ദുബായ്∙ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബായ് റണ്ണിൽ നാനൂറിലധികം ജീവനക്കാരെ പങ്കെടുപ്പിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മൾട്ടി നാഷണൽ കൺസോർഷ്യമായ ഏരീസ് ഗ്രൂപ്പ്. ജീവനക്കാർക്ക് സന്തോഷം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപനത്തിൽ ആരംഭിച്ച ഹാപ്പ്നസ്സിനു വേണ്ടിയുള്ള പ്രത്യേക ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് ജീവനക്കാർ 'ദുബായി റണ്ണി'ൽ പങ്കാളികളായത്. ദുബായ് കിരീടാവകാശി ഹിസ് ഹൈനസ്സ് ഹംദാൻ ബിൻ മുഹമ്മദ് മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ച് ആറാം വർഷം കൂടിയാണ് ഇത്. 30 മിനിറ്റ് വീതം 30 ദിവസം ഫിറ്റ്നസ്സിനായി നീക്കി വയ്ക്കുക എന്ന ലക്ഷ്യമാണു ദുബായ് ഫിറ്റ്നസ് ചലഞ്ചിലൂടെ അധികൃതർ ഈ വർഷം മുന്നോട്ടു വയ്ക്കുന്നത്.
ഇതിന്റെ ഭാഗമാകാൻ സാധിച്ചതിൽ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നു ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ് പറഞ്ഞു. ആരോഗ്യമാണ് ഏറ്റവും വലിയ ധനം എന്ന അവബോധം ജീവനക്കാരിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമാണ് ഭൂരിപക്ഷം ജീവനക്കാരെയും ഈ ഫിറ്റ്നെസ്സ് ചലഞ്ചിൽ പങ്കെടുപ്പിക്കുന്നതിന്റെ ഉദ്ദേശമെന്ന് ഏരീസ് ഗ്രൂപ്പിന്റെ പ്രോഗ്രാം ഡയറക്ടർ സുധീർ ബദർ പറഞ്ഞു.
സ്ഥാപനത്തിലെ നാനൂറിലധികം ജീവനക്കാരാണ് അവരുടെ കുടുംബങ്ങളും കുട്ടികളുമുൾപ്പെടെ ദുബായ് റണ്ണിൽ പങ്കെടുത്തത്.
മത്സരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്കായി പ്രത്യേക 'ഏരീസ് @25 ജഴ്‌സി'കളും തയാറാക്കി. പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടയോട്ട പരിപാടിയായി ദുബായ് റൺ വിലയിരുത്തപ്പെടുന്നു.
നഗരത്തിലെ സൂപ്പർ ഹൈവേയായ 'ഷെയ്ഖ് സായിദ് റോഡ്', ഈ ഇവന്റിന്റെ ഭാഗമായി ഒരു ഭീമൻ റണ്ണിംഗ് ട്രാക്കായി മാറിക്കഴിഞ്ഞിരുന്നു.
ജീവനക്കാർക്കായി നിരവധി അവബോധ പരിപാടികളാണ് ഏരീസ് ഗ്രൂപ്പ് സംഘടിപ്പിച്ചു വരുന്നത്.ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് നിരവധി സെമിനാറുകൾ ഇതിനകം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ജീവനക്കാരുടെയും ആരോഗ്യ പരിശോധന ആറുമാസം കൂടുമ്പോൾ നിർബന്ധമാണ്. മൈൻഡ് റിലാക്സേഷൻ രീതികളും ശാരീരിക വ്യായാമങ്ങളും പരിശീലിപ്പിക്കാറുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സ്ഥിരമായി രക്തദാന ക്യാംപുകളും സ്ഥാപനം നിരന്തരം സംഘടിപ്പിക്കുന്നു.