ADVERTISEMENT

ദുബായ്∙ ആരോഗ്യമുള്ള ശരീരവും മനസ്സുമാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ അടിസ്ഥാനമെന്ന സന്ദേശം ഹൃദയത്തിലുറപ്പിച്ചു ദുബായ്. കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ഫിറ്റ്നസ് ചാലഞ്ചിനെ ഏറ്റെടുത്ത ദുബായിലെ ജനങ്ങൾ ഷെയ്ഖ് സായിദ് റോഡിനെ മനുഷ്യസാഗരമാക്കിയാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്. വ്യായാമം ശീലമാക്കി ആരോഗ്യമുള്ള ശരീരം ഉറപ്പാക്കുമെന്നു പ്രതിജ്ഞയെടുത്താണ് ഓരോരുത്തരും ദുബായ് റണ്ണിനു ശേഷം മടങ്ങിയത്. ദുബായിലെ ഏറ്റവും തിരക്കേറിയ ഷെയ്ഖ് സായിദ് റോഡ് ‍‍ഞായറാഴ്ച ഒരു റണ്ണിങ് ട്രാക്കായി രൂപം മാറി. മുന്നിൽ ഷെയ്ഖ് ഹംദാൻ, പിന്നിൽ 1.93 ലക്ഷം ജനങ്ങൾ. മനുഷ്യ സാഗരത്തെ ഉൾക്കൊള്ളാൻ ഷെയ്ഖ് സായിദ് റോഡ് മതിയാകാതെ വന്നു. 

ലോകത്തിലെ ഏറ്റവും വലിയ ഫ്രീ ഫൺ റൺ എന്നറിയപ്പെടുന്ന ദുബായ് റണ്ണിൽ മലയാളികളടക്കം പ്രവാസികളും അണി ചേർന്നു. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തിനായി ഷെയ്ഖ് ഹംദാന്റെ ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായിരുന്നു ദുബായ് റൺ. പുലർച്ചെ 3 മുതൽ ജനം അണമുറിയാതെ ഒഴുകി. ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ഹൈവേകളിൽ ഒന്നായ ഷെയ്ഖ് സായിദ് റോഡിൽ ഇന്നലെ മനുഷ്യ മഹാ സാഗരം ഇരമ്പി. വാഹനങ്ങളെ പുറത്താക്കി ജനം ഇരച്ചു കയറി. ദുബായ് റണ്ണിന്റെ നാലാം പതിപ്പായിരുന്നു ‍ഞായറാഴ്ചത്തേത്.

ദുബായിയെ ലോകത്തിലെ ഏറ്റവും ചലനാത്മക നഗരമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ദുബായ് റൺ ചുവടുറപ്പിച്ചത്. ഫ്യൂച്ചർ മ്യൂസിയത്തിനു മുന്നിൽ നിന്നാണ് ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. 5 കിലോമീറ്റർ, 10 കിലോമീറ്റർ വിഭാഗത്തിലായിരുന്നു ഓട്ടം. 5 കിലോമീറ്റർ ഓട്ടക്കാർ ദുബായ് മാൾ, ദുബായ് ഓപ്പറാ, ബുർജ് ഖലീഫ എന്നിവ പിന്നിട്ട് ഓട്ടം അവസാനിപ്പിച്ചു.

10 കിലോമീറ്റർ ഓട്ടക്കാർ ഷെയ്ഖ് സായിദ് റോഡ് ദുബായ് കാനാൽ പിന്നിട്ടു, ദുബായ് വേൾഡ് ട്രേഡ് സെന്ററും കടന്ന് ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനു സമീപം അൽ മുസ്താക്ബാൽ സ്ട്രീറ്റിലാണ് അവസാനിപ്പിച്ചത്.

പൗരന്മാരും പ്രവാസികളും സന്ദർശകരും അടക്കം ആരോഗ്യകരമായ ജീവിതത്തോടു കാണിക്കുന്ന പ്രതിബദ്ധത ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ വിജയമാണെന്നു ഷെയ്ഖ് ഹംദാൻ പറഞ്ഞു. എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നാൽ എന്തെല്ലാം നേടാമെന്നതിന്റെ ഉദാഹരണമാണ് ദുബായ് റണ്ണിന്റെ വിജയം. ജോലി ചെയ്യാനും ജീവിക്കാനും വിനോദ സഞ്ചാരത്തിനും സാധിക്കുന്ന ഏറ്റവും മികച്ച സ്ഥലമാണ് ദുബായ് എന്ന് ഇതിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 

ദുബായ് ഫിറ്റ്നസ് ചാലഞ്ച് അവസാനിക്കാൻ ഒരാഴ്ച കൂടി ബാക്കിയുണ്ട്. സൗജന്യമായി ഫിറ്റ്നസ് കേന്ദ്രങ്ങൾ ഉപയോഗിക്കാനുള്ള അവസരം ഒരാഴ്ച കൂടി പ്രയോജനപ്പെടുത്താം. ഡിപി വേൾഡിന്റെ കൈറ്റ് ബീച്ചിലും അൽ ഖവനീജിലും സൗജന്യമായി ഫിറ്റ്നസ് വില്ലേജുകൾ ഉപയോഗിക്കാം. ആരോഗ്യ സംബന്ധമായ ക്ലാസുകൾക്കും കൂടുതൽ വിവരങ്ങൾക്കും  www.dubaifitnesschallenge.com സന്ദർശിക്കാം. 

English Summary :  193,000 participants join world's largest free run Dubai Run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com