ADVERTISEMENT

ദോഹ∙ പൈതൃകവും സംസ്‌കാരവും കോർത്തിണക്കിയുള്ള ഖത്തർ ദേശീയദിനാഘോഷങ്ങൾക്ക് ഉംസലാലിലെ ദർബ് അൽസായിയിൽ ദേശീയ പതാക ഉയർത്തി തുടക്കം.സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്‌മാൻ ബിൻ ഹമദ് അൽതാനി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമൈഖ് അൽമാരിയും ദേശീയ ദിനാഘോഷങ്ങൾക്കായി രൂപീകരിച്ച സംഘാടകസമിതി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും അതിഥികളും പങ്കെടുത്തു.  ഖത്തർ ദേശീയ ദിനമായ ഡിസംബർ 18വരെ 24 ദിവസങ്ങളിലായി 4,500 സാംസ്‌കാരിക, പൈതൃക, കലാ, കായിക വിനോദപരിപാടികൾ ഇവിടെ അരങ്ങേറും. 

ഐക്യമാണ് ശക്തിയുടെ ഉറവിടം എന്ന ദേശീയ ദിന മുദ്രാവാക്യത്തെ അന്വർഥമാക്കുന്നവിധത്തിലാണ് ആഘോഷങ്ങൾ നടക്കുക. ഫിഫ ലോകകപ്പിനോടനുബന്ധിച്ചാണ് ഇത്തവണത്തെ ദേശീയദിനാഘോഷങ്ങളെന്നതും ശ്രദ്ധേയം. സന്ദർശകർക്കായി എല്ലാ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളും ഉയർന്ന നിലവാരത്തിലുളള പൊതു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഖത്തർ ഫോട്ടോഗ്രഫി സെന്റർ സംഘടിപ്പിക്കുന്ന ഇവന്റിൽ 30 ഫോട്ടോഗ്രാഫർമാരുടെ പങ്കാളിത്തമുണ്ടാകും. മരുഭൂമിയുടെ ജീവിതത്തെയും കവികളെയും കഥാകാരൻമാരെയും ചിത്രീകരിക്കുന്ന അൽഅദാബ് പരിപാടിയും അരങ്ങേറും. 

സാംസ്‌കാരിക മന്ത്രാലയത്തിലെ മ്യൂസിക് അഫയേഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ സംഗീതപരിപാടിയുമുണ്ടാകും. 

ഒന്നരലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ദർബ് അൽസായിലെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മുൻവർഷങ്ങളിലെ ദേശീയദിനാഘോഷ വേദിയെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ സന്ദർശകർ ദർബ് അൽ സായിയിലേക്ക് എത്തുമെന്നത് കണക്കിലെടുത്താണ് സ്ഥലസൗകര്യം വികസിപ്പിച്ചത്. സന്ദർശകർക്കും പൗരൻമാർക്കും പ്രവാസികൾക്കുമെല്ലാം ഇവിടേക്കെത്താൻ അൽറയാൻ ബസ് ഡിപ്പോയിൽ നിന്ന് ദർബ് അൽസായിയിലേക്ക് ബസ് സർവീസുണ്ട്. 

ലോകകപ്പ് ആരാധകർക്ക് ഇവിടേക്ക് എത്തുന്നതിനായി ദേശീയ ദിന സംഘാടകസമിതി 6 സൗജന്യ ബസ് സർവീസുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 3 മുതൽ രാത്രി 11 വരെയായിരിക്കും പരിപാടികൾ. ഡിസംബർ 18 വരെയാണ് ആഘോഷങ്ങൾ.

English Summary: Qatar to celebrate national day

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com