അബുദാബി ∙ ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വലിയ തുകയായ 66 കോടിയിലേറെ രൂപ (30 ദശലക്ഷം ദിർഹം) നേടിയ തമിഴ്നാട് സ്വദേശി ഖാദർ ഹുസൈൻ (27) ജോലി ചെയ്യുന്നത് ഷാർജയിൽ കാർ വാഷ് കമ്പനിയിൽ. നാട്ടിൽ അവധിയാഘോഷിക്കാൻ പോയിരുന്നതിനാൽ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ വിജയിച്ച ഖാദർ ഹുസൈനെ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. തന്‍റെ തന്നെ കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തിനൊപ്പമാണ് ഇയാൾ ടിക്കറ്റെടുത്തത്. സമ്മാനം തുല്യമായി പങ്കിടും.

പ്രതിമാസം 1,500 ദിർഹം ശമ്പളത്തിനാണ് ഖാദർ ഹുസൈൻ ജോലി ചെയ്യുന്നത്. സുഹൃത്ത് 1200 ദിർഹത്തിനും. തനിക്ക് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ലെന്നും എത്ര വർഷം ജോലി ചെയ്താലും ഇത്രയേറെ പണം സമ്പാദിക്കാൻ കഴിയില്ലെന്നും ഖാദർ ഹുസൈൻ പറഞ്ഞു.
ഭാഗ്യം ലഭിച്ച വിവരമറിയുമ്പോൾ ഞാൻ നാട്ടിൽ സുഹൃത്തിന്റെ വീട്ടിലായിരുന്നു. വിവരമറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ആദ്യം തന്നെ ദൈവത്തിന് നന്ദി പറഞ്ഞു. ഇങ്ങനെ ഒരു ദിവസം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇനി ജീവിതം പൂർണമായും മാറും. ഞാൻ ഇപ്പോഴും വളരെ ആവേശത്തിലാണ്. എനിക്ക് ഇനിയും യുഎഇയിൽ താമസിക്കണം. കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരണം. സമ്മാനം കുടുംബത്തെയാകെ സന്തോഷിപ്പിച്ചിരിക്കുന്നു. തമിഴ്നാട്ടിൽ ഒരു വീട് പണിയണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്ന് ഖാദർ ഹുസൈൻ പറഞ്ഞു. വാടക വീട്ടിലാണ് താമസിക്കുന്നത്, എനിക്കും എന്റെ മാതാപിതാക്കൾക്കുമായി ഒരു വീട് പണിയണം.
അഞ്ചു വർഷത്തിലേറെയായി യുഎഇയിൽ ജോലി ചെയ്യുന്ന ഖാദർ ഹുസൈൻ അതുപേക്ഷിച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. വൈകാതെ യുഎഇയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഖാദർ.
English Summary: Abu Dhabi big ticket winner Kathar Hussain shares his plans with the prize money