അബുദാബി/ദുബായ്∙ യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ സുരക്ഷിത പാതയിൽ മുന്നോട്ട്. ഇന്നലെ റോവറിൽനിന്നുള്ള ആദ്യ സിഗ്നൽ ലഭിച്ചതായും പേടകത്തിന്റെ എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലാണ് സിഗ്നൽ ലഭിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലെ സൈറ്റിൽ നിന്ന് ഞായറാഴ്ചയാണ് റോവർ വിക്ഷേപിച്ചത്. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 4.4 ലക്ഷം കി.മീ അകലെ നിന്നാണ് റോവർ ദുബായ് അൽഖവാനീജിലെ ബഹിരാകാശ കേന്ദ്രത്തിലേക്ക് ആദ്യ സന്ദേശം അയച്ചത്.
5 മാസം നീളുന്ന യാത്രയ്ക്കൊടുവിൽ ഏപ്രിലിൽ ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹകുട്ടോ-ആർ മിഷൻ 1 ലാൻഡറിലാണ് യാത്ര. വിക്ഷേപിച്ച് 35 മിനിറ്റിനുശേഷം റോക്കറ്റിൽനിന്ന് വേർപെട്ട് ചന്ദ്രനിലേക്കുള്ള ഏകാന്ത യാത്ര തുടരുകയാണ്.