ചയാണ്. 

റസ്റ്ററന്റുകളുടെ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പുറത്ത്  തീൻമേശയിൽ തിരക്കിന് നടുവിൽ ചുറ്റിനുമുള്ള കാഴ്ചകൾ കണ്ട്  ഭക്ഷണം ആസ്വദിക്കാനാണ്  ഭൂരിഭാഗം പേർക്കും ഇഷ്ടം. 

സൂഖിലെ കാഴ്ചകൾ കണ്ടു വെറുതെ നടക്കുന്നവർ മാത്രമല്ല സുവനീർ കടകളിൽ കയറി  ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും അറിയാൻ ശ്രമിക്കുന്ന ആരാധകരും ഏറെയുണ്ടെന്ന് വിൽപനശാലകളിലെ ജീവനക്കാർ പറയുന്നു. ഭക്ഷണരുചികൾ തേടിയെത്തുന്നവരുമുണ്ട്. 

ആന്റിക് ഷോറൂമുകളിലെ തുർക്കിഷ് വിളക്കുകളും സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. ലോകകപ്പ് പ്രമാണിച്ച് സൂഖിന്റെ പ്രവർത്തനം 24 മണിക്കൂറായതോടെ  പുലരുവോളം  ലോകകപ്പ് ചർച്ചകൾ സജീവമാക്കിയും ഷീഷ വലിച്ചും അറബിക് രുചികൾ ആസ്വദിച്ചും ഇവിടെ ലോകകപ്പ് സന്ദർശകരുടെ തിരക്കേറി കഴിഞ്ഞു. 

 

തൊട്ടപ്പുറത്തുള്ള ദോഹ കോർണിഷിലെ അത്യാധുനിക കാഴ്ചകളിൽ നിന്ന് നഗരത്തിനു നടുവിലെ പുരാതന മാർക്കറ്റിലേക്ക് എത്തുന്നത് വേറിട്ട അനുഭവമാണ് സമ്മാനിക്കുക.

English Summary: Souq Waqif to operate 24 hours daily during World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com