ADVERTISEMENT

അബുദാബി∙  51-ാമത് ദേശീയദിനാഘോഷത്തിന് വര്‍ണാഭമായ പരിപാടികളോടെ തുടക്കം. ഐക്യത്തിന്റെ സന്ദേശം ഓളമിടുന്ന ദേശഭക്തിഗാനങ്ങളും പരമ്പരാഗത കലാരൂപങ്ങളും അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമ്പോള്‍ സ്വദേശികള്‍ക്കൊപ്പം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളും ആവേശപൂര്‍വം അണിചേരുന്നു.

വിവിധ എമിറേറ്റുകളില്‍ സർക്കാർ സ്ഥാപനങ്ങൾ ദേശീയദിനം ആഘോഷിച്ചു. കൂടാതെ, ഇവിടങ്ങളിൽ  ഘോഷയാത്ര, കരിമരുന്നു പ്രയോഗം, സംഗീത-നൃത്തപരിപാടി തുടങ്ങിയവ അരങ്ങേറുന്നു. ഇന്നുമുതൽ അവധിയായതിനാൽ ഇന്ത്യൻ സ്കൂളുകളില്‍ ഇന്നലെ തന്നെ ആഘോഷങ്ങൾ നടന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തിലും പരിപാടികള്‍ നടന്നുവരികയാണ്. ദേശീയദിനാഘോഷ നിറവിലുള്ള രാജ്യം അറബ് മേഖലയില്‍ നേട്ടങ്ങളുടെ ഏറ്റവും ഉയരത്തിലാണ്. 

national-day-uae

രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര, ജീവകാരുണ്യ മേഖലകളിലെല്ലാം ലോകത്തിനു മാതൃകയാകാന്‍ കഴിഞ്ഞു. ബഹിരാകാശ രംഗത്തും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ശാസ്ത്രസാങ്കേതികരംഗം,  പ്രതിരോധമേഖല എന്നിവയിലടക്കം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ശക്തമായ ബന്ധം നിലനില്‍ക്കുന്നു. വികസനത്തിന്റെ പുതുയുഗത്തില്‍ യുഎഇ ജൈത്രയാത്ര നടത്തുകയാണെന്നു രാജ്യാന്തര സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ ജനങ്ങള്‍ക്കൊപ്പം മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കും ഇത് അഭിമാനമേകുന്നു.

വികസനത്തിന്റെ രാജ്യാന്തര മാതൃക

ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന യുഎഇ പല പദ്ധതികളിലും മാതൃകയാണ്. ഊര്‍ജം, ബഹിരാകാശം, വിവരസാങ്കേതികവിദ്യ, വാര്‍ത്താവിനിമയം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ കാണാനാകുക പദ്ധതികളുടെ വേലിയേറ്റം. ഊര്‍ജമേഖലയില്‍ ആശങ്കഉയര്‍ത്തി അസ്ഥിരത നിലനില്‍ക്കുമ്പോള്‍ പാരമ്പര്യേതര ഊര്‍ജം എന്ന ആശയം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ യുഎഇ മുന്നോട്ടുവച്ചു. ഈ രംഗത്ത് ഏറ്റവും മികച്ച പദ്ധതികളും സാങ്കേതികവിദ്യകളുമുള്ള രാജ്യമായി മാറാന്‍ കഴിഞ്ഞു. സ്വന്തം നിലയ്ക്ക് ഉപകരണങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ സൗജന്യമായി പാരമ്പര്യേതര ഊര്‍ജപദ്ധതികള്‍ നടപ്പാക്കിയും യുഎഇ മാതൃകയാകുകയാണ്. നിക്ഷേപത്തിന് ഏറ്റവും യോജിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ലോകബാങ്ക് വർഷങ്ങൾക്ക് മുൻപ് തന്നെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എണ്ണയില്‍ അധിഷ്ഠിതമല്ലാത്ത സമ്പദ്‌വ്യവസ്ഥയുടെ കരുത്തു തെളയിക്കാനും യുഎഇക്കു കഴിയുന്നു. എണ്ണയിതരമേഖലയില്‍ പ്രതിവര്‍ഷം ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വലിയ ശതമാനവും എണ്ണയിതരമേഖലയില്‍ നിന്നാണ്.

ദുബായില്‍ 2050 വരെയുള്ള കാലയളവിനെ മൂന്നു ദശകങ്ങളായി തിരിച്ച് ഊര്‍ജമേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെയും പ്രകൃതിവിഭവങ്ങളെയും നശിപ്പിക്കാതെയുള്ളസാമ്പത്തികവികസനാണ് വിഭാവനം ചെയ്യുന്നത്. ലോകത്ത് കാര്‍ബണ്‍മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമാക്കി ദുബായിയെ മാറ്റുകയെന്നതും ലക്ഷ്യമാണ്. ഇതര എമിറേറ്റുകളിലും പരിസ്ഥിതിസൗഹൃദ പദ്ധതികള്‍ പുരോഗമിക്കുകയാണ്.

 

ചതുർവർണ പതാക പാറിപ്പറക്കുന്നു

യുഎഇയുടെ ആകാശത്ത് ഐക്യത്തിന്‍റെ ചതുർവർണ പതാകയൊരുക്കി രാജ്യത്തിന്‍റെ  ദേശീയദിനാഘോഷം.   ഇന്ന്  മുതൽ 4 വരെയാണ് അവധി.  ഡിസംബർ 5-ന് ഒാഫീസുകൾ പ്രവർത്തനം പുനരാരംഭിക്കും.  അനുസ്മരണ ദിനത്തിലും ദേശീയ ദിനത്തിലും രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com