ദോഹ∙ രാജ്യാന്തര വൊളന്റിയര്‍ ദിനത്തില്‍ വൊളന്റിയര്‍മാര്‍ക്ക് ആദരവ് പ്രകടമാക്കി ഖത്തര്‍. 20,000 വൊളന്റിയര്‍മാരാണ് ഫിഫ ലോകകപ്പില്‍ സേവനം അനുഷ്ഠിക്കുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മാത്രമല്ല പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കിടെ അല്‍ ജനൂബ്, സ്റ്റേഡിയം 974 എന്നിവിടങ്ങളിലും വൊളന്റിയര്‍മാര്‍ക്കുള്ള ആദരവ് പ്രകടമാക്കിയാണു ഖത്തര്‍ ഇന്നലെ രാജ്യാന്തര വൊളന്റിയര്‍ ദിനം ആചരിച്ചത്. ലോകകപ്പിലെ വൊളന്റിയര്‍മാര്‍ക്കായി ദോഹ എക്‌സിബിഷന്‍ സെന്ററില്‍ ലോകകപ്പ് ട്രോഫിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ട്രോഫിക്കൊപ്പം നിന്നു ചിത്രമെടുക്കാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്.
രാജ്യത്തേക്ക് എത്തുന്ന ആരാധകരെയും ഔദ്യോഗിക പ്രതിനിധികളെയും കളിക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ ഒക്‌ടോബര്‍ മുതല്‍ അക്രഡിറ്റേഷന്‍ സെന്ററുകള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങി വിമാനത്താവളം, താമസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 45 മേഖലകളിലായി വൊളന്റിയര്‍മാര്‍ സജീവമാണ്. വീട്ടമ്മമാര്‍ മുതല്‍ മെഡിക്കല്‍, വിദ്യാഭ്യാസം തുടങ്ങി സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് വൊളന്റിയര്‍മാരുടെ സംഘത്തിലുള്ളത്.
20,000 വൊളന്റിയര്‍മാരില്‍ ആയിരത്തിലധികവും മലയാളികള്‍ തന്നെയാണ്. പലരും 2006 ലെ ഏഷ്യന്‍ ഗെയിംസ് മുതല്‍ ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ്, അമീര്‍ കപ്പ് തുടങ്ങി ഖത്തറില്‍ നടന്ന വന്‍കിട രാജ്യാന്തര, പ്രാദേശിക കായിക ടൂര്‍ണമെന്റുകളില്‍ വൊളന്റിയര്‍ സേവനത്തില്‍ പരിചിതരാണ്. രാപ്പകലില്ലാതെ നിസ്വാർഥ സേവനവുമായി പുഞ്ചിരിയോടെ നിലകൊള്ളുന്ന 20,000 വൊളന്റിയര്‍മാര്‍ തന്നെയാണ് 32 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ഫിഫ ലോകകപ്പിന്റെ നട്ടെല്ല്.