ADVERTISEMENT

ദുബായ്∙ അതിർ വരമ്പുകളില്ലാത്ത ലോകം, അവിസ്മരണീയ കാഴ്ചകൾ, ഗ്ലോബൽ വില്ലേജ് സഞ്ചാരികളുടെ മനം കവരുകയാണ്. ലോക സഞ്ചാരത്തിന്റെ ഫലം ചെയ്യും ഈ ആഗോള ഗ്രാമം. ലോകത്തിലെ ചെറുതും വലുതുമായ രാജ്യങ്ങൾ തോളോടു തോൾ ചേർന്നു നിൽക്കുന്നു. ഓരോ രാജ്യത്തിന്റെയും പ്രവേശന കവാടത്തിനപ്പുറം കാത്തിരിക്കുന്നത് ഷോപ്പിങ്ങിന്റെ വിസ്മയ ലോകം. എന്തും വാങ്ങാം, എങ്ങനെയും വാങ്ങാം. രുചിച്ചും മണത്തും അറിഞ്ഞും വാങ്ങാം. ഷോപ്പിങ്ങിനും അപ്പുറം ഓർത്തിരിക്കാൻ ഒരായിരം നിമിഷങ്ങൾ സമ്മാനിക്കും ഈ സന്ദർശനം. 

കാർണിവലിലെ കളിക്കോപ്പുകൾ സാഹസികതയുടെയും സാങ്കേതികത്തികവിന്റെയും സമ്മേളന സ്ഥലം കൂടിയാണ്. നടന്നു തളരുന്നവർക്ക് ഇരിക്കാം, ഇരുന്നു മടക്കുന്നവർക്കു കിടക്കാം. ക്ഷീണമുണ്ടെങ്കിൽ ജ്യൂസുകളാകാം, ഭക്ഷണങ്ങളാകാം. ഏതു രാജ്യത്തെ ഭക്ഷണവും ആഗ്രഹിക്കാം, ആസ്വദിക്കാം. ഗ്ലോബൽ വില്ലേജ് സഞ്ചാരികൾക്ക് സാധ്യതകളുടെ വിശാലകവാടം തുറന്നു സ്വാഗതം ചെയ്യുന്നു. 

global-village-03

വസ്ത്ര വിസ്മയങ്ങൾ

ജപ്പാന്റെ കിമോണയും കശ്മീരിന്റെ പഷ്മിനയും ഇവിടെ ലഭിക്കും. തായ്‌ലൻഡിലെയും അമേരിക്കയിലും വേഷവിധാനങ്ങൾ യഥേഷ്ടം വാങ്ങാം. അബായയിൽ എംബ്രോയിഡറി വർക്കിൽ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചിരിക്കുന്നു. പരമ്പരാഗത കറുത്ത അബായയ്ക്കു പുറമെ വിവിധ വർണങ്ങളിലും അബായ തയാറാക്കിയിരിക്കുന്നു. തണുപ്പിനെ തോൽപ്പിക്കാൻ നല്ല പതുപതുത്ത കുപ്പായങ്ങൾ. അഫ്ഗാനിൽ നിന്നും സിറിയയിൽ നിന്നും ഇന്ത്യയിൽ നിന്നും രോമക്കുപ്പായങ്ങൾ എത്തിയിട്ടുണ്ട്. ഒമാനികളുടെ പരമ്പരാഗത വേഷത്തിനു രാജകീയ പ്രൗഡി. ചൈനയും ആഫ്രിക്കയും അവരുടെ പ്രാദേശിക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പിറന്നു വീണ കുട്ടികൾ മുതൽ മുതർന്നവർക്കു വരെയുള്ള എല്ലാത്തരം വസ്ത്രങ്ങളും ഇവിടെ ലഭ്യം. വില പേശാം ഇഷ്ടം പോലെ വാങ്ങാം. ഹൈദരാബാദ്, ഗുജറാത്ത്, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള കൈത്തറിക്കാർ ഇന്ത്യൻ പവലിയനിലുണ്ട്. ഗ്ലോബൽ വില്ലേജ് ഒരു വലിയ വസ്ത്രശാല പോലെ വിശാലം. 

ഗ്ലോബൽ വില്ലേജിന്റെ പ്രവേശന കവാടം
ഗ്ലോബൽ വില്ലേജിന്റെ പ്രവേശന കവാടം

അവിസ്മരണീയ പുതുവർഷം

7 സമയ മേഖലകളിൽ പുതുവർഷം ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ ക്ഷണിക്കുന്നു. 31ന് രാത്രി 8 മുതൽ പുതുവൽസരാഘോഷം തുടങ്ങും. 8നു ഫിലിപ്പീൻസിനൊപ്പമാണ് പുതുവർഷം തുടങ്ങുന്നത്. 9ന് തായ്‌ലൻഡിന്റെ പുതുവർഷം, 10ന് ബംഗ്ലാദേശും, 10.30ന്, ഇന്ത്യയും 11ന് പാക്കിസ്ഥാനും 12ന് യുഎഇയും 1 മണിക്ക് തുർക്കിയും പുതുവൽസരം ആഘോഷിക്കും. ഒരു രാത്രിയിൽ 7 പുതുവൽസര ആഘോഷങ്ങൾ. ഡാൻസ്, ഡിജെ ഉൾപ്പെടെ വമ്പൻ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്. 

global-village
ഗ്ലോബൽ വില്ലേജിലെ രാത്രി ദൃശ്യം. ചിത്രം: മനോരമ

പവലിയനുകൾ

കൊറിയ, ബഹ്റൈൻ, കുവൈത്ത്, പലസ്തീൻ, ഒമാൻ, ഖത്തർ, അൽ സനാ, ഖലീഫ ഫൗണ്ടേഷൻ, ഇറാൻ, സിറിയ, ലബനൻ, റഷ്യ, സൗദി അറേബ്യ, തായ്‌ലൻഡ്, യൂറോപ്പ്, യമൻ, ഈജിപ്ത്, മൊറോക്കോ, അമേരിക്ക, അഫ്ഗാനിസ്ഥാൻ, തുർക്കി, ജപ്പാൻ, ആഫ്രിക്ക, യുഎഇ, ചൈന, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ പവലിയനുകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്. 

global-village-02

അടുത്ത വർഷം ഏപ്രിൽ 29വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും വ്യാഴം മുതൽ ശനിവരെ വൈകുന്നേരം 4 മുതൽ രാത്രി 1 മണിവരെയും ഗ്ലോബൽ വില്ലേജ് സന്ദർശിക്കാം. 

കലാ സായാഹ്നങ്ങൾ

global-village1
ഗ്ലോബൽ വില്ലേജിലെ രാത്രി ദൃശ്യം. ചിത്രം: മനോരമ

ബോളിവുഡ് പോപ് ഗായിക നേഹാ കക്കറാണ് ഇത്തവണ മുഖ്യ ആകർഷണം. 21ന് രാത്രി 8ന് അവർ ഗ്ലോബൽ വില്ലേജിനെ ഇളക്കിമറിക്കാനെത്തും. ഓരോ പവലിയനുകളിലും അതതു രാജ്യത്തിന്റെ കലാപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. 

വെടിക്കെട്ട്

global-village2
ഗ്ലോബൽ വില്ലേജിലെ രാത്രി ദൃശ്യം. ചിത്രം: മനോരമ

സംഗീതത്തിന്റെ അകമ്പടിയോടു കൂടിയ വെടിക്കെട്ടിന് എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജ് സാക്ഷ്യം വഹിക്കും. രാത്രി 9ന് വെടിക്കെട്ട് തുടങ്ങും. 

global-village-01

ടിക്കറ്റ് നിരക്ക്

എനി ഡേ ടിക്കറ്റ്: 25 ദിർഹം ഓൺലൈൻ വഴി എടുത്താൽ 22.5 ദിർഹം – ഒഴിവു ദിവസമെന്നോ ആഴ്ച ദിവസമെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്ന ടിക്കറ്റ്. 

global-village3
ഗ്ലോബൽ വില്ലേജിലെ രാത്രി ദൃശ്യം. ചിത്രം: മനോരമ

വാല്യു ടിക്കറ്റ്:. 20 ദിർഹം ഓൺലൈൻ വഴി എടുത്താൽ 18 ദിർഹം – ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പ്രവേശനം. ഈ ദിവസങ്ങളിൽ പൊതു അവധിയുണ്ടെങ്കിൽ ഈ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയില്ല. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ടിക്കറ്റില്ല. 

അധിക സൗകര്യങ്ങൾ

global-village4
ഗ്ലോബൽ വില്ലേജിലെ രാത്രി ദൃശ്യം. ചിത്രം: മനോരമ

പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കഴുകാം, കുട്ടികളുമായി എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ലഭ്യമാണ്, ട്രോളികളുമായി ഒപ്പം വരാൻ പോർട്ടർമാർ ഉണ്ടാവും, ഫ്രീ വൈഫൈ, ശുചിമുറികൾ, ഇലക്ട്രിക് ബഗികൾ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ചക്ര കസേരകൾ, ലണ്ടൻ ബസ്, ട്രാമുകൾ തുടങ്ങിയവ സന്ദർശകരുടെ സൗകര്യാർഥം ഗ്ലോബൽ വില്ലേജിൽ ലഭ്യമാണ്. ഇതിനു പ്രത്യേകം പണം നൽകണമെന്നു മാത്രം.

English Summary : Dubai Global Village announces 7 New Year's eve fireworks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com