ADVERTISEMENT

അബുദാബി∙ യുഎഇയുടെ സ്വപ്ന പദ്ധതി ട്രാക്കിൽ ഇത്തിഹാദ് റെയിൽ യാത്രക്കാരുമായി എത്തിയത് ദേശീയദിനാഘോഷത്തിന് തിളക്കംകൂട്ടി. അബുദാബി നാഷണവ്‍ എക്സിബിഷൻ സെന്ററിൽ നടന്ന 51ാം ദേശീയ ദിനാഘോഷ വേദിയുടെ മധ്യത്തിലൂടെയാണ് യാത്രാ ട്രെയിൻ കടന്നുപോയത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മറ്റു എമിറേറ്റ് ഭരണാധികാരികളും കിരീടാവകാശികളും കൈവീശി അഭിവാദ്യം ചെയ്തു.

യുഎഇ ദേശീയ ദിന ഉദ്ഘാടന പരിപാടിയിൽനിന്ന്.
യുഎഇ ദേശീയ ദിന ഉദ്ഘാടന പരിപാടിയിൽനിന്ന്.

സഹ യാത്രക്കാരോട് ചങ്ങാത്തം കൂടിയും പത്രം വായിച്ചും പുറത്തെ കാഴ്ചകൾ കണ്ടും മുന്നോട്ടുനീങ്ങിയ ട്രെയിനിലെ യാത്രക്കാർ കൈവീശി സന്തോഷം പ്രകടിപ്പിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് 2024ൽ യാഥാർഥ്യമാകാൻ പോകുന്ന യാത്രാ ടെയിനിന്റെ കാഴ്ച 2 വർഷം മുൻപുതന്നെ ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു യുഎഇ. ടണലിന്റെ മാതൃകയിൽ ഒരുക്കിയ വേദിയിലേക്കായിരുന്നു അതിഥികളെ വിസ്മയിപ്പിച്ച് തീവണ്ടി കൂകിപ്പാഞ്ഞെത്തിയത്. സില മുതൽ ഫുജൈറ വരെ മണിക്കൂറിൽ 200 കി.മീ വേഗത്തിൽ ഓടുന്ന ഇത്തിഹാദ് റെയിൽ 11 നഗരങ്ങളെ ബന്ധിപ്പിക്കും. ഒരു ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പദ്ധതി യാഥാർഥ്യമായാൽ ദുബായ്–അബുദാബി യാത്രാ ദൈർഘ്യം 50 മിനിറ്റായി കുറയും.2030ഓടെ 3.65 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നേതൃത്വത്തിൽ യുഎഇയുടെ ഉത്ഭവം മുതൽ നാളിതുവരെയുള്ള വികസനത്തിന്റെ നേർ ചിത്രങ്ങൾ വരച്ചുകാട്ടിയ പ്രത്യേക ഷോ 2071ലെ നൂറാം വാർഷികത്തിൽ രാജ്യം എങ്ങനെയായിരിക്കുമെന്നും സൂചന നൽകി. ബഹിരാകാശം, ആണവോർജം,  സൗരോർജം തുടങ്ങി കൃഷി വരെയുള്ള നേട്ടങ്ങളും എടുത്തുകാട്ടി. യുഎഇയുടെ ചന്ദ്ര, ചൊവ്വാ ദൗത്യങ്ങളും പ്രത്യേകം പരാമർശിച്ചു. അന്തരിച്ച മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയ്ക്ക് ആദരം അർപ്പിക്കുകയും ചെയ്തു. നൂതന സാങ്കേതിക വിദ്യകൾ സമന്വയിച്ച ദേശീയ ദിനാഘോഷത്തിൽ ലോകപ്രശസ്ത സംഗീതജ്ഞരുടെ സംഗീതക്കച്ചേരിയും അരങ്ങേറി. ഇന്നു മുതൽ 11 വരെ നീളുന്ന ആഘോഷ പരിപാടിയിൽ സ്വദേശികൾക്കും വിദേശികൾക്കും പങ്കെടുക്കാം. 200 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 3 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com