യുഎഇയിൽ സ്വദേശിവൽക്കരണം: പരിശോധന ജനുവരി 1ന് തുടങ്ങും

office-job
Representative Image. Photo credit :Monkey Business Images/ Shutterstock.com
SHARE

അബുദാബി∙ യുഎഇയിൽ സ്വകാര്യമേഖലയിലെ നിർബന്ധിത സ്വദേശിവൽക്കരണ പദ്ധതിക്കുള്ള സമയപരിധി അവസാനിക്കാൻ 25 ദിവസം (ഡിസംബർ 31ന്) ബാക്കി. യുഎഇ മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരുത്താൻ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.

കാലാവധിക്കകം നിയമം നടപ്പാക്കുകയും സമയബന്ധിതമായി സ്വദേശിവൽക്കരണ പരിധി ഉയർത്തുകയും ചെയ്യണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു.  സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 2 വർഷത്തിനകം 27% വർധനയുണ്ടെന്നത് ശുഭസൂചകമാണെന്നു മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.

കടുത്ത നടപടി

2023 ജനുവരി 1 മുതൽ സ്വകാര്യ കമ്പനികളിൽ പരിശോധന ഊർജിതമാക്കും. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഒരു തൊഴിലാളിയെ നിയമിക്കാത്തവർക്ക് മാസത്തിൽ 6000 (1,33,627 രൂപ) ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം (16,03,532 രൂപ) പിഴ അടയ്ക്കണം. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയും വർധിക്കും.

എത്ര ശതമാനം

അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ കമ്പനിയിൽ വർഷത്തിൽ 2% വീതം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. 2026ഓടെ 10% ആക്കി ഉയർത്തും. 50 തൊഴിലാളിക്ക് ഒരു സ്വദേശി എന്ന കണക്കിലാണ് നിയമിക്കേണ്ടത്. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷൂറൻസ്, ഫ്രീസോൺ തുടങ്ങി ഒട്ടേറെ മേഖലകളിൽ സ്വദേശികൾക്ക് മികച്ച അവസരങ്ങളുണ്ട്.

നിയമനം തകൃതി

മന്ത്രിസഭാ തീരുമാനം വന്നതോടെ വൻകിട സ്വകാര്യമേഖലാ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണം തുടങ്ങിയിരുന്നു. ചില കമ്പനികൾ 2 മാസത്തിനകം തന്നെ പരിധിയെക്കാൾ രണ്ടും മൂന്നും ഇരട്ടിയും സ്വദേശികളെ വച്ച് സർക്കാരിന്റെ പ്രശംസ പിടിച്ചുപറ്റി. ഇത്തരം 16 കമ്പനികളെ ജൂലൈയിൽ ആദരിച്ചിരുന്നു. മറ്റു കമ്പനികൾ റിക്രൂട്ട്മെന്റിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ ഇതുവരെ നടപടി തുടങ്ങാത്ത കമ്പനികളുമുണ്ട്. ഇവർക്കു മുന്നിൽ അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം.

ഡിജിറ്റൽ സംവിധാനം

ഓരോ കമ്പനികളുടെയും വർക്ക് പെർമിറ്റുകളുടെ എണ്ണം ഓൺലൈനിലൂടെ പരിശോധിച്ച് സ്വദേശിവൽക്കരണം നടപ്പാക്കിയോ എന്ന് മനസ്സിലാക്കും. സ്വദേശിക്കു നൽകിയ പദവി, വേതനം എന്നിവയും പരിശോധിക്കും. നിയമം പാലിക്കാത്ത കമ്പനികളുടെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പിനു കൈമാറി നടപടി സ്വീകരിക്കും.

22,000 പേർക്ക് ജോലി

സ്വകാര്യമേഖലയിൽ വർഷത്തിൽ 22,000 സ്വദേശികൾക്കു വീതം ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുവഴി 5 മാസത്തിനകം 1.1 ലക്ഷം പേർക്കു ജോലിയാകും. യോഗ്യതയ്ക്കും തൊഴിൽ പരിചയവും അനുസരിച്ചായിരിക്കും നിയമനം. സ്വകാര്യമേഖലയിൽ സ്വദേശികളുടെ സാന്നിധ്യം ദേശീയ സമ്പദ് വ്യവസ്ഥയ്ക്കു കരുത്തുപകരുമെന്നും മന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ആനുകൂല്യങ്ങൾ

സ്വദേശിവൽക്കരണം നടപ്പാക്കിയ കമ്പനികൾക്ക് എമിററ്റൈസേഷൻ പാർട്ണേഴ്സ് ക്ലബിൽ അംഗത്വം നൽകും. ഇതോടെ മന്ത്രാലയത്തിലെ വിവിധ സേവന ഫീസിൽ 80% ഇളവു ലഭിക്കും. ഇതിനു പുറമേ ഈ കമ്പനികളിലെ സ്വദേശി/ജിസിസി പൗരന്മാരുടെ വർക്ക് പെർമിറ്റ് എടുക്കാനും പുതുക്കാനും ഫീസ് വേണ്ട. 

പരാതിപ്പെടാം

നിയമം ലംഘിക്കുന്ന കമ്പനികളെക്കുറിച്ച് 600 590000 നമ്പറിൽ പരാതിപ്പെടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS