അബുദാബി/ദുബായ്∙ ബഹിരാകാശത്തോളം ഉയർന്ന യുഎഇയുടെ മോഹങ്ങൾക്ക് അതിരുകളില്ലെന്നു വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അറബ് ലോകത്തിന്റെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്റെ വിജയകരമായ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ ജനതയുടെ അതിരുകളില്ലാത്ത അഭിലാഷങ്ങളിൽ നിന്നു കുതിച്ചുയർന്ന റാഷിദ് റോവർ ചന്ദ്രനിൽ ഇറങ്ങുന്നതോടെ അതു മറ്റൊരു നാഴികക്കല്ലാകുമെന്നു ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിൽ ഒന്നു മാത്രമാണു റാഷിദ് റോവർ. ചൊവ്വയിൽ തുടങ്ങി ചന്ദ്രനിലേക്കു ചേക്കേറുന്ന രാജ്യത്തിന്റെ ലക്ഷ്യം 2028ൽ ശുക്രനിൽ എത്തുക എന്നതാണെന്നും വ്യക്തമാക്കി. മാനവ ചരിത്രത്തിൽ ശാസ്ത്രീയ കാൽപാട് ചേർക്കുക, കഴിവുകൾ വികസിപ്പിക്കുക, അറിവ് കൈമാറുക എന്നതാണു രാജ്യം ലക്ഷ്യമിടുന്നത്.
ചന്ദ്രനിൽ അറബ് പാദമുദ്ര പതിപ്പിക്കാൻ റാഷിദ് റോവറിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും അടുത്ത സ്റ്റോപ്പ് 3,84,400 കി.മീ അകലെയാണെന്നും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. എംബിആർ സ്പേസ് സെന്ററിൽ വിക്ഷേപണത്തിന്റെ തൽസമയ സംപ്രേഷണം കാണാൻ ഷെയ്ഖ് മുഹമ്മദിനും ഷെയ്ഖ് ഹംദാനും പുറമെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെ നിരവധി പ്രമുഖരും എത്തിയിരുന്നു.
English Summary: Sheikh Mohammed announces the successful launch of Rashid Rover to the Moon.