ADVERTISEMENT

ദോഹ∙ ലോകകപ്പിന്റെ തുടക്കം മുതൽ ഇതുവരെ സുരക്ഷാ ഭീഷണി ഉയർത്തുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിൽ വിജയമാണെന്നും സുരക്ഷാ പ്രവർത്തനങ്ങളിൽ സന്ദർശകരുടെ പൂർണ പിന്തുണയെന്നും ലോകകപ്പ് സുരക്ഷാ കമ്മിറ്റിയുടെ സേഫ്റ്റി-സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അധികൃതർ വാർത്താ സമ്മേളനത്തിൽ വിശദമാക്കി.

സുരക്ഷാ ഉദ്യോഗസ്ഥരെ തേടി ഇതുവരെ 5,85,000 ഫോൺ വിളികളാണ് എത്തിയത്. എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ഉചിതമായ മറുപടിയും പരിഹാരങ്ങളും ഉറപ്പാക്കിയതായും വ്യക്തമാക്കി. അബു സമ്ര അതിർത്തി വഴി റോഡു മാർഗം സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരുടെ പ്രവേശന നടപടികൾ എളുപ്പമാക്കാൻ വാഹന പെർമിറ്റിന് ഓൺലൈൻ റജിസ്‌ട്രേഷൻ (https://ehteraz.gov.qa/PER/vehicle/) തുടങ്ങി. യാത്രാ തീയതിക്ക് 12 മണിക്കൂർ മുൻപ് ഓൺലൈനിൽ വാഹന പെർമിറ്റിനായി റജിസ്റ്റർ ചെയ്യണം.

Qatar-world-cup-safety1

പെർമിറ്റ് ഫീസും നൽകേണ്ടതില്ല. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിലാണിത്. വിമാന മാർഗമെത്തുന്നവർക്ക് കഴിഞ്ഞ ദിവസം  മുതൽ അനുമതി നൽകി. അബു സമ്ര അതിർത്തിയിലൂടെ റോഡ് മാർഗം എത്തുന്നവർക്ക് ഇന്നു മുതലാണ് ഹയാ കാർഡില്ലാതെ പ്രവേശനം അനുവദിക്കുന്നത്.

സിവിൽ ഡിഫൻസിലെ ഓഫിസേഴ്‌സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുരക്ഷാ കമ്മിറ്റി മീഡിയ-കമ്യൂണിറ്റി പാർട്ണർഷിപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുല്ല ഖലീഫ അൽ മുഫ്ത, ആഭ്യന്തര മന്ത്രലായം ഔദ്യോഗിക വക്താവ് കേണൽ ജാബർ ഹമുദ് അൽ നുഐമി, സുരക്ഷാ ഓപ്പറേഷൻസ് കമാൻഡർ ഓഫിസ് എക്‌സിക്യുട്ടീവ് ഡയറക്ടർ കേണൽ ജാസിം അൽബു ഹാഷിം സെയ്ദ്, മേജർ അബ്ദുല്ല സുൽത്താൻ അൽ ഗാനിം എന്നിവർ പങ്കെടുത്തു.

ലോകകപ്പ് സുരക്ഷാ കമ്മിറ്റിയുടെ വിവിധ വകുപ്പ് മേധാവികളായ കേണല്‍ ജാസിം അല്‍ സെയ്ദ്, ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്ത, മേജര്‍. അബ്ദുല്ല അല്‍ ഗാനിം എന്നിവര്‍ 
വാര്‍ത്താസമ്മേളനത്തില്‍.
ലോകകപ്പ് സുരക്ഷാ കമ്മിറ്റിയുടെ വിവിധ വകുപ്പ് മേധാവികളായ കേണല്‍ ജാസിം അല്‍ സെയ്ദ്, ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്ത, മേജര്‍. അബ്ദുല്ല അല്‍ ഗാനിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍.

സുരക്ഷയാണ് മെയിൻ

ദോഹ∙ കണ്ണിമ ചിമ്മാതെ ജാഗ്രതയിലാണ് ഇവർ. രാജ്യത്തെയും ജനങ്ങളെയും മാത്രമല്ല ലോകകപ്പിനെത്തുന്ന അതിഥികളെയും സുരക്ഷിതരാക്കാൻ 24 മണിക്കൂറും കർമനിരതരാണ് ലോകകപ്പിന്റെ സുരക്ഷാ വിഭാഗം. പഴുതടച്ച സുരക്ഷ ഒരുക്കി ആയുധധാരികളായ പുരുഷ-വനിതാ സുരക്ഷാ ഉദ്യോഗസ്ഥരാണ് എവിടെയും.

 

Qatar-world-cup-safety2

അതിർത്തി മുതൽ ലോകകപ്പ് സ്റ്റേഡിയങ്ങളിലും വിമാനത്താവളങ്ങളിലും ദോഹ മെട്രോ സ്‌റ്റേഷനുകളിലും ഹോട്ടലുകൾ, പൊതു ഇടങ്ങൾ, പ്രധാന വിനോദ കേന്ദ്രങ്ങൾ തുടങ്ങി വാഹനങ്ങളിലും കാൽനടയായും നിതാന്ത ജാഗ്രതയോടെ നിലകൊള്ളുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കാണാം. ആന്റി-ഡ്രോൺ ഉൾപ്പെടെ നൂതനവും അത്യാധുനികവുമായ സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.

 

സ്റ്റേഡിയങ്ങൾ, പരിസര പ്രദേശങ്ങൾ, ഫാൻ ഏരിയകൾ തുടങ്ങി എല്ലായിടങ്ങളിലുമുള്ള നിരീക്ഷണ ക്യാമറകളെ നിയന്ത്രിക്കുന്നതിനുള്ള സുരക്ഷാ സംവിധാനം ആസ്പയർ സോണിലെ നാഷനൽ കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അമേരിക്ക, തുർക്കി, യുകെ, റഷ്യ തുടങ്ങിയ വൻകിട രാജ്യങ്ങളുടെയും നാറ്റോയുടെയും സുരക്ഷാ സേനകളും ഇന്റർപോൾ ഉൾപ്പെടെയുള്ള രാജ്യാന്തര സുരക്ഷാ ഏജൻസികളും ചേർന്നാണ് ഖത്തർ അമീരി ഗാർഡിന്റെ കീഴിൽ ലോകകപ്പ് സുരക്ഷയ്ക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com