ദോഹ∙ ലോകകപ്പ് സ്വപ്‌നങ്ങൾ യാഥാർഥ്യമായതിനു ശേഷമുള്ള പുതു വർഷമാണിത്. 2010 ൽ ലോകകപ്പ് ആതിഥേയത്വം ലഭിച്ച നാൾ മുതൽ പ്രതീക്ഷകളും സ്വപ്‌നങ്ങളും അതിലുപരി ഫുട്‌ബോൾ ആവേശവുമായാണ് ഖത്തറിലെ പ്രവാസികൾ ഉൾപ്പെടുന്ന സമൂഹം ഓരോ പുതു വർഷങ്ങളും വരവേറ്റത്.
ലോകകപ്പ് കഴിഞ്ഞുള്ള പുതുവത്സരത്തിൽ ദോഹയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ ഇനിയുള്ള പ്രതീക്ഷകൾ, സ്വപ്‌നങ്ങൾ എന്തൊക്കെയെന്നറിയാം. എല്ലാ പ്രവാസി മലയാളികൾക്കും നാടിന്റെ നന്മനിറഞ്ഞ പുതുവത്സരാശംസകൾ.

വിപണി കുതിക്കാൻ കാത്ത്
കഴിഞ്ഞ 12 വർഷവും ലോകകപ്പിനെത്തുന്ന ആരാധകർക്ക് മികച്ച ഉൽപന്നങ്ങളും സേവനങ്ങളും ഉറപ്പാക്കണമെന്നതിൽ ശ്രദ്ധ ചെലുത്തിയാണ് ഔദ്യോഗിക ജീവിതം മുന്നോട്ടു പോയിരുന്നത്. ഹൈപ്പർ മാർക്കറ്റ് മേഖലയിൽ വലിയ തരംഗം സൃഷ്ടിച്ചില്ലെങ്കിലും കോവിഡ് പ്രതിസന്ധികളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന വിപണിയെ സജീവമാക്കി നിലനിർത്താൻ ലോകകപ്പിന് കഴിഞ്ഞു. ഹോർട്ടികൾചറൽ എക്‌സ്‌പോ ഉൾപ്പെടെയുള്ള വലിയ ഇവന്റുകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുമെന്നതിനാൽ കച്ചവട മേഖലയിൽ ഗണ്യമായ വളർച്ചാ സ്ഥിരത കൈവരിക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ-അബ്ദുല്‍ സമദ്, മാര്‍ക്കറ്റിങ് മാനേജര്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് സ്വദേശം-കൂര്‍ക്കഞ്ചേരി, തൃശൂര്‍.

അത്ഭുതങ്ങൾ വിടരുന്ന വർഷം
വ്യക്തിപരമായി ഒരുപാട് അനുഗ്രഹങ്ങൾ ലഭിച്ച വർഷമാണ് കടന്നുപോയത്. ഖത്തർ തന്ന വൊളന്റിയർ റോളിലൂടെ ലോകകപ്പ് ഉദ്ഘാടനവും ഫൈനലുമടക്കം കാണാനും ലോകകപ്പിനൊപ്പം നടക്കാനുമുള്ള സൗഭാഗ്യം ഉണ്ടായി. ഒരു ഉത്സവം കഴിഞ്ഞ പ്രതീതിയിൽ പുതുവത്സരഞ്ഞെ വരവേൽക്കുമ്പോൾ ഖത്തറിൽ ജീവിക്കുന്ന എനിക്ക് ഇനിയും ഒരുപാട് പ്രതീക്ഷകളുണ്ട്. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമുള്ള രാജ്യമാണിത്. നടക്കാനിരിക്കുന്ന എക്‌സ്‌പോ, ഏഷ്യൻകപ്പ്, ഏഷ്യൻ ഗെയിംസ് കൂടാതെ ഒളിംപിക്‌സ് ഉൾപ്പെടെ മറ്റ് സ്വപ്നങ്ങളും ഖത്തറിന്റെ ഇനിയുള്ള പദ്ധതിയിൽ ഉണ്ട്. ഖത്തർ തുറക്കുന്ന അത്ഭുതച്ചെപ്പിന്റെ ഭാഗമാകാൻ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്-മുഹമ്മദ് റാഫി ഫിഫ ലോകകപ്പ് വൊളന്റിയര്‍ എന്‍ജിനീയര്‍, കഹ്‌റാമ സ്വദേശം-പെരിങ്ങത്തൂര്‍ കായപ്പനച്ചി, കോഴിക്കോട്.

നന്മ തുടരാൻ നല്ല നാളുകൾ
ലോകകപ്പ് സമ്മാനിച്ച നല്ല പാഠങ്ങൾ ഉൾക്കൊണ്ടാണ് പുതു വർഷത്തെ സ്വാഗതം ചെയ്യുന്നത്. ലോകകപ്പ് കാലത്ത് ഡ്രൈവിങ് ജോലി സാമ്പത്തികമായി പ്രയോജനപ്പെട്ടു. പലദേശക്കാർ, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ, പലതരം സംസ്‌കാരങ്ങളിൽ നിന്നെത്തിയവർ ഇങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവരെ പരിചയപ്പെടാനും പുതിയ സൗഹൃദങ്ങൾ ലഭിക്കാനും കഴിഞ്ഞുവെന്നത് അതിലും വലിയ നേട്ടമാണ്. ഇനിയുള്ള നാളുകളിലും ദോഹ വലിയ ഇവന്റുകൾക്ക് വേദിയാകുമെന്നു തന്നെയാണ് പ്രതീക്ഷ. ലോകകപ്പിന്റെ സമയത്ത് ലഭിച്ച നല്ല പാഠങ്ങൾ മുന്നോട്ടുള്ള ജീവിതത്തിൽ ഉപകാരപ്പെടുമെന്നു തന്നെയാണ് കരുതുന്നത്-മുഹമ്മദ് ഷാജഹാൻ ടാക്‌സി ഡ്രൈവർ സ്വദേശം- താമരശേരി, കോഴിക്കോട്.

മാറ്റങ്ങളുടെ കാലം
40 റിയാലും 4,000 റിയാലും കൈവശമുണ്ടായിരുന്നവർക്ക് ഒരുപോലെ ആസ്വദിക്കാൻ കഴിഞ്ഞ ഫിഫ ലോകകപ്പിനാണ് 2022 സാക്ഷ്യം വഹിച്ചത്. മലയാളി, നോർത്ത് ഇന്ത്യൻ മുഖങ്ങൾ മാത്രം കണ്ട ദോഹയിലെ ഇന്ത്യൻ റസ്റ്ററന്റുകൾക്ക് വിവിധ ലോകരാജ്യങ്ങളിൽ നിന്നെത്തിയ വ്യത്യസ്ത മുഖങ്ങൾ കാണാനും ലോകകപ്പ് വഴിതെളിച്ചു. ഭക്ഷണ-പാനീയ മേഖലയുടെ വിൽപനയും കുതിച്ചു. ലോകകപ്പ് നൽകിയ അവസരങ്ങളിലൂടെ മൊത്തത്തിൽ ഉണ്ടായ ബിസിനസ് വളർച്ച ദോഹയിലെ റസ്റ്ററന്റ് മേഖലയിൽ ഇനിയങ്ങോട്ടും ഗുണകരമായ മാറ്റം സൃഷ്ടിക്കും-അലക്‌സ് വര്‍ഗീസ് റസ്റ്ററന്റ് കണ്‍സല്‍ട്ടന്റ്, സ്വദേശം-മണിമല, കോട്ടയം.

സന്ദർശകർക്കായി പ്രതീക്ഷയോടെ
വിനോദസഞ്ചാര,യാത്രാ മേഖലയിൽ വലിയ പ്രതീക്ഷകൾ സമ്മാനിച്ചാണ് 2022 കടന്നു പോയത്. ലോകകപ്പ് ആതിഥേയത്വത്തിലൂടെ ഖത്തറിനെ അടുത്തറിയാനും സന്ദർശകർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമാണ് ഖത്തറെന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാനും കഴിഞ്ഞതിനാൽ ഏറ്റവും സുരക്ഷിതമായ മുൻനിര ടൂറിസം കേന്ദ്രമായി ഖത്തർ മാറുമെന്നതിൽ സംശയമില്ല. ലോകകപ്പിലൂടെ വിവിധ രാജ്യങ്ങളിലെ യാത്രാ ഏജൻസികളുമായി അടുത്തിടപഴകാനും ഖത്തറിന്റെ സാംസ്‌കാരിക കാഴ്ചകളിലേക്ക് സന്ദർശകരെ എത്തിക്കാനും കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. ഈ വർഷം നടക്കാനിരിക്കുന്ന എക്‌സ്‌പോ, ഫോർമുല വൺ ഉൾപ്പെടെയുള്ള ഇനിയും സന്ദർശകരെ ആകർഷിക്കും. അതിനാൽ ടൂറിസം, യാത്രാ മേഖലയ്ക്ക് പുത്തൻ ഊർജവും ഉണർവും സമ്മാനിക്കുന്ന വർഷമായി 2023 മാറുമെന്നു തന്നെയാണ് പ്രതീക്ഷ-യാസര്‍ റസിയ സീനിയര്‍ ട്രാവല്‍ കണ്‍സല്‍ട്ടന്റ് ഫാല്‍ ട്രാവല്‍ മാര്‍ട്ട് സ്വദേശം-തളിക്കുളം, തൃശൂര്‍.