ADVERTISEMENT

അബുദാബി∙ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) നേതൃത്വത്തിൽ അബുദാബിയിൽ ഐഐടി ക്യാംപസ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പുമായി (അഡെക്) സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുക. യുഎഇയിൽ ഐഐടി ക്യാംപസ് സ്ഥാപിക്കുന്നതിന്  ഇരുരാജ്യങ്ങളും ഫെബ്രുവരിയിൽ തത്വത്തിൽ ധാരണയായിരുന്നു.

ഇതുസംബന്ധിച്ച് ഐഐടി ഡൽഹിയിൽനിന്നുള്ള ഒരു ഉന്നതതല സംഘം അബുദാബിയിലെത്തി അഡെക് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. യുഎഇയിലെ വിവിധ സാങ്കേതിക സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും സന്ദർശിച്ച് മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ വിവരങ്ങൾ മനസ്സില്ലാക്കി.

ഈയ്യിടെ അഡെക് പ്രതിനിധികൾ ‍ഡൽഹി ഐഐടിയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഐഐടിയുടെ പഴയതും പുതിയതുമായ പ്രവർത്തനങ്ങളും സംഘം നേരിട്ടറിഞ്ഞു. അഡെക്–ഐഐടി യോഗത്തിൽ ഇരുപക്ഷവും തങ്ങളുടെ ശേഷി അവതരിപ്പിക്കുകയും എത്രയും വേഗം ഐഐടി ക്യാംപസ് യാഥാർഥ്യമാക്കണമെന്ന് താൽപര്യപ്പെടുകയും ചെയ്തു. 

ഐഐടി ഡൽഹിയിലെ ഫാക്കൽറ്റി അംഗങ്ങളും അഡെകിലെ വിദഗ്ധരും ഉൾപ്പെട്ട വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചാണ് തുടർ ചർച്ചകൾ നടത്തിവരുന്നത്. വർക്കിങ് ഗ്രൂപ്പ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കിവരികയാണ്. മാസങ്ങൾക്കകം അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ വേഗത്തിലാക്കും.

സാമ്പത്തിക വികസന വകുപ്പിൽനിന്നും അഡ്വാൻസ്ഡ് ടെക്നോളജി റിസർച് കൗൺസിലിൽ നിന്നുമുള്ള പ്രതിനിധികളെ അഡെക് യുഎഇയിലേക്കു ക്ഷണിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ നിർമാണം, നടത്തിപ്പ്, ചെലവ് എന്നിവ സംബന്ധിച്ച കാര്യങ്ങളും ഈ യോഗത്തിൽ ചർച്ചയാകും.

അതിനിടെ അബുദാബിയിൽ ഐഐടി ക്യാംപസ് വേഗത്തിൽ സ്ഥാപിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ ലോക്സഭയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മലേഷ്യയിലെയും ടാൻസാനിയയിലെയും ക്യാംപസിനൊപ്പം ഒരു വർഷത്തിനകം അബുദാബി ക്യാംപസും യാഥാർഥ്യമാക്കാനാണ് പദ്ധതി.

ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി വിദഗ്ധ സമിതിയുടെ ശുപാർശ അനുസരിച്ച് വിദേശ ക്യാംപസുകളിലെ 20% സീറ്റിൽ മാത്രമേ ഇന്ത്യൻ വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കൂ.ശേഷിച്ച സീറ്റുകൾ പ്രാദേശിക വിദ്യാർഥികൾക്കായി നീക്കിവയ്ക്കും. പദ്ധതി യാഥാർഥ്യമായാൽ ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന മിടുക്കരായ ഇന്ത്യൻ വിദ്യാർഥികൾക്കു ഐഐടി പഠനം അബുദാബിയിൽ തന്നെ തുടരാനാകും.

English Summary : Indian Institute of Technology to set up campus in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com