നിക്ഷേപകർക്ക് പൗരത്വം, ഇളവുകൾ; വാഗ്ദാനങ്ങളുമായി ദ്വീപ് രാജ്യം

Terrance-Drew
സെന്റ് കിറ്റ്സ് ആൻഡ് നീവിസ് പ്രധാനമന്ത്രി ടെറൻസ് ഡ്ര്യൂ.
SHARE

ദുബായ്∙ നിക്ഷേപകർക്ക് ഇരട്ട പൗരത്വം വാഗ്ദാനം ചെയ്തു കരീബിയൻ ദ്വീപ് രാജ്യമായ സെന്റ് കിറ്റ്സ് ആൻഡ് നീവിസ്. രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങളിൽ നിക്ഷേപത്തിനു തയാറാകുന്നവർക്ക് പൗരത്വം നൽകി സ്വീകരിക്കുമെന്നു പ്രധാനമന്ത്രി ഡോ. ടെറൻസ് ഡ്ര്യൂ.

ചുവന്ന പരവതാനി വിരിച്ചു നിക്ഷേപകർക്കു രാജ്യം സ്വാഗതം ആശംസിക്കുന്നു. നൂലാമാലകളില്ലാതെ എല്ലാ സാമ്പത്തിക സുരക്ഷിതത്വത്തോടെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താം. നിക്ഷേപകർക്കൊപ്പം രാജ്യവും അതിന്റെ ഭരണാധികാരികളും നിൽക്കും. ഭാവിയുടെ സാധ്യതകളിലേക്കാണ് രാജ്യം നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിക്ഷേപകരെ സ്വാഗതം ചെയ്യാൻ സെന്റ് കിറ്റ്സ് ആൻഡ് നീവിസ് ദുബായിൽ വിളിച്ചു ചേർത്ത സൗഹൃദ സംഗമത്തിലാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. 

രണ്ടു രീതിയിലാണ് നിക്ഷേപ അവസരമുള്ളത്: 

1. രാജ്യത്തിന്റെ സുസ്ഥിര വികസന ഫണ്ടിലേക്കു നേരിട്ടുള്ള നിക്ഷേപം. ഈ മൂലധനം രാജ്യത്തിന്റെ വികസന പദ്ധതികൾക്കായി ഉപയോഗിക്കും. 

2. സർക്കാർ അംഗീകാരമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികളിലേക്കുള്ള നിക്ഷേപം. ഇതിൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും നിക്ഷേപിക്കണം. 

നിക്ഷേപകരെ കാത്ത് പൗരത്വം

നിക്ഷേപകർക്ക് ആജീവനാന്ത പൗരത്വം രാജ്യം നൽകും. പൗരത്വം ലഭിച്ചു എന്നതു കൊണ്ട് അവിടെ താമസിക്കണമെന്നു നിർബന്ധമില്ല. ലഭിച്ച പൗരത്വം വരുന്ന തലമുറയ്ക്കു കൈമാറാനും കഴിയും. സ്വന്തം രാജ്യത്തെ പൗരത്വം നിലനിർത്തി, സെന്റ് കിറ്റ്സിലെ പൗരത്വം നേടാം. ഇരട്ട പൗരത്വം പൂർണമായും അംഗീകരിക്കും. നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ലോകത്തിന്റെ 75% രാജ്യങ്ങളിലേക്കും എത്തിപ്പെടാനുള്ള ഗതാഗത സൗകര്യം ഉറപ്പാക്കും. സുതാര്യമായ നികുതി വ്യവസ്ഥ. മറ്റു രാജ്യങ്ങളിലെ സമ്പത്തിനു നികുതിയില്ല. നിക്ഷേപകർക്ക് അപേക്ഷിച്ചു 3 മാസത്തിനകം അനുമതി. ചുവപ്പു നാടകളോ സങ്കീർണ നടപടി ക്രമങ്ങളോ ഇല്ല. ബിസിനസിലോ നിക്ഷേപത്തിലോ മുൻ പരിചയമോ ഇംഗ്ലീഷ് പരിജ്ഞാനമോ ആവശ്യമില്ല. ഏതെങ്കിലും അഭിമുഖ പരീക്ഷ നേരിടേണ്ടതില്ല. 

നിക്ഷേപ രംഗം

പരമ്പരാഗത ഊർജ ഇന്ധന മേഖലകളിൽ നിന്നു രാജ്യം ചുവടു മാറ്റുകയാണ്. സൗരോർജം, കാറ്റ്, ജിയോ തെർമൽ മാർഗങ്ങളിലൂടെ ഊർജം ഉൽപാദിപ്പിക്കും. ഇതിലേക്കാണ് പ്രധാനമായും നിക്ഷേപം ക്ഷണിക്കുന്നത്. പാർപ്പിട പദ്ധതി, ആശുപത്രി, ഹൈസ്കൂൾ എന്നിവയുടെ നിർമാണ രംഗത്തേക്കും നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിലൂടെ പൗരത്വത്തിനുള്ള നടപടികളും രാജ്യം തുടങ്ങും. നിക്ഷേപകർക്കു നേരിട്ട് അവരുടെ താൽപര്യം പത്രം നൽകാം. മൂന്നു മാസത്തിനുള്ള അവരുടെ അപേക്ഷയിന്മേലുള്ള നടപടികൾ അറിയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: www.ciu.gov.kn വെബ്സൈറ്റ് സന്ദർശിക്കാം. 

English Summary: St Kitts and Nevis Prime Minister charts new trajectory for twin-island nation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS