ADVERTISEMENT

ദോഹ∙ പരിഹാസങ്ങളോ ശല്യപ്പെടുത്തലുകളോ ഇല്ല.  ലിംഗ വിവേചനങ്ങളില്ല. സുരക്ഷിതമായും സമാധാനമായും ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാം. വനിതകൾക്ക് ലോകകപ്പ് മത്സരം കാണാൻ ഖത്തറും ഖത്തറിന്റെ സ്റ്റേഡിയങ്ങളും സുരക്ഷിതമെന്ന് ലോകകപ്പ് കാണാനെത്തിയ ആരാധികമാർ.

 

മറ്റു രാജ്യങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു ഖത്തർ എന്നാണ് നോട്ടിങ്ങാം സ്വദേശിനി വിദ്യാർത്ഥിനിയായ 19കാരി എല്ലെ മോല്ലോസൻ അഭിപ്രായപ്പെട്ടത്. ദോഹയിലേക്ക് വരുന്നതിന് മുൻപ് കൂട്ടിനായി പിതാവിനോടും ഒപ്പം വരാൻ പറഞ്ഞിരുന്നു ; എന്നാൽ സ്വന്തം രാജ്യത്തേക്കാൾ ഇവിടം സുരക്ഷിതമായതിനാൽ പിതാവിനെ ബുദ്ധിമുട്ടിക്കേണ്ടി വന്നില്ലെന്നും കൂട്ടിച്ചേർത്തു.

 

‘ഇംഗ്ലണ്ടിനേക്കാൾ, സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷമാണിവിടെ. പരിഹാസങ്ങളോ ലൈംഗിക ചുവയുള്ള സംസാരങ്ങളോ ഇല്ല’ എല്ലെ പറയുന്നു. സ്വന്തം രാജ്യങ്ങളിലെ സ്‌റ്റേഡിയങ്ങളിൽ ഇരുന്ന് മത്സരങ്ങൾ കാണുന്നതിനേക്കാൾ സുരക്ഷിതമായി ഖത്തറിന്റെ സ്‌റ്റേഡിയങ്ങളിലിരുന്ന് വനിതകൾക്ക് മത്സരങ്ങൾ കാണാൻ കഴിയുന്നുണ്ടെന്ന് ബ്രിട്ടീഷ് പത്രമായ ദ ടൈംസിന് നൽകിയ അഭിമുഖത്തിൽ എല്ലെ പ്രതികരിച്ചു.

 

സ്റ്റേഡിയങ്ങളിൽ വനിതകൾക്ക് സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള 'ഹെർ ഗെയിം ടൂ' എന്ന ക്യാംപെയ്‌ന്റെ സജീവ പ്രവർത്തക കൂടിയാണ് എല്ലെ . സ്റ്റേഡിയങ്ങൾക്കുള്ളിൽ മദ്യപാനത്തിന് വിലക്കേർപ്പെടുത്തിയത് സ്ത്രീകൾ ഏകസ്വരത്തിൽ സ്വാഗതം ചെയ്തിരുന്നു. ഫിഫയുടെ പുരുഷ ലോകകപ്പിൽ ഇതാദ്യമായി വനിതാ റഫറിമാരുടെ സാന്നിധ്യവും ഖത്തർ ലോകകപ്പിന്റെ പ്രത്യേകതയാണ്.

 

യുകെ ആസ്ഥാനമായുള്ള ഹോളിഡു വെബ്‌ സൈറ്റിന്റെ കോവിഡാനന്തര-ഏകാന്ത വനിതാ യാത്ര സൂചികയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ നഗരമാണ് ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com