യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം 27% വർധിച്ചു

office-job
Representative Image. Photo Credit: G-Stock Studio/ Shutterstock.com
SHARE

ദുബായ്∙ രാജ്യത്ത് ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം 27% വർധിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 26,000 ആയി. സ്വകാര്യ മേഖലയിൽ ഓരോ വർഷവും സ്വദേശികൾക്കു 22,000 നിയമനങ്ങളാണ് സ്വദേശിവൽക്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്.

അടുത്ത 5 വർഷത്തിനുള്ളിൽ സ്വദേശികളായ വനിതകളടക്കം 1.70 ലക്ഷം പേർക്കു സ്വകാര്യ മേഖലകളിൽ ജോലി നൽകും. വിദഗ്ധ തൊഴിലാളികൾക്കുള്ള തസ്തികകളിൽ നിയമിക്കുന്ന ഒരു സ്വദേശിക്ക് 14,000 ദിർഹമാണ് ശരാശരി വേതനം. നിയമനം ലഭിച്ച 97% സ്വദേശികളും മികച്ച തസ്തികകളിലാണു ജോലി ചെയ്യുന്നത്. സ്വദേശികൾക്കു സ്വകാര്യ മേഖലയിൽ നിയമനം വേഗത്തിലാക്കാൻ 2021ൽ സർക്കാർ രൂപീകരിച്ച നാഫിസ് വഴിയാണ് നിയമനങ്ങൾ.

ബിസിനസ് സേവന സ്ഥാപനങ്ങൾ, വ്യാപാര, വാണിജ്യ രംഗം, സാമ്പത്തിക വ്യവഹാരത്തിലെ ഇടനനിലക്കാർ എന്നിവയ്ക്ക് പുറമെ വിവിധ സേവന മേഖലയിലും സ്വദേശികൾ നിയമനം നേടി. 50 വിദഗ്ധ തൊഴിലാളികൾ ഉണ്ടായിട്ടും സ്വദേശിവൽക്കരണം കാര്യക്ഷമാക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അധികൃതരുടെ കണ്ണിൽ പൊടിയിടാൻ വ്യാജ നിയമനങ്ങൾ നടത്തിയാൽ 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ്‌ പിഴ. സ്വദേശിവൽക്കരണ സംവിധാനം മറികടക്കാൻ ശ്രമിച്ചതായി കണ്ടെത്തിയാലും ഇതേ തുകയാണ് പിഴ ചുമത്തുകയെന്നും മന്ത്രാലയം അറിയിച്ചു.

തൊഴിലാളി ക്ഷേമമില്ലെങ്കിൽ പെർമിറ്റ് പോകും

ദുബായ്∙ മനുഷ്യക്കടത്തിനു കൂട്ടു നിൽക്കുകയോ തൊഴിലാളികൾക്ക് കൃത്യമായ താമസ സൗകര്യം ഒരുക്കാതിരിക്കുകയോ ചെയ്യുന്ന കമ്പനികളുടെ പ്രവർത്തന അനുമതി റദ്ദാക്കുമെന്നു മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രധാനമായും 4 സാഹചര്യങ്ങളിലാണ് കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ നടപടി ഉണ്ടാവുക:

∙ കൃത്യമായ ഫീസും പിഴയും അടയ്ക്കാതിരിക്കുക. 

∙ തൊഴിലാളികൾക്ക് കൃത്യമായ താമസ സൗകര്യം ഒരുക്കാതിരിക്കുക. ഈ സാഹചര്യത്തിൽ, താമസ സൗകര്യം ഒരുക്കും വരെ പെർമിറ്റ് തിരികെ ലഭിക്കില്ല

∙ മനുഷ്യക്കടത്ത് ആരോപണം നേരിട്ടാണ്. ഇത്തരം കേസുകളിൽ കമ്പനി നിരപരാധിത്വം തെളിയിക്കും വരെ പെർമിറ്റ് പുനഃസ്ഥാപിച്ചു കിട്ടില്ല. രണ്ടു വർഷം വരെ സസ്പെൻഷൻ നീളാം. തെറ്റ് ചെയ്തു എന്ന ബോധ്യപ്പെട്ടാൽ കമ്പനിയുടെ പ്രവർത്തനാനുമതി സ്ഥിരമായി നഷ്ടപ്പെടും. 

∙ മന്ത്രാലയവുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി ലഭിച്ച ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്താലും പെർമിറ്റ് നഷ്ടപ്പെടും. 6 മാസം വരെ പെർമിറ്റ് നഷ്ടപ്പെടാം.

English Summary: Emiratisation in private sector increased by 27 percent this year

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS