ADVERTISEMENT

ദോഹ∙ രാത്രി വൈകി അൽതുമാമ സ്റ്റേഡിയത്തിനുള്ളിലെ മത്സരച്ചൂടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ ലോകകപ്പ് ആരാധകരെ കാത്ത്  ഭക്ഷണ-പാനീയങ്ങളുമായി അവരുണ്ടാകും-ആതിഥേയ മര്യാദയുടെ മാതൃകയായി സ്വദേശി കുടുംബങ്ങൾ. രാത്രി മത്സരം കഴിഞ്ഞ് അവസാനത്തെ ആരാധകനും സ്‌റ്റേഡിയം വിട്ട് പുറത്തേക്ക് വരുന്നതു വരെ  മിക്ക സ്വദേശി കുടുംബങ്ങളുടെയും വീടിന് മുൻപിൽ  മേശ നിറയെ  ഖത്തറിന്റെ രുചികളുമായി ഇവർ കാത്തിരിക്കുന്നുണ്ടാകും.

 

പ്രാദേശികതയുടെ കയ്യൊപ്പ് പതിഞ്ഞ അൽ തുമാമ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ താമസിപ്പിക്കുന്ന സ്വദേശി പൗരന്മാരാണ് വീടിന് മുൻപിലായി രാജ്യത്തേക്ക് എത്തിയ ആരാധകർക്കായി ഭക്ഷണ-പാനീയങ്ങൾ വിതരണം ചെയ്യുന്നത്-സൗജന്യമായി തന്നെ. വീടിന് മുൻപിലൂടെ നടന്നും വാഹനങ്ങളിലും കടന്നു പോകുന്ന നൂറുകണക്കിന് ആരാധകരെ ഭക്ഷണം കഴിച്ചിട്ട് പോകാൻ സ്‌നേഹപൂർവം സ്വാഗതം ചെയ്യുകയാണ് സ്വദേശി കുടുംബങ്ങൾ. അൽതുമാമ സ്റ്റേഡിയത്തിന് തൊട്ടപ്പുറത്താണ് സ്വദേശി പൗരനായ അഹമ്മദ് സലിം അൽ സുലൈത്തിയുടെ താമസം. 

 

ലോകകപ്പ് തുടങ്ങിയ ദിവസം മുതൽ വീടിന് മുൻപിൽ ആരാധകർക്കായി മുടങ്ങാതെ ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നുണ്ട്. ആഹാരസാധനങ്ങൾ എടുത്തുകൊടുക്കാനായി പ്രത്യേകം ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനായി ആരാധകരെ സ്വാഗതം ചെയ്യാൻ അൽ സുലൈത്തിയും ഒപ്പമുണ്ടാകും. ലോകകപ്പ് അവസാനിക്കുന്നതു വരെ ആരാധകർക്കും അതിഥികൾക്കും ഇവിടെ വന്ന് വയർ നിറയ്ക്കാം. കുടിവെള്ളം, അറബിക് കോഫിയായ ഖഹ്‌വ, പാൽ ചായ. ഈന്തപ്പഴം, പാൻകേക്കുകൾ, മധുരപലഹാരങ്ങൾ, ഡസേർട്ടുകൾ എന്നിങ്ങനെ വ്യത്യസ്ത രുചികളാണ് നൽകുന്നത്.

 

ഖത്തറിന്റെ ആതിഥേയത്വം ആസ്വദിക്കാനായി രാജ്യത്തേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. അതിഥികളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നവരാണ് ഖത്തരികൾ എന്നത് വിദേശീയർ മനസിലാക്കണമെന്നതാണ് ആഗ്രഹമെന്നും അൽ സുലൈത്തി പറയുന്നു. രാത്രി മത്സരം എത്ര വൈകിയാലും ആരാധകരെ കാത്തിരിക്കുന്നതിൽ അൽ സുലൈത്തിയ്ക്ക് ഒരു മടിയുമില്ല.

 

വിദേശീയരായ ആരാധകർക്ക് കൂടുതലിഷ്ടം അറബിക് കോഫി തന്നെ.ആതിഥേയത്വത്തിൽ അഭിനന്ദനം അറിയിച്ച് മടങ്ങുന്നവരുമാണ് മിക്കവരുമെന്നും അൽസുലൈത്തി പറഞ്ഞു. അൽസുലൈത്തിയെ പോലെ ആരാധകർക്ക് ഭക്ഷണ-പാനീയങ്ങൾ നൽകുന്ന നിരവധി സ്വദേശി കുടുംബങ്ങൾ വേറെയുമുണ്ട്. ഖത്തറിന്റെ ആതിഥേയ പാരമ്പര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നതിന്റെ ഉദാത്ത മാതൃകകളാണ് ഈ കുടുംബങ്ങൾ. ലോകകപ്പ് മാത്രമല്ല റമസാൻ നോമ്പു കാലങ്ങളിൽ വൈകുന്നേരങ്ങളിൽ പ്രവാസികൾക്കായി ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്ന പതിവും സ്വദേശികൾക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com