ADVERTISEMENT

അബുദാബി∙ യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്. കുട്ടികളെ അവഗണിക്കുന്നതും ഉപേക്ഷിക്കുന്നതും യുഎഇയിൽ ശിക്ഷാർഹമായ കുറ്റമാണ്.

രക്ഷിതാവിന്റെ പരിചരണത്തിലുള്ള കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നത് അവരോടുള്ള അവഗണനയായി കണക്കാക്കി നടപടി എടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. നിയമലംഘകർക്ക് തടവോ 5,000 ദിർഹം (1.11 ലക്ഷം രൂപ) പിഴയോ ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഇതേസമയം ഒരു കുട്ടി  ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ഇ-ഗെയിം കളിക്കുമ്പോഴും മാർഗനിർദേശം നൽകേണ്ട കടമ രക്ഷിതാവിനുണ്ട്.

കുട്ടികളെ ദുരുപയോഗം ചെയ്യുക, പോഷകാഹാരം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ നൽകാതിരിക്കുക, അവഗണിക്കുക എന്നിവയും ബാലാവകാശ നിയമം (വദീമ ലോ) അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്. കുട്ടികൾക്ക് പുകയില, മദ്യം ഉൾപ്പെടെ ലഹരി വസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും കുറ്റകരമാണ്. അവരുടെ മുന്നിൽവച്ച് പുക വലിക്കുകയോ ആരോഗ്യത്തിന് ഹാനികരമായ മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യരുത്. 

കുറ്റകൃത്യങ്ങൾക്കും ഹിംസയ്ക്കും പ്രേരണയാകുന്ന ഓൺലൈൻ ഗെയിമുകളിൽ നിന്ന് അവരെ അകറ്റണമെന്നും ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതോടൊപ്പം അവരുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ്.

കുട്ടികൾക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം, നീതി, സമത്വം, സഹിഷ്ണുത, സദാചാര മൂല്യങ്ങൾ എന്നിവ സമയബന്ധിതമായി പറഞ്ഞു മനസ്സിലാക്കണം. കുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടെന്നു പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സദാചാര വിരുദ്ധ പ്രവർത്തനങ്ങളും പൊതുനിയമ ലംഘനവും വച്ചുപൊറുപ്പിക്കില്ല.

മറ്റു കുറ്റകൃത്യങ്ങൾ

കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുക, ബാലവേല ചെയ്യിക്കുക, അവരുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുക, ശാരീരിക, മാനസിക ആരോഗ്യം സംരക്ഷിക്കാതിരിക്കുക, ഹാനികരമായ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നീ നിയമലംഘനങ്ങൾക്ക് തടവും 20,000 ദിർഹം (4.44 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ.  

ശാരീരിക, മാനസിക പീഡനം

കുട്ടികൾക്കെതിരെയുള്ള ശാരീരിക, മാനസിക പീഡനങ്ങൾക്ക് തടവും 5000 (1.11 ലക്ഷം രൂപ) മുതൽ 10 ലക്ഷം ദിർഹം (2.22 കോടി രൂപ) വരെ പിഴയും ശിക്ഷയുണ്ട്. 

അശ്ലീലത്തിന് തടവും പിഴയും

കുട്ടികൾക്കിടയിൽ അശ്ലീല ദൃശ്യം, ചിത്രം, ശബ്ദസന്ദേശം, വിഡിയോ, ഗെയിം എന്നിവ പ്രചരിപ്പിക്കുന്നതും നിരോധിച്ചു.  നിയമ ലംഘകർക്ക് ഒരു വർഷം തടവോ ഒരു ലക്ഷം (22.2 ലക്ഷം രൂപ) മുതൽ നാലു ലക്ഷം ദിർഹം (88.9 ലക്ഷം രൂപ) വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും.

English Summary : Abu Dhabi judiicial department against mistreating children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com