ADVERTISEMENT

ദോഹ ∙ ദോഹയുടെ നൃത്തവേദികളില്‍ സുപരിചിതരെങ്കിലും ഫിഫ ലോകകപ്പിന്റെ ഫാന്‍ സോണുകളില്‍ വിവിധ രാജ്യക്കാരായ ആരാധകര്‍ക്ക് മുന്‍പില്‍ നൃത്തം അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് വേറിട്ട അനുഭവം തന്നെയാണ് ഖത്തര്‍ മലയാളികളായ ഈ നര്‍ത്തകിമാര്‍ക്ക്. ജോലിത്തിരക്കിന്റെ നടുവിലും ലോകകപ്പ് ഫാന്‍സോണുകളില്‍ ചടുലനൃത്തച്ചുവടുകളിലൂടെ ആരാധക ശ്രദ്ധ നേടുകയാണ് ഇവര്‍.

മുന്‍പിലിരിക്കുന്ന വിദേശീയരായ ആരാധകര്‍ക്ക് നൃത്ത ചുവടുകളില്‍ വിസ്മയം മാത്രമല്ല വര്‍ണാഭമായ വേഷവിധാനങ്ങളില്‍ വലിയ കൗതുകവും കലാകാരികളോട് വലിയ ആദരവും സ്‌നേഹവും തന്നെയാണ്. നൃത്തം അവതരിപ്പിച്ച് വേദിവിട്ടിറങ്ങിയാല്‍ വിദേശീയരായ ആരാധകരില്‍ ചിലര്‍ ഓടിയെത്തും വിവരങ്ങള്‍ അറിയാന്‍. ഒപ്പമൊരു സെല്‍ഫി എടുത്തോട്ടെ എന്ന ചോദ്യവുമായി സ്‌നേഹപൂര്‍വം എത്തുന്ന ആരാധകര്‍ നല്‍കുന്ന ആദരവും സ്‌നേഹവും തന്നെയാണ് ലോകകപ്പിലെ മറക്കാനാകാത്ത അനുഭവമെന്ന് ഇവര്‍ പറയുന്നു. 

dance-at-barwa
ബര്‍വ ബരാഹത്തിലെ നൃത്താവതരണം.

സാധാരണ വേദിയില്‍ നൃത്തം അവതരിപ്പിച്ച് മടങ്ങുകയാണ് പതിവ്. നര്‍ത്തകരെ തേടി ആരും വരാറില്ല. പക്ഷേ ഫാന്‍സോണുകളിലെത്തുന്ന വിദേശീയരില്‍ മിക്കവരും നൃത്തം കഴിഞ്ഞിറങ്ങുമ്പോഴേയ്ക്കും ഓടിയെത്തും. തങ്ങളുടെ പേരും നാടും എല്ലാം ചോദിച്ച് ഡാന്‍സിനെക്കുറിച്ച് അഭിനന്ദനവും അറിയിച്ചാണ് മടങ്ങുന്നതെന്ന് നര്‍ത്തകിയും ഗായികയുമായ പാലക്കാട് സ്വദേശിനി അഞ്ജു ആനന്ദ് പറയുന്നു. നൃത്തം അവതരിപ്പിക്കാന്‍ ഫാന്‍സോണുകളിലെത്തുന്ന ഈജിപ്ഷ്യന്‍, പേര്‍ഷ്യന്‍ തുടങ്ങി വിവിധ രാജ്യക്കാരായ ഡാന്‍സ് ടീമുകളെ പരിചയപ്പെടാന്‍ കഴിയുമെന്നതും കലാകാരികള്‍ എന്ന നിലയില്‍ വലിയൊരു അനുഭവം തന്നെയാണ്. 

മെഡിക്കല്‍, ഫിനാന്‍സ്, ഐടി പ്രോഗ്രാമിങ്, മാര്‍ക്കറ്റിങ്, അധ്യാപനം തുടങ്ങി വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ലോകകപ്പ് തുടങ്ങിയിട്ട് 8 ദിനങ്ങള്‍ പിന്നിട്ടപ്പോഴേയ്ക്കും അല്‍ വക്രയിലെ ബര്‍വ ബരാഹത്, ബര്‍വ മദീന, അല്‍ മെസില്ല ഫാന്‍ സോണ്‍ എന്നിവിടങ്ങളിലായി ഇതിനകം ഏഴു ഡാന്‍സ് അവതരിപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫാന്‍ സോണിലും ഈ നര്‍ത്തക സംഘം സജീവമാണ്. ബോളിവുഡ്, സിനിമാറ്റിക്, പരമ്പരാഗത ഫോക്‌ലോര്‍ ഡാന്‍സുകള്‍ക്കുമായി 3 ടീമുകളുണ്ട്. മുതിര്‍ന്ന വനിതകളടങ്ങുന്ന 14 അംഗ സംഘവും വിദ്യാർഥിനികളായ പെണ്‍കുട്ടികളുടെ അഞ്ചംഗ സംഘവുമാണ് ഫാന്‍ സോണുകളില്‍ നൃത്തം അവതരിപ്പിക്കുന്നത്.

doha-kids
പെണ്‍കുട്ടികളുടെ സംഘത്തിലെ ഒരു വിഭാഗം നൃത്താവതരണത്തിനായി സ്റ്റേജിലേയ്ക്ക് കയറും മുന്‍പുള്ള ചിത്രം.

ബോളിവുഡിന്റെ ചടുലതാളചുവടുകള്‍ മുതല്‍ നാടന്‍ ഫോക്‌ലോറുകള്‍ വരെയുള്ള വ്യത്യസ്ത നൃത്തരൂപങ്ങളിലൂടെ ഫാന്‍ സോണുകളിലെ ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടാണ് ഇവരുടെ ഓരോ ലോകകപ്പ് ദിനങ്ങളും കടന്നു പോകുന്നത്. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററും ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയ കള്‍ചറല്‍ കോ-ഓര്‍ഡിനേറ്റര്‍മാരും ഇവന്റ് ടീമുകളുമാണ് ഫാന്‍സോണുകളില്‍ നൃത്തം അവതരിപ്പിക്കാന്‍ ക്ഷണിക്കുന്നത്.  ഫോക്‌ലോര്‍ നൃത്തങ്ങള്‍ മുദ്ര ആര്‍ട്‌സ് അക്കാദമി ഉടമ അനിത ഹരീഷിന്റെയും ബോളിവുഡ്, സിനിമാറ്റിക് ഡാന്‍സുകള്‍ പരിശീലിക്കുന്നത് എക്‌സ്ഡിസി ഡാന്‍സ് ഗ്രൂപ്പിന്റെ കൊറിയോഗ്രഫര്‍ ഷഫീഖിന്റെയും കീഴിലാണ്. ഇനിയുള്ള ദിവസങ്ങളിലും ഡാന്‍സിന്റെ തിരക്കിലാണിവര്‍. 

English Summary: Keralite ladies with dance at Doha fan zones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com