ADVERTISEMENT

അൽ െഎൻ ∙ കാനഡയ്ക്ക് തൊഴിൽ വീസ നൽകാമെന്ന് വാഗ്ദാനം നൽകി ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തവരെ തേടി മലയാളി യുവതി യുഎഇയിൽ. തൃശൂർ ഗുരുവായൂർ സ്വദേശിനി ഷൈനി സുരേഷ് ആണ് പണം തിരിച്ചുകിട്ടാനും തട്ടിപ്പുകാരെ നിയമത്തിന് മുൻപിലെത്തിക്കാനും സന്ദർശക വീസയിൽ യുഎഇയിലെത്തി പോരാട്ടം നടത്തുന്നത്.  മലയാളികളടക്കമുള്ള ഇന്ത്യക്കാരും പാക്കിസ്ഥാൻ സ്വദേശികളും ഇതേ സംഘത്തിന്റെ തട്ടിപ്പിനിരയാടിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്ന് ഷൈനി പറയുന്നു. 

വർഷങ്ങളോളം കുവൈത്തിലും ഖത്തറിലും അക്കൗണ്ടിങ് ജോലി ചെയ്തിരുന്ന 50കാരി  2019 ജൂണിൽ സമൂഹ മാധ്യമത്തില്‍ കണ്ട വ്യാജ പരസ്യത്തില്‍ ചെന്നു ചാടിയതാണ് കുഴപ്പങ്ങൾക്ക് കാരണമായത്. ബികോം ബിരുദവും എച്ച്ഡിസി സർടിഫിക്കേറ്റും നേടിയിട്ടുള്ള ഷൈനി എട്ട് വർഷത്തോളം കുവൈത്തിലും 3 വർഷത്തോളം ഖത്തറിലും ജോലി ചെയ്തിരുന്നു. തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി ഒരു ആശുപത്രിയിൽ ജോലി ചെയ്യവെയാണ് ഫെയ്സ് ബുക്കിൽ കാനഡയില്‍ ജോലി എന്ന പരസ്യം കണ്ടത്.

ദുബായ് ആസ്ഥാനകേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിയുമായി ഇ–മെയിലിലൂടെ ബന്ധപ്പെട്ടപ്പോൾ വളരെ പെട്ടെന്ന് കാനഡയിലേക്കുള്ള തൊഴിൽ വീസ ശരിയാകുമെന്നും ഇതിനായി 7,350 ദിർഹം (ഇന്നത്തെ മൂല്യമനുസരിച്ച് 1,63,000 രൂപ) അടയ്ക്കണമെന്നും പാലക്കാട് സ്വദേശിനി സ്വപ്ന എന്ന പേരിലുള്ള സ്ത്രീ മറുപടി നൽകി. (ഇത് വ്യാജ പേരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു). ഇതനുസരിച്ച് വായ്പയെടുത്തും മറ്റും ഷൈനി 350 ദിർഹം അടച്ചു. ഇതിന്റെ രസീതും മറ്റു രേഖകളും ഇ മെയിലൂടെ ലഭിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും വീസ സംബന്ധമായി യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടർന്ന് വീണ്ടും ഇ–മെയിൽ അയച്ചപ്പോൾ വീസ നടപടികൾ പൂർത്തിയായി വരുന്നുവെന്ന് പ്രൊസസിങ് ഒാഫിസറുടെ പേരിൽ മറുപടി ലഭിച്ചു. എന്നാൽ, വർഷം മൂന്ന്  പിന്നിട്ടിട്ടും തീരുമാനമായില്ല. പിന്നീട് കുറച്ച് കർക്കശമായി മെയിലയച്ചപ്പോൾ, മോശം വാക്കുകൾ ഉപയോഗിച്ച് മെയിലയച്ചതിനാൽ താങ്കളുടെ ഫയൽ ക്ലോസ് ചെയ്തു എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷൈനി പറയുന്നു.

shiny-suresh

പരാതികൾക്ക് കടലാസുവില

ഇതേ തുടർന്ന് ഷൈനി കേരളത്തിലെ യുഎഇ എംബസിയിലും കേരള ഡിജിപി, വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ, പ്രധാനമന്ത്രി, ഗുരുവായൂർ പൊലീസ് എന്നിവർക്ക് പരാതി നൽകി. എന്നാൽ, ആരിൽ നിന്നും മറുപടി ലഭിച്ചില്ല.  മറ്റൊരു രാജ്യത്തെ തട്ടിപ്പുകാരെ പിടികൂടാൻ തങ്ങൾക്കാവില്ലെന്ന് ഗുരുവായൂർ പൊലീസും കൈയൊഴിഞ്ഞു. ഗുരുവായൂർ പൊലീസ് എഫ്‌ഐആർ എടുക്കാൻ പോലും തയാറായില്ലെന്ന് ഷൈനി ആരോപിക്കുന്നു.  വായ്പ തിരിച്ചടക്കാൻ ബുദ്ധിമുട്ടിയപ്പോഴാണ് മക്കളില്ലാത്ത ഷൈനി യുഎഇയിലേയ്ക്ക് വിമാനം കയറിയത്. ദുബായ് ബിസിനസ് ബേയ്ക്കടുത്തെ തട്ടിപ്പുകാരുടെ ഒാഫിസ് കണ്ടെത്തി നേരിട്ട് ചെന്നപ്പോൾ അവിടെ കന്യാകുമാരി ജില്ലക്കാരനായ ഒരു യുവാവും രണ്ട് സ്ത്രീകളും മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങള്‍ക്ക് ഇതേക്കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. കുറേ നേരം കാത്തിരുന്നിട്ടും മറ്റാരുമെത്താത്തപ്പോൾ നേരെ ബർദുബായ് പൊലീസിൽ പരാതിയുമായി ചെന്നു. കോടതിയെ സമീപിക്കാനായിരുന്നു പൊലീസിന്റെ നിർദേശം. എന്നാൽ കേസ് നടത്താൻ കൈയിൽ പണമൊന്നുമില്ലാത്തതിനാൽ അതിന് മുതിർന്നിട്ടില്ല.

അൽ െഎനിലെ സഹോദരിയുടെ മകളുടെ കൂടെയാണ് ഷൈനി ഇപ്പോൾ താമസിക്കുന്നത്. 2023 ജനുവരി 12 വരെയാണ് സന്ദർശക വീസയുടെ കാലാവധി. അതിന് മുൻപ് നഷ്‌ടപ്പെട്ട പണം തിരിച്ചുപിടിച്ച് ഒരു ജോലി കണ്ടെത്തി യുഎഇയിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇതിന് സഹായിക്കാൻ യുഎഇയിലെ നിയമവും സാമൂഹിക പ്രവർത്തകരും ജോലി നൽകാൻ ഏതെങ്കിലും കമ്പനിയും മുന്നോട്ട് വരുമെന്ന് തന്നെയാണ് പ്രതീക്ഷ.

കാനഡ വീസ; തട്ടിപ്പിനിരയായി ഒട്ടേറെ പ്രവാസികൾ

കാന‍ഡയിൽ തൊഴിൽ വീസ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പിനിരയായത് മലയാളി യുവതികളടക്കം ഒട്ടേറെ ഇന്ത്യക്കാർ. തന്റെ വാക്കുകൾ കേട്ട് മാത്രം മൂന്ന് മലയാളികൾ ഇതേ സംഘത്തിന് ഒന്നര ലക്ഷത്തിലേറെ രൂപ നൽകിയതായി ഷൈനി പറയുന്നു. ഇവരടക്കം 15 പേരുടെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി എല്ലാവരും നിത്യേന പരസ്പരം ബന്ധപ്പെടുന്നു. കൂടാതെ, തട്ടിപ്പിനിരയായ പാക്കിസ്ഥാനികളടക്കമുള്ള 25 പേരുടെ മറ്റൊരു വാട്സ് ആപ്പ് ഗ്രൂപ്പുമുണ്ട്. ഇവരെല്ലാം തങ്ങളുടെ പണം തിരിച്ചു വാങ്ങാനുള്ള പ്രയത്നത്തിലാണ്. ഇവരിൽ പലരും ബിസിനസ് ബേയിലെ തട്ടിപ്പുകാരുടെ ഒാഫിസിൽ ചെന്നപ്പോൾ, വീസ റദ്ദാക്കി നാട്ടിലേക്ക് വിടുമെന്ന ഭീഷണിയാണ് അവിടെയുണ്ടായിരുന്നവർ നടത്തിയത്.

English Summary : Keralite woman reaches UAE in search of those who duped her for Canada work visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com