ദുബായ്∙ ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ മലയാളി വനിതകളുടെ മെഡൽ വേട്ട. മത്സരിച്ച 9 വനിതകളിൽ 8 പേരും മെഡൽ നേടി. 3 സ്വർണം, 3 വെള്ളി, 2 വെങ്കലം മെഡലുകളാണു മലയാളി കരുത്തിൽ സ്വന്തമാക്കിയത്.
കോഴിക്കോട് തളി സ്വദേശിനി വി.കെ അഞ്ജന കൃഷ്ണൻ (47 കെ.ജി), ആലപ്പുഴ സ്വദേശിനി എം.എ ആശംസ (67 കെ.ജി), കണ്ണൂർ പിലാത്തറ സ്വദേശിനി കെ.വി നന്ദന (63 കെ.ജി) വിഭാഗങ്ങളിലാണ് സ്വർണം നേടിയത്.
തൃശൂർ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിനി പി.വി അനഘ (69 കെ.ജി), വയനാട് മാനന്തവാടി സ്വദേശിനി ഡാനിയ ആന്റണി (52 കെ.ജി), കണ്ണൂർ പിലാത്തറ എടാട്ട് സ്വദേശിനി അൽക രാഘവ് (76 കെ.ജി) എന്നിവർ വെള്ളിയും തിരുവനന്തപുരം നാലാംചിറ സ്വദേശിനി എസ്.എസ് ശ്രീലക്ഷ്മി (47 കെ.ജി), കോഴിക്കോട് പുതിയകടവ് സ്വദേശിനി സി.വി ആയിഷ ബീഗം (76 കെ.ജി) എന്നിവർ വെങ്കലവും നേടി. സാമ്പത്തിക പ്രയാസം നേരിട്ട ആയിഷയെ ലുലു എക്സ്ചേഞ്ചാണു മത്സരത്തിന് എത്തിച്ചത്. 84കെ.ജി വിഭാഗത്തിൽ മത്സരിച്ച തിരുവനന്തപുരം ഇൗഞ്ചിക്കൽ സ്വദേശിനി എ.വി അഞ്ജന നാലാം സ്ഥാനം.

സബ് ജൂനിയർ വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്കു ചാംപ്യൻഷിപ്
ദുബായ്∙ ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിലെ വനിതകളുടെ മത്സരം സമാപിച്ചപ്പോൾ സബ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യയ്ക്കു ചാംപ്യൻഷിപ്. ജൂനിയർ, മാസ്റ്റേഴ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഇന്ത്യ നേടി. 4 സ്വർണം, 4 വെള്ളി, 4 വെങ്കല മെഡലുകൾ നേടിയാണ് ഇന്ത്യൻ വനിതകൾ കരുത്തു കാട്ടിയത്.
പുരുഷ വിഭാഗത്തിൽ 2 സ്വർണവും 3 വെള്ളിയും 2 വെങ്കലവുമാണ് ഇതുവരെയുള്ള നേട്ടം. ഇന്ത്യയിൽ നിന്നെത്തിയ 26 കായിക താരങ്ങളിൽ 25 പേരുടെ മത്സരം പൂർത്തിയായപ്പോൾ മൊത്തം 6 സ്വർണവും 7 വെള്ളിയും 6 വെങ്കലവും അടക്കം 19 മെഡലുകളുണ്ട്.
ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനിൽ നടന്നുവരുന്ന ചാംപ്യൻഷിപ് ഇന്നു സമാപിക്കും. ഇന്ത്യ ഉൾപ്പെടെ 29 രാജ്യങ്ങളിൽനിന്നുള്ള 600 കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.