ADVERTISEMENT

അബുദാബി∙ യുഎഇയിൽ ചരക്കുനീക്കത്തിന്റെ സമയം മൂന്നിലൊന്നായി കുറച്ച് ഇത്തിഹാദ് റെയിൽ. ദീർഘദൂര സ്ഥലങ്ങളിലേക്കു 12 മണിക്കൂർ കൊണ്ട് എത്തിച്ചിരുന്ന ചരക്കുകൾ ഇത്തിഹാദ് റെയിലിൽ 4 മണിക്കൂറിനകം എത്തിക്കാനാകുമെന്ന് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

 

യുഎഇ പെട്രോകെമിക്കൽ കമ്പനിയായ ബുറൂജുമായി ചരക്കുനീക്ക കരാറിൽ ഒപ്പുവയ്ക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിലെ പെട്രോകെമിക്കൽ കോംപ്ലക്സിൽനിന്ന് പ്രതിവർഷം 13 ലക്ഷം ടൺ പോളിയോലിഫിനുകൾ കൊണ്ടുപോകുന്നതിനുള്ള കരാരാറിലാണ് ഇത്തിഹാദ് റെയിൽ സിഇഒ എൻജിനീയർ ഷാദി മലക്കും ബുറൂജ് സിഇഒ ഹസീം സുൽത്താൻ അൽ സുവൈദിയും ഒപ്പുവച്ചത്.

 

വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും  അഡ്നോക് എംഡിയും സിഇഒയുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബുറൂജ് ഉൾപ്പെടെ രാജ്യത്തെ വലിയ കമ്പനികൾക്ക് ചരക്കു കൈമാറ്റത്തിന് സൗകര്യം ഒരുക്കുന്നതു വഴി കാർബൺ മലിനീകരണം കുറയ്ക്കാനാകുമെന്ന് തിയാബ് പറഞ്ഞു.

 

ബുറൂജും ഇത്തിഹാദ് റെയിലും തമ്മിലുള്ള സുപ്രധാന സഹകരണം അബുദാബിയുടെ വ്യാവസായിക മേഖലയുടെ വളർച്ചയ്ക്ക് മികച്ച സംഭാവന നൽകുമെന്ന് സുൽത്താൻ അൽ ജാബർ പറഞ്ഞു. യുഎഇയുടെ നെറ്റ് സീറോ 2050 പദ്ധതിയോടുള്ള പ്രതിബദ്ധതയ്ക്കൊപ്പം സുസ്ഥിര ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് കയറ്റുമതി ശക്തിപ്പെടുത്താനും സാധിക്കുന്നു. റുവൈസ് വ്യാവസായിക നഗരത്തിലെ റെയിൽ ചരക്ക് ടെർമിനലിന്റെ വികസനവും ഇതിലൂടെ സാധ്യമാകും. കുറഞ്ഞ ചെലവിൽ  അതിവേഗം ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കുമെന്നതാണ് നേട്ടം.

 

2015ൽ ആദ്യഘട്ടമായ 265 കിലോമീറ്റർ റെയിൽ പാത പൂർത്തിയായതോടെ ചരക്കു ഗതാഗതം ഭാഗികമായി ആരംഭിച്ചിരുന്നു. അബുദാബി അൽ ദഫ്രയിലെ ഷാ, ഹബ്ഷൻ വാതക മേഖലയിൽ നിന്നു റുവൈസ് തുറമുഖം വരെയുള്ള പാതയിലൂടെ പ്രതിദിനം 22,000 ടൺ സൾഫർ കൊണ്ടുപോകുന്നുണ്ട്. പ്രതിവർഷം 70 ലക്ഷം ടൺ ചരക്കു നീക്കം നടക്കുന്നു. ഇത് 5 കോടിയായി വർധിപ്പിക്കാനാണ് നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com