ADVERTISEMENT

ദിബ്ബ ∙ അറബ് ലോകത്ത് ഒട്ടേറെ എഴുത്തുകാരുണ്ടെങ്കിലും പ്രവാസ ജീവിതത്തെ, അറബ് നാടിനെ രേഖപ്പെടുത്തിയവർ ചുരുക്കമാണ്. ഇവരുടെ ഇടയിൽ വേറിട്ടുനിൽക്കുന്ന കവി സത്യൻ മാടാക്കര മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുകയാണ്. അമ്പത് വർഷത്തെ പ്രവാസ ചരിത്രത്തിൽ 35 വര്‍ഷം അദ്ദേഹം യുഎഇയിലുണ്ട് എന്നത് തന്നെ പ്രവാസ ജീവിതത്തെ ആഴത്തിൽ തൊട്ടറിഞ്ഞു എന്നതിന്റെ സൂചനയാണ്. കവിത, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ എന്നിവയടക്കം പത്തോളം പുസ്തകങ്ങളിലൂടെയും സാഹിത്യ–സാംസ്കാരിക പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ഇൗ മരുലോകത്ത് നിറഞ്ഞുനിന്നു. ദിബ്ബ തുറമുഖത്തെ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്ത കോഴിക്കോട് വടകര മാടാക്കര സ്വദേശിയായ സത്യൻ ഫുജൈറയിലെ മലകളെക്കുറിച്ച് ഒരിക്കൽ എഴുതിയത് ഉണക്കാനിട്ട മലകളെന്നാണ്. തന്റെ ജീവിതപരിസരത്തെ കടലിനെക്കുറിച്ചും തുറമുഖത്തെക്കുറിച്ചും മരങ്ങളെയും പക്ഷികളെയും മനുഷ്യരെക്കുറിച്ചുമെല്ലാം അദ്ദേഹം കവിതകളും ലേഖനങ്ങളുമെഴുതി.

sathyan-murali-2

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ അദ്ദേഹം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞത് പ്രവാസ ജീവിതത്തിന്റെ ചൂടും ചൂരുമാണ്. കവി എന്നതിലുമപ്പുറം അറബ് ചരിത്രകാരനും പ്രവാസ അനുഭവക്കുറിപ്പുകാരനുമാണ്. അനുഭവത്തിന്റെ ഒരു വൻകര തന്നെ അദ്ദേഹം സ്വായത്തമാക്കിയെന്നാണ് ഇദ്ദേഹത്തിന്റെ ജീവിതത്തോട് ആദ്യകാലം മുതലേ ഒട്ടിനിന്ന അധ്യാപകനും കവിയുമായ മുരളി മംഗലത്ത് പറയുന്നത്. കവിതകളും ലേഖനങ്ങളും ചരിത്രവും അനുഭവങ്ങളുമായി പ്രവാസ ലോകത്ത് നിറഞ്ഞുനിൽക്കുന്ന സത്യൻ മാടാക്കരയുമായി മുരളി മംഗലത്ത് മനോരമ ഒാണ്‍ലൈനിന് വേണ്ടി നടത്തിയ അഭിമുഖം വായിക്കാം:

മുരളി: നാട്ടിൽ നിന്നു ഗൾഫിലെ പ്രവാസ ലോകത്ത് വരുമ്പോൾ കൗതുകത്തിനുമുപ്പുറം സ്വാതന്ത്ര്യം എന്ന ഒരു മേഖല തന്നെ താങ്കളെ സ്വാധീനിച്ചതായി പലപ്പോഴും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടല്ലോ. അതേക്കുറിച്ച് വിശദീകരിക്കാമോ?

സത്യൻ: നാട്ടിൽ നമ്മൾ അനുഭവിക്കേണ്ടിവരുന്നത്, ചോദ്യങ്ങൾ വിഴുങ്ങിക്കൊണ്ട് മരിക്കേണ്ടി വരിക എന്ന അവസ്ഥയാണ്. നമുക്കൊരുപാട് ചോദ്യങ്ങളുണ്ട്. എന്നാലവ പുറത്തേയ്ക്ക് വരാനുള്ള നമ്മുടെ വീട്ടവസ്ഥ, ദാമ്പത്യാവസ്ഥ പിന്നെ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ അവസ്ഥകളും പൗരനെന്ന നിലയിൽ അനുഭവിക്കുന്ന ജനാധിപത്യ അവസ്ഥയും വിഴുങ്ങിക്കൊണ്ട് മരിക്കേണ്ടി വരുന്ന ഗതികേടിലാണ്. എല്ലാ ഇന്ത്യക്കാരും ഇങ്ങനെയാണ്. ചോദ്യങ്ങൾ മൂടി വച്ച് മരിക്കേണ്ടി വരുന്ന അവസ്ഥ ഇന്ത്യ വിടുന്ന എഴുത്തുകാർക്കും പാൻ ഇന്ത്യൻ എഴുത്തുകാർക്കും ഇല്ല എന്നതാണ് അവരനുഭവിക്കുന്ന ആഹ്ളാദം, സ്വാതന്ത്ര്യം എന്നിവ നിർണായകമായ അല്ലെങ്കിൽ പൂർണമായ അര്‍ഥത്തിൽ നമുക്ക് ബോധ്യമാക്കുന്നത്. നാട്ടിൽ നിന്ന് വരുന്ന വേളയിൽ നമുക്ക് ഒത്തിരി വിലക്കുകളുണ്ട്. ഭാര്യയുടെയും വീട്ടുകാരുടെയും സമുദായത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും വിലക്കുകള്‍. അങ്ങനെ വിലക്കുകളുടെ ഒരു പഗോഡയ്ക്ക് ഉള്ളിൽ നിന്ന് പുറത്തുകടന്ന് നാടുപേക്ഷിച്ച് വരുന്ന സമയത്ത് യഥാർഥത്തിൽ നമ്മൾ ബുദ്ധന്മാരായി മാറുന്നു. 

sathyan-murali-3

മുരളി: കെട്ടു പൊട്ടിച്ചുകൊണ്ടുള്ള ഇൗ സ്വാതന്ത്ര്യം യഥാർഥത്തിൽ സത്യന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടില്ലേ?

മധ്യപൂർവദേശത്ത് ജീവിക്കുന്നവരും യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും കുടിയേറിയവരുമായ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം എഴുത്തിന്റെ മേഖലയിൽ അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ രണ്ടായി തന്നെ കാണേണ്ടിയിരിക്കുന്നു. ഇൗ മണ്ണ്, മണ്ണിന്റെ പൗരഗതികൾ, നിയമവ്യവസ്ഥകള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ടുകൊണ്ടേ മധ്യപൂർവദേശത്ത് ജീവിക്കുന്ന എഴുത്തുകാരന് എഴുതാനും പറയാനും മറ്റും സാധിക്കുകയുള്ളൂ. എങ്കിലും ഒരാളുടെ സർഗാത്മകമായ കഴിവ് പ്രകടിപ്പിക്കാൻ യാതൊരു തടസ്സമോ പ്രയാസമോ നേരിടുന്നില്ല. മാത്രമല്ല, സർഗാത്മകമായ ഒരു മനുഷ്യൻ അതിന്റെ ഉന്നത തലത്തിലുള്ള ഒരു അന്വേഷണ വ്യഗ്രതയുമായി പോവുകയാണെങ്കിൽ അയാളെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മന്ത്രാലയങ്ങൾ, ഭരണാധികാരികൾ, സംഘടനകൾ തുടങ്ങിയവയൊക്കെ മുന്നോട്ടുവരുന്നു. ഇതിനെല്ലാം യൂറോപ്യൻ രാജ്യങ്ങളേക്കാൾ കൂടുതൽ ഇടം കിട്ടുന്ന സ്ഥലം കൂടിയാണ് അറബ് രാജ്യങ്ങള്‍.

sathyan-murali-4

മുരളി: നാട്ടിൽ നിന്ന് എഴുതിയതിനേക്കാൾ കൂടുതൽ സത്യൻ എഴുതിയത് ഇവിടെ വച്ചാണ്. അത്തരത്തിൽ മുദ്ര പതിപ്പിച്ചിട്ടുള്ള എത്ര എഴുത്തുകാരെ നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റും? 

സത്യന്‍: അത് കുറവാണ്. അതിനവരെ കുറ്റപ്പെടുത്താനുമാവില്ല. എഴുത്തുകാരിൽ പലരും ജോലി, വായന തുടങ്ങിയ കാര്യങ്ങളിൽ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കൊണ്ടേയിരിക്കുന്നവരാണ്. ഇതിലേറ്റവും പ്രധാന കാര്യം കൂട്ടുകെട്ടിന്റേതാണ്. പാരീസിലും അമേരിക്കിലും മറ്റും എഴുത്തുകാർക്ക് കൂട്ടുകെട്ടിന്റെ അവസരങ്ങൾ ധാരാളമുള്ളതായി കാണാം. ഇവിടെ അത്തരം സന്ദർഭങ്ങൾ വളരെ കുറവാണ്. പാരീസിൽ സാർത്രും ഷെനെയുമെല്ലാം ഒരു കോഫീ ഹൗസിലിരുന്ന് പരസ്പരം സംസാരിക്കുന്നതു പോലുള്ള സന്ദര്‍ഭങ്ങൾ ഇവിടെ കുറവാണ്. അത് വ്യക്തികളുടെ സമയമില്ലായ്മയുടെ പ്രശ്നം കൂടിയാണ്. അവരുടെ ബന്ധങ്ങൾ വാട്സാപ്പിലുും സമൂഹ മാധ്യമങ്ങളിലും ചുരുങ്ങിപ്പോകുന്നു. 

മുരളി: പണ്ട് ദുബായിലെ ദല പോലുളള സംഘടനകൾ എഴുത്തുകാരെയും കലാകാരന്മാരെയും ഒന്നിപ്പിക്കുന്ന പരിപാടികളൊരുക്കുമായിരുന്നു. ഇന്ന് അത്തരം സംഗമങ്ങൾ കുറഞ്ഞുവന്നത് വലിയ നഷ്ടമല്ലേ?

സത്യൻ: എഴുത്തിനെ അതിന്റെ വ്യക്തിത്വത്തിലൂന്നി വികസിപ്പിക്കുക എന്നത് പ്രധാന കാര്യമാണ്. ഇതിനായി ഇണങ്ങിയും പിണങ്ങിയും മറ്റുമുള്ള കൂടിച്ചേരലുകൾ അത്യാശ്യം തന്നെ. പബ്ലിക് ബൂത്തിൽ കോയിൻ ഇട്ട് ഫോൺ വിളിക്കുന്ന കാലത്താണ് ടി.വി. കൊച്ചുബാവയുടെ ക്ഷണം എനിക്ക് ലഭിച്ചിരുന്നത്. എടാ, വ്യാഴാഴ്ച വൈകുന്നേരം നീ വാ, നമുക്ക് കുറേ സംസാരിക്കാനുണ്ട് എന്ന്. ഇന്ന് നമുക്ക് എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടുപോലും അഞ്ചു മിനിറ്റ് പോലും സംസാരിക്കാനോ പറയാനോ സമയമില്ല. എവിടെയെക്കൊയോ നമ്മളറിയാതെ നമ്മളിലേയ്ക്ക് സ്ഥാപന വത്കരണത്തിന്റെ അർബുദം ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ ഭാഗമായി എന്താണ് ലാഭം എന്നതാണ് സത്യാനന്തര കാലത്തിന്റെ ഏറ്റവും വലിയ ചിന്ത. അന്തരിച്ച എഴുത്തുകാരൻ ടി.പി. രാജീവന് എന്നേക്കാൾ ഒരു വയസ്സ് കൂടുതലായിരുന്നു. സതീഷ് ബാബു പയ്യന്നൂരിന് എന്നേക്കാൾ ഒരു വയസ്സ് കുറവും. രണ്ടാളും മലയാള സാഹിത്യത്തിൽ പ്രധാനപ്പെട്ടവരാണ്. സാമ്പത്തികമായി ഒരുപാട് നേട്ടങ്ങളുമുണ്ടാക്കിയവരുമാണ്. അവർ എന്താണ് പോകുമ്പോൾ കൊണ്ടുപോയത്? എഴുതിയത് മാത്രം ബാക്കിവച്ചാണ് ഒടുവിൽ രണ്ടാളും വിടപറഞ്ഞുപോയിരിക്കുന്നത്.

sathyan-murali-5

മുരളി: ഒരു മലയാളിക്ക് മറ്റുള്ളവരുമായി കൂട്ടുകൂടാൻ ഏറ്റവുമധികം അവസരമുള്ളത് പ്രവാസ ലോകത്താണ്. പ്രത്യേകിച്ച് അറബ് പ്രവാസ ലോകത്ത്. അവിടെ പക്ഷേ, വേണ്ട രീതിയിൽ ഫലങ്ങൾ ഉണ്ടാകുന്നില്ല എന്നത് ദയനീയാവസ്ഥയല്ലേ?

സത്യൻ: അതിന്റെ പ്രധാനപ്പെട്ട കാര്യം അവൻ കൂട്ടുകൂടുന്നത് വേറൊരു മലയാളിയോടു മാത്രാമായിരിക്കും എന്ന ദൗർബല്യമാണ്. തന്റെ നാടിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നതിനപ്പുറം വിശാലമായി ചിന്തിക്കാൻ തയാറാകുന്നില്ല എന്നതാണ് ഏറ്റവും വലിയ ദോഷം. എന്‍റെ കൂടെ ജോലി ചെയ്യുന്ന സുഡാൻ പൗരൻ പറഞ്ഞത് ഒാർക്കുന്നു, അവരുടെ വീടുകൾക്ക് തമ്മിൽ മതിലുകളുടെ വേർതിരിവില്ല. എല്ലാ വീടിനോടും ചേർന്ന് പ്രത്യേക മുറിയുണ്ടാക്കും. ആ മുറിയിൽ ചായ, കാപ്പി, മറ്റു ഭക്ഷണ പദാർഥങ്ങൾ തയാറാക്കിവച്ചിരിക്കും. അത് ആർക്കാണോ ആവശ്യമുള്ളത് അവർക്ക് വന്ന് കഴിക്കാം, വിശ്രമിക്കാം. കാറൽ മർക്സ് പറയുന്ന കമ്യൂൺ ജീവിതം എന്നതിലപ്പുറത്തേയ്ക്ക് ഒരു ഗോത്ര ജീവിതം എങ്കിലും അതിലുണ്ട് എന്നത് മറക്കരുത്.

മുരളി: അറബ് വീടുകളിൽ പുറത്ത് ഒരു മജ്‍ലിസ് നിർമിക്കാറുണ്ട്. അവിടെയാണ് അവർ കൂട്ടുകൂടുന്നതും ഭക്ഷണം കഴിക്കുന്നതും. പുറത്തുള്ളവർക്കും അവിടെ വരാം, ചായയും ഖാവയും കുടിക്കാം, സംസാരിക്കാം. നമ്മുടെ നാട്ടിൽ പണ്ട് അത്തരം സൗകര്യങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ഇന്ന് നമ്മൾ ഒരു വീട് പണിയുമ്പോൾ ആദ്യം അന്വേഷിക്കുന്നത് സിസി ടിവിക്കാരെയാണ്. നമ്മുടെ കണ്ണുകൾ ചാരക്കണ്ണുകളായി മാറുന്നു. നമ്മൾ മതിലുകൾ പണിത് എല്ലാവരെയും വേർതിരിക്കുന്നു. യഥാർഥത്തിൽ മലയാളി തന്നിലേയ്ക്ക് തന്നെ ചുരുങ്ങിപ്പോകുകയല്ലേ ചെയ്യുന്നത്? 

സത്യൻ: പരിഷ്കാരങ്ങളും വികസനങ്ങളും പലപ്പോഴും നല്ലതാണ്. എന്നാൽ ഇതു രണ്ടും മനുഷ്യത്വപരമാകണം എന്നിടത്താണ് നമ്മൾ നിലകൊള്ളുന്നത്. പലപ്പോഴും അത് മനുഷ്യത്വപരമാകുന്നില്ല എന്നതാണ് മലയാളിയുടെ ഏറ്റവും വലിയ പ്രശ്നം. മനുഷ്യത്വത്തിൽ നിന്ന് നമ്മൾ അകന്നുകൊണ്ടിരിക്കുന്നു. ഇന്ന് പത്രമാധ്യമങ്ങളിൽ കാണുന്നത്, അച്ഛൻ മകനെയും മകൻ അച്ഛനെയും അടിച്ചുകൊല്ലുന്നു, കാമുകൻ കാമുകിയെ വിഷം കൊടുത്തു കൊല്ലുന്നു. ഭാര്യ കാമുകന് വേണ്ടി ഭർത്താവിനെ കൊല്ലിക്കുന്നു... ഇതിൽ നിന്നെല്ലാം മനസിലാക്കാവുന്നത് വിവേകത്തിനുമപ്പുറത്തേയ്ക്ക് വിചാരത്തിലധിഷ്ഠിതമായ അന്നന്നത്തെ ലാഭം എന്നതിലേയ്ക്ക് മലയാളി ചുരുങ്ങിയിരിക്കുന്നു എന്നാണ്. തീർച്ചയായും പുരോഗനാത്മകമായി ചിന്തിക്കുന്ന എല്ലാ എഴുത്തുകാരും ഇതിനെതിരെ വളരെ കർക്കശമായി  സംസാരിക്കുകയും എഴുതുകയും ചെയ്യേണ്ട ഇന്ത്യനവസ്ഥയാണ് ഇന്നുള്ളത്. 

മുരളി: ടി.വി. കൊച്ചുബാവ, സുറാബ് എന്നിവരെ പോലെ ഇവിടെ കുറേ കാലം ജീവിച്ചവരുടെ സുഹൃത്തായിരുന്നല്ലോ താങ്കൾ. അവരെക്കുറിച്ചുള്ള സ്മൃതികൾ എന്തൊക്കെ?

സത്യൻ: മാർക്സ് വലിയ മഹാനായിരുന്നുവെങ്കിലും അദ്ദേഹം മരിച്ച സമയത്ത് ആകെ ഇരുപതുപേരായിരുന്നു ശവദാഹച്ചടങ്ങിൽ ഉണ്ടായിരുന്നത്. ആ കാര്യം വായിച്ച സമയത്ത് എനിക്ക് തോന്നിയത് മനുഷ്യ സമൂഹത്തിന് ഉപകാരമായ, നന്മയ്ക്ക് വേണ്ടി പറയുന്ന കാര്യങ്ങൾ പിന്നീടാണ് ചർച്ച ചെയ്യപ്പെടുക എന്നതാണ്. കൊച്ചുബാവ മികച്ച സാഹിത്യം എഴുതിയ ആളാണ്. എങ്കിൽപ്പോലും അദ്ദേഹം മികച്ചൊരു കഥ എഴുതിയാൽ എനിക്ക് വായിക്കാൻ തന്ന് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ പറയുമായിരുന്നു. സുറാബ് തന്റെ നോവലെഴുതിയപ്പോൾ ആദ്യം വായിച്ച ആളാണ് ഞാൻ. ഇത്തരത്തിൽ മാനസിക വികാസം അന്നത്തെ എഴുത്തുകാരിലൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ജീവിത സാഹചര്യങ്ങൾ കൊണ്ടോ മറ്റോ ആയിരിക്കാം പലപ്പോഴും നമ്മുടെ പുതിയ എഴുത്തുകാർക്ക് അത്തരമൊരു ചിന്താഗതിയേ ഇല്ല. 

sathyan-murali-6

എന്റെ ‘കപ്പലില്ലാത്ത തുറമുഖം’ എന്ന പുസ്തകത്തിന് വേണ്ടി കാരശ്ശേരി മാഷെ ഏൽപ്പിച്ചു രണ്ടര കൊല്ലം കഴിഞ്ഞാണ് അതിന് അവതാരിക എഴുതിയത്. ടി.പി. രാജീവനായിരുന്നു അന്ന് പുസ്തകമാക്കാൻ മുന്നിട്ടുനിന്നത്. ദീർഘമായ നാലു കൊല്ലത്തിന് ശേഷമാണ് ഒരു പുസ്തകം ഉണ്ടാക്കുന്നത് എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന കാര്യമാണ്. വൈകുന്നിടത്തോളം അത് ഗുണം ചെയ്യുമെന്ന് കരുതുന്നയാളാണ് ഞാൻ. ഇന്ന് ഷാർജ രാജ്യാന്തര പുസ്തകമേള വരുന്നതിന് കുറച്ച് മാസം മുൻപ് മാത്രം വിളിച്ചു പറഞ്ഞ് രചനയും പണവും നൽകി പ്രസിദ്ധീകരിക്കുന്നു. എന്നാൽ, അവരെ കുറ്റപ്പെടുത്തുകയല്ല, പക്ഷേ അവർ ചെയ്യേണ്ടത് ഇതിന് കുറേ മുൻപ് തന്നെ സാഹിത്യത്തെ ഗൗരവമായി സമീപിക്കുന്ന ആരേക്കൊണ്ടെങ്കിലും വായിപ്പിച്ച് തിരുത്തലുകൾ നടത്തി പ്രസിദ്ധീകരിക്കണം. എങ്കിൽ അത് മികച്ചതാകുമെന്നതിൽ സംശയമില്ല. അത് അവർക്കും ഭാഷയ്ക്കും ഗുണകരമാണ്. ഇതില്ലാതെ വരുമ്പോൾ ഒരെഴുത്തുകാരനെന്ന നിലയിൽ അയാൾക്ക് ലഭിക്കേണ്ടിയിരുന്ന നേട്ടങ്ങൾ സ്വയം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. 

മാത്രമല്ല, പുസ്തകം കാമ്പില്ലാത്തതാകുകയും ചെയ്യുന്നു. ധൃതിപിടിച്ച് പുസ്തം പ്രസിദ്ധീകരിക്കുന്നവർ അത് സമൂഹമാധ്യമങ്ങളിൽ ആളുകളെ അറിയിച്ച് നിർവൃതി കൊള്ളുന്നതിനുമപ്പുറം യാതൊരു ഗുണവുമില്ല. എന്നൽ, ഇതിലുപരി വായന, പുസ്തകം എന്നത് ഒരു രണ്ടാംകിട കാര്യമല്ല, അത് ജീവിതത്തോടൊപ്പം മുറുകെ പിടിക്കേണ്ട ഒന്നാണെന്ന് ലോകത്തോട് പറയാൻ ഷാർജ രാജ്യാന്തര പുസ്തകമേള വലിയൊരു റോൾ വഹിക്കുന്നു. അതിനെ പവിത്രതയോടെ സൂക്ഷിക്കേണ്ടത് നമ്മൾ മലയാളികളുടെ കൂടി ഉത്തരവാദിത്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com