ADVERTISEMENT

ദുബായ്∙ ലോകത്തിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയെ തലയെടുപ്പോടെ നിർത്തുന്നതിൽ പ്രധാനികളായ പൊലീസ് സംവിധാനത്തിനു ദേശീയ ദിനത്തിൽ ജനങ്ങളുടെ ആദരം. ഇരുനൂറോളം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ സ്വന്തം രാജ്യത്തേക്കാൾ സുരക്ഷിതരായി യുഎഇയിൽ കഴിയുന്നതിനുള്ള കടപ്പാട് പൊലീസ് സംവിധാനത്തിനുള്ളതാണ്.

ചെറിയ സംവിധാനമായി തുടങ്ങി സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ രൂപമായ നിർമിത ബുദ്ധിവരെ ഉപയോഗിച്ചു രാജ്യത്തിനു സുരക്ഷ ഒരുക്കുന്ന പൊലീസിനു ദേശീയ ദിനത്തിൽ രാജ്യം അഭിവാദ്യം അർപ്പിക്കുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഭയാശങ്കകളില്ലാതെ സഞ്ചരിക്കുന്നതിനുള്ള ക്രെഡിറ്റ് സുരക്ഷാ സേനക്കുള്ളതാണ്.

പഴയ കാല പൊലീസ് പട്രോളിങ് വാഹനം
പഴയ കാല പൊലീസ് പട്രോളിങ് വാഹനം

ഇന്ത്യയിൽ ഒരു ചെറിയ സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും 40 – 50 സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുമ്പോൾ ഈ രാജ്യത്തെ ഭരണാധികാരികൾ ജനങ്ങൾക്ക് ഇടയിലൂടെ ഭയമില്ലാതെ സുരക്ഷയില്ലാതെ സഞ്ചരിക്കുന്നു. ഒറ്റയ്ക്കു വാഹനം ഓടിച്ചു പോകുന്ന ഭരണാധികാരികൾ യുഎഇയ്ക്ക് അപരിചിതമല്ല.

ഈ രാജ്യം സുരക്ഷിതമാണെന്ന ഇതിലൂടെ വിളിച്ചു പറയുകയാണ് യുഎഇ. ഈ രാജ്യത്തേക്കു വരുന്ന ഓരോരുത്തരിലും ആത്മവിശ്വാസം നിറയ്ക്കുകയാണിവർ.  'എന്റെ നാട്ടിൽ പൊലീസിന്റെ സ്ഥാനം, ദേഹത്തിൽ ആത്മാവിനുള്ള സ്ഥാനമാണ്’ – എന്നാണ് യുഎഇ ദേശീയ ഗാനരചയിതാവ് ഡോ.ആരിഫ് അൽ ഷെയ്ഖ് പൊലീസിനെ കുറിച്ചെഴുതിയ ചെറു കവിതയുടെ തുടക്കത്തിൽ പറയുന്നത്. 

ചിത്രം കടപ്പാട്: വാം.
ചിത്രം കടപ്പാട്: വാം.

രാജ്യം പിറക്കും മുൻപേ പൊലീസ്

 

police-parede-uae-2

യുഎഇ പിറവിയെടുക്കും മുൻപേ സുരക്ഷാ സംവിധാനത്തിന് അടിത്തറയായിരുന്നു. 1957ൽ അബൂദാബി പൊലീസ് നിലവിൽ വന്നു. ഭരണസിരാ കേന്ദ്രങ്ങളായ കൊട്ടാരങ്ങളുടെ സംരക്ഷണം, ബാങ്കുകൾ, മാർക്കറ്റുകൾ, സമീപ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്ന ജല വാഹനങ്ങളുടെ സുരക്ഷ, തർക്കങ്ങളിലും പരാതികളിലും ഉൾപ്പെടെ പ്രതികളെ പിടികൂടുക എന്നീ ദൗത്യങ്ങളിലായിരുന്നു ആദ്യം പൊലീസ്.  1966ൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമാക്കി. പരിശീലനക്കളരികളും ഒരുക്കി.

Abu-Dhabi-Police-file

1965 ജൂണിൽ ദുബായ് പൊലീസ് രൂപീകരിച്ചു. അന്നു മുതൽ 1973 വരെ ദുബായ് നായിഫ് കോട്ടയായിരുന്നു പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്. 1967ൽ ഷാർജ പൊലീസും അജ്മാൻ പൊലീസും വന്നു. 1965 മേയിലാണ് റാസൽഖൈമ പൊലീസ് ഔദ്യോഗിക യൂണിഫോമിട്ട് രംഗത്തുവരുന്നത്. 100 അംഗങ്ങൾ മാത്രമുള്ള ചെറുസേനയായിരുന്നു അന്ന് അവർ. 1969 സെപ്റ്റംബറിൽ ഫുജൈറ പൊലീസ് രംഗത്തെത്തി. 1967 ഒക്ടോബറിൽ ഉമ്മുൽഖുവൈനിൽ പൊലീസ് സംവിധാനമുണ്ടായി. 

51 വർഷം പിന്നിട്ട ആധുനികവൽക്കരണം

 

(ഫയൽ ചിത്രം)
(ഫയൽ ചിത്രം)

ഓരോ ദിവസവും പുതുക്കപ്പെടുകയാണ് പൊലീസ്. ഇത്രയേറെ രാജ്യങ്ങളിൽ പൗരന്മാർ ഒരുമിച്ചു കഴിയുന്ന രാജ്യത്തു സുരക്ഷ ഒരുക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ, കാര്യമായ അക്രമണങ്ങളോ അനിഷ്ട സംഭവങ്ങളോ ഇല്ലാതെ അവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. രാജ്യത്തുള്ള ഓരോ വ്യക്തിയുടെയും വിവരങ്ങൾ ഒരു വിരൽത്തുമ്പിൽ പൊലീസിനു ലഭ്യമാണ്. ആഡംബര കാറുകളും ഹെലികോപ്റ്ററുകളും ഡ്രോണുകളും യോട്ടുകളും സ്പീഡ് ബോട്ടുകളും അടക്കം എല്ലാ ഗതാഗത സൗകര്യങ്ങളും പൊലീസിനുണ്ട്.

ക്യാമറ നിരീക്ഷണ വലയിത്തിലാണ് രാജ്യം മുഴുവൻ. ചെറിയ ഗതാഗത നിയമ ലംഘനം മുതൽ ഏതു കുറ്റകൃത്യവും പിടിക്കപ്പെടുമെന്ന ബോധ്യം ജനങ്ങളിൽ വളർത്താൻ പൊലീസിനു കഴിഞ്ഞു. 1971 ജൂലൈ ഒന്നിന് ഷെയ്ഖ് മുബാറക് ബിൻ മുഹമ്മദ് അൽ നഹ്യാൻ അബൂദാബിയുടെ ആഭ്യന്തര മന്ത്രിയായി .1973 ലെ ഫെഡറൽ തീരുമാന പ്രകാരം യുഎഇ മന്ത്രിസഭ രൂപീകരിക്കപ്പെട്ടപ്പോൾ ആഭ്യന്തര മന്ത്രി പദം അദ്ദേഹത്തിനായിരുന്നു.

അന്നു മുതൽ മന്ത്രാലയം സുരക്ഷാ സംവിധാനം അത്യാധുനികവൽക്കരിക്കാൻ നടത്തിയ നിരന്തര ശ്രമം ഇന്നും തുടരുകയാണ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ ആധുനിക പൊലീസിന്റെ നേതൃത്വം വഹിക്കുന്നു. കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന രംഗത്തും ഗതാഗത രംഗത്തും ലോകത്ത് ഏതു സാങ്കേതിക വിദ്യ അവതരിപ്പിച്ചാലും അത് യുഎഇ പൊലീസ് സ്വന്തമാക്കിയിരിക്കും. ഓരോ ദിവസവും ആധുനികവൽക്കരിക്കപ്പെടുകയാണ് സേന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com