ADVERTISEMENT

അബുദാബി∙ ഊർജം, വ്യാപാരം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യ–യുഎഇ സഹകരണം പുതിയ തലത്തിലേക്ക്. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. മേഖലാ, രാജ്യാന്തര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

 

സെപ്റ്റംബറിൽ യുഎഇയിൽ നടന്ന 14-ാമത് സംയുക്ത സമിതി യോഗത്തിനു ശേഷം വിവിധ മേഖലകളിലെ സഹകരണത്തിന്റെ പുരോഗതി മന്ത്രിമാർ വിലയിരുത്തി. വ്യാപാരം, നിക്ഷേപം, നയതന്ത്രം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ എന്നിവയിലെ പുരോഗതിയെ ഇരുവരും അഭിനന്ദിച്ചു.  തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ച് ചരിത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ആരാഞ്ഞു. സാമ്പത്തിക, ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കും. 

 

മേയിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) അടിസ്ഥാനത്തിലായിരുന്നു ചർച്ചകൾ. സെപ പ്രകാരം വ്യാപാരത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി ഇരു മന്ത്രിമാരും പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലെ  വ്യാപാരം 6,000 കോടി ഡോളറിൽനിന്ന് (4.5 ലക്ഷം കോടി രൂപ) 5 വർഷത്തിനകം 10,000 കോടി ഡോളർ (7.5 ലക്ഷം കോടി രൂപ) ആക്കുകയാണു ലക്ഷ്യം.

 

ആരോഗ്യ സംരക്ഷണം, പ്രതിരോധം, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം, വൈദഗ്ധ്യം, ഫിൻടെക്, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ച ചെയ്തു. ദിർഹത്തിലും രൂപയിലും വ്യാപാരം നടത്തുന്നതിനെ കുറിച്ചും 35 ലക്ഷത്തിലേറെ വരുന്ന പ്രവാസി ഇന്ത്യക്കാർക്ക് പണമയക്കുന്നതിനു യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്തു.

 

യുഎസിനും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 24% വർധിച്ച് 1600 കോടി ഡോളറായി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 38% വർധിച്ച് 2840 കോടി ഡോളറിൽ എത്തിയതായും മന്ത്രിമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com