ദോഹ∙ ഖത്തറിന്റെ ഊർജ സ്രോതസുകളുടെ ചരിത്രവുമായി വിജ്ഞാനവും വിനോദവും കോർത്തിണക്കി കുട്ടികൾക്കായുള്ള ഖത്തർ ദേശീയ മ്യൂസിയത്തിലെ പുതിയ കളിസ്ഥലം ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.
ഖത്തർ മ്യൂസിയവും മുൻനിര ഊർജ കമ്പനികളിലൊന്നായ ടോട്ടൽ എനർജീസും ചേർന്നാണ് കുട്ടികൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ മ്യൂസിയത്തിൽ പുതിയ കളിസ്ഥലം ഒരുക്കിയത്. ടോട്ടൽ എനർജീസ് ചെയർമാനും സിഇഒയുമായ പാട്രിക് പുയാനെയും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്തു. ടെയ്ലർ ക്യുളിറ്റി ലെത്ലിൻ(ടിസിഎൽ) ആണ് കളിസ്ഥലത്തിന്റെ രൂപകൽപന നിർവഹിച്ചത്. പൊതുമരാമത്ത് അതോറിറ്റി അഷ്ഗാലായിരുന്നു നിർമാണം.
കുട്ടികളുമായി കുടുംബങ്ങൾക്ക് ഒഴിവുസമയം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടമാണിത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും രാജ്യത്തിന്റെ വിവിധ ഊർജ സ്രോതസുകൾ മനസ്സിലാക്കാനും അടുത്തറിയാനും കഴിയുന്ന വിധത്തിലാണ് കളിസ്ഥലത്തിന്റെ രൂപകൽപന. എണ്ണ, വാതകം, ദ്രവീകൃത പ്രകൃതിവാതകം, പുനരുപയോഗ ഊർജം, വൈദ്യുതി എന്നീ സ്രോതസുകളെക്കുറിച്ച് അറിയാനുള്ള സൗകര്യവും ഇവിടെയുണ്ട്.