ADVERTISEMENT

അബുദാബി∙ യുഎസ് ആസ്ഥാനമായുള്ള എവർസൈറ്റുമായി ചേർന്ന് യുഎഇയിൽ ആദ്യത്തെ നേത്ര, ടിഷ്യൂ ബാങ്ക് സ്ഥാപിക്കുന്നു. ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തി എല്ലാവിഭാഗം രോഗങ്ങൾക്കും സമഗ്ര ചികിത്സ രാജ്യത്തു ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

 

ഇതുസംബന്ധിച്ച്  അബുദാബി ആരോഗ്യവിഭാഗം (ഡിഒഎച്ച്) എവർ സൈറ്റുമായി ധാരണാപത്രം ഒപ്പുവച്ചു. കണ്ണു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ സമഗ്ര നേത്ര ചികിത്സ ഉറപ്പുവരുത്തും. ഡിഒഎച്ച് ചെയർമാൻ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദിന്റെ സാന്നിധ്യത്തിൽ എവർസൈറ്റ് ഗ്ലോബൽ ‍ഡവലപ്‌മെന്റ് ഡയറക്ടർ കാരി വോൾവർട്ടനും ആരോഗ്യവിഭാഗം അണ്ടർ സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബിയും കരാറിൽ ഒപ്പുവച്ചു.

 

ഇരു സ്ഥാപനങ്ങളുമായി സഹകരിച്ച് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കണ്ണ്, കോർണിയ, ടിഷ്യു തുടങ്ങിയവ ലഭ്യമാക്കാൻ നേത്ര ബാങ്ക് പ്രവർത്തിക്കും. യുഎഇയുടെ ദേശീയ അവയവ ദാന പദ്ധതിയിലേക്ക് നേത്ര, ടിഷ്യൂ ബാങ്കിനെ കൂടി ഉൾപ്പെടുത്തുമെന്നു അൽകാബി പറഞ്ഞു.രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന് സമഗ്ര മെഡിക്കൽ ചട്ടക്കൂട് എവർസൈറ്റ് വികസിപ്പിക്കും. യുഎഇയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമായാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല.

 

ഇതുവഴി വിലപ്പെട്ട സമയവും ധനവും ലാഭിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണത്തിൽ അബുദാബിയുടെ സ്ഥാനം ഉയർത്തുന്നതിനും പദ്ധതി സഹായകമാകും.മരണശേഷം അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടുനൽകണമെന്നു അൽകാബി ജനങ്ങളോട് ആവശ്യപ്പെട്ടു.

 

ഇരുൾമൂടിയവർക്ക് പ്രകാശം നിറഞ്ഞ ജീവിതം സമ്മാനിക്കുന്നതോടൊപ്പം അന്ധതയില്ലാത്ത ലോകമാണ് ലക്ഷ്യമെന്ന് എവർസൈറ്റ് ഗ്ലോബൽഡവലപ്‌മെന്റ് ഡയറക്ടർ എറിക് ഹെല്ലിയർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com