ADVERTISEMENT

അബുദാബി∙ ഇന്ത്യ ഇന്റർനാഷനൽ ബുള്ളിയൻ എക്‌സ്‌ചേഞ്ചിലേക്കു (ഐഐബിഎക്സ്) ശുദ്ധസ്വർണം കയറ്റുമതി ചെയ്തു യുഎഇ ചരിത്രം കുറിച്ചു. രാജ്യാന്തര നിലവാരം അനുസരിച്ച് യുഎഇ ഗുഡ് ഡെലിവറി (യുഎഇജിഡി) അംഗീകാരമുള്ള സ്വർണ ബാർ ഇടപാടാണു നടന്നത്. 

ഇതോടെ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷനേക്കാൾ (എൽബിഎംഎ) മികച്ച നിരക്കിൽ ഇടനിലക്കാരില്ലാതെ സ്വർണം ഇന്ത്യയിൽ എത്തും. ചരിത്രത്തിൽ ആദ്യമായാണ് യുഎഇ ഗുഡ് ഡെലിവറി അംഗീകാരമുള്ള സ്വർണം രാജ്യാന്തര തലത്തിൽ ക്രയവിക്രയം ചെയ്യപ്പെടുന്നത്. രാജ്യാന്തര സ്വർണ വ്യാപാര രാജ്യമെന്ന യുഎഇയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാൻ പുതിയ ഇടപാട് സഹായകമായതായി വിദേശവ്യാപാര സഹമന്ത്രിയും യുഎഇ ബുള്ളിയൻ മാർക്കറ്റ് കമ്മിറ്റി ചെയർമാനുമായ ‍ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി പറഞ്ഞു.

46.9 കോടിയുടെ ഇടപാട്

നിലവിലെ വിലനിലവാരം അനുസരിച്ച് 57 ലക്ഷം ഡോളർ (46.9 കോടി രൂപ) മൂല്യം വരുന്ന 100 കിലോ സ്വർണ ഇടപാടാണ് എമിറേറ്റ്സ് ഗോൾഡ് റിഫൈനറി ഐഐബിഎക്സുമായി നടത്തിയതെന്നു സിഇഒ ആന്റോ ജോസഫ് പറഞ്ഞു. യുഎഇ സ്വർണം രാജ്യാന്തര മാനദണ്ഡം അനുസരിച്ചു കയറ്റുമതി ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.

സെപയിൽ 1% ഡ്യൂട്ടി ഇളവ്

ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക കരാറിൽ (സെപ) വിഭാവനം ചെയ്തത് അനുസരിച്ച് ടിആർക്യു (താരിഫ് റേറ്റ് ക്വോട്ട) പ്രകാരം ആദ്യവർഷം ഒരു ശതമാനം ഡ്യൂട്ടി ഇളവോടെ 120 ടൺ സ്വർണം ഇറക്കുമതി ചെയ്യാം.

അടുത്ത ഓരോ വർഷവും 20 ടൺ വീതം വർധിപ്പിച്ചു 5 വർഷത്തിനകം പരമാവധി 200 ടൺ വരെ ഡ്യൂട്ടി ഇളവോടെ ഇറക്കുമതി ചെയ്യാം.റിസർവ് ബാങ്ക് അംഗീകരിച്ച ബാങ്കുകൾ, ഏജൻസികൾ വഴി മാത്രമാണ് ഇതുവരെ സ്വർണം ഇറക്കുമതി ചെയ്തിരുന്നത്.

ഇന്ത്യയുടെ നേട്ടം

ഐഐബിഎക്സിൽ അംഗമാകുന്ന ഇന്ത്യയിലെ ജ്വല്ലറികൾക്കു രാജ്യത്തിനകത്തു നിന്നുതന്നെ നേരിട്ടു ശുദ്ധ സ്വർണം വാങ്ങാം എന്നതാണു നേട്ടം. ഇന്ത്യയിലെ സ്വർണ വ്യാപാരം ഊർജിതമാക്കാനും ഇതു സഹായിക്കും.

എന്താണ് ഐഐബിഎക്സ്?

ശുദ്ധ സ്വർണവും വെള്ളിയും കയറ്റുമതി ചെയ്യുന്നതിനായി ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ചിന്റെയും തുർക്കിയിലെ ബോർസ ഇസ്താംബുളിന്റെയും മാതൃകയിൽ ഗുജറാത്തിലെ ഇന്റർനാഷനൽ ഫിനാൻസ് ടെക് സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഏതാനും മാസം മുൻപാണ് ഐഐബിഎക്സ് പ്രവർത്തനമാരംഭിച്ചത്.

English Summary : First shipment of UAEGD-compliant gold exported to Indian International Stock Exchange

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com