അബുദാബി∙ യുഎഇയുടെ ഐക്യവും അഖണ്ഡതയും കരുത്തും വിളിച്ചറിയിച്ച് അൽവത്ബയിൽ നടന്ന മാർച്ച് ഓഫ് ദി യൂണിയനിൽ ഒത്തുചേർന്നത് പതിനായിരങ്ങൾ.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡൻഷ്യൽ കോർട്ട് സംഘടിപ്പിച്ച യൂണിയൻ മാർച്ചിലാണ് രാജ്യത്തുടനീളമുള്ള സ്വദേശികൾ പങ്കെടുത്തത്. ചതുർവർണ പതാകയേന്തി മാർച്ചിനു നേതൃത്വം നൽകിയത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗോത്ര വിഭാഗങ്ങളുടെ സജീവ സാന്നിധ്യവും ഘോഷയാത്രയെ സമ്പന്നമാക്കി. സുപ്രീം കൗൺസിൽ അംഗങ്ങളായ വിവിധ എമിറേറ്റ് ഭരണാധികാരികളും കിരീടാവകാശികളും മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

നാടോടി ഗാനങ്ങളുടെ ഈണത്തിൽ പരമ്പരാഗത നൃത്തച്ചുവടുകൾ വച്ച് ചിട്ടയോടെ മുന്നോട്ടുനീങ്ങിയ സംഘം കാണികളുടെ കയ്യടി നേടി.

ഒട്ടക, കുതിര പ്രദർശനങ്ങൾക്കൊപ്പം ദേശീയ പതാകയുടെ വർണം ആകാശത്ത് വിതറി എയർ ഷോയും വെടിക്കെട്ടും ലെയ്സർ ഷോയും ഉണ്ടായിരുന്നു.

English Summary: UAE President attends March of the Union marking 51st National Day.