ADVERTISEMENT

ദോഹ∙ കത്താറയുടെ പരമ്പരാഗത പായ്ക്കപ്പൽ പ്രദർശനത്തിൽ  സന്ദർശകത്തിരക്കേറുന്നു. കത്താറ ബീച്ച് സൈഡിൽ നടക്കുന്ന മേള ഖത്തറിന്റെ സമുദ്ര പൈതൃകത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ദേശീയ ദിനവും ലോകകപ്പ് ഫൈനൽ ദിനവുമായ ഡിസംബർ 18വരെ ഫെസ്റ്റിവൽ തുടരും. ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.

 

സമുദ്ര പൈതൃകം, പാരമ്പര്യം, മുൻകാലങ്ങളിലെ കടലിലേക്കുള്ള യാത്ര, പേൾ ഡൈവിങ് രീതികൾ, പഴയ കാലത്തെ കടൽത്തീര മാർക്കറ്റ്, സംസ്‌കാര രീതികൾ, കരകൗശല വസ്തുക്കൾ എന്നിവയെല്ലാം കണ്ടും കേട്ടും മനസിലാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ഭാഗത്തുള്ള ഖത്തരി ഹൗസ് പൂർവിക തലമുറകളുടെ പൈതൃക പാർപ്പിട മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. 

 

 മെത്തകൾ,  അറബിക് കോഫി തയാറാക്കുന്നതിനുള്ള പാത്രങ്ങൾ, സ്റ്റൗ, കടൽ യാത്രികർക്കുള്ള വസ്തുക്കൾ, കയറുകൾ, മത്സ്യബന്ധന- ഡൈവിങ് ഉപകരണങ്ങൾ, കൂടുകൾ, ഹൗസിങ് ബോക്സ്, പേൾ കിറ്റ് ബോക്സ് എന്നിവയെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ഒമാനി മൗലികതയും സമുദ്ര യാത്രകളുടെ കാലഘട്ടങ്ങളും ദൃശ്യവൽക്കരിക്കുന്നതാണ് ഒമാനി ഹൗസ്. 

 

തടിക്കപ്പൽ നിർമാണം, പരമ്പരാഗത പായ്ക്കപ്പലുകൾ, പേൾ ഡൈവിങ് എന്നിവയ്ക്കുള്ള അപൂർവയിനം ഉൽപന്നങ്ങളുടെ പ്രദർശനം സന്ദർശകർക്ക് ഒരേ സമയം അറിവും വിസ്മയവും പകരുന്നു.  അറബിക് കോഫി നൽകിയാണ് സൗദി ഹൗസ് ലോകകപ്പ് അതിഥികളെ സ്വീകരിക്കുന്നത്. ഈന്തപ്പനയോലകൾ കൊണ്ടുനിർമിച്ച കുട്ടകൾ, കപ്പലുകളിൽ മീനും ഭക്ഷണവും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന കൂടകൾ, കളപ്പുരകൾ എന്നിവയെല്ലാമാണ് കുവൈത്തിന്റെ പവിലിയനിലുള്ളത്.

 

സാൻസിബാർ പ്രദേശത്തിന്റെ പുരാതന സമുദ്ര പൈതൃകം അടയാളപ്പെടുത്തുന്ന പ്രദർശനമാണ് ടാൻസാനിയൻ ഹൗസിന്റെ പ്രത്യേകത. പൂർവികരുടെ ജീവിതത്തിലേക്കും ആദ്യകാല കടൽ യാത്രികരുടെ അനുഭവങ്ങളിലേക്കുമുള്ള തിരിച്ചുപോക്കാണ് പ്രദർശനം. സാൻസിബാർ തീരത്തെ അറബ് നാവികരുടെ ചിത്രങ്ങൾ, പഴയകാലത്തെ പരമ്പരാഗത പായ്ക്കപ്പലുകളുടെയും അവർ കൈകാര്യം ചെയ്തിരുന്ന സുഗന്ധ ദ്രവ്യങ്ങളുടെയും ചിത്രങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. 1890നും 1950നും ഇടയിൽ കുട്ടീഞ്ഞോ ബ്രദേഴ്സും പിയറി ഡി ലൂർദും ചേർന്നു പകർത്തിയതാണ് ഈ ചിത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com