അബുദാബി∙ വികസന ട്രാക്കിൽ അതിവേഗം കുതിക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കടൽ പാലം സജ്ജമായി. ഖലീഫ തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് റെയിൽ പദ്ധതിയിലെ ഏക കടൽപാലം. രാജ്യത്തെ ചരക്കുഗതാഗതം എളുപ്പമാക്കാനും ലോക രാജ്യങ്ങളുമായുള്ള ക്രയവിക്രയം ശക്തമാക്കാനും ഇതുവഴി സാധിക്കുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.
ഖലീഫ തുറമുഖ ചരക്ക് ടെർമിനലിൽ നിന്ന് 69 വാഗണുകളുള്ള 1.2 കിലോമീറ്റർ വരെ നീളുന്ന ട്രെയിനുകൾ പോകുന്നതു കാണാൻ കൗതുകമായിരിക്കും. ഈ പാലത്തിലൂടെ ചരക്കു തീവണ്ടി ഓടിത്തുടങ്ങിയാൽ 300 ലോറികളുടെ സേവനം അവസാനിപ്പിച്ച് ചരക്കുഗതാഗതം എളുപ്പമാക്കാം. ഇതുവഴി കാർബൺ മലിനീകരണവും കുറയ്ക്കാം. 4000 ടൺ സ്റ്റീൽ, 18,300 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 100 പ്രത്യേക ബീമുകൾ എന്നിവയാണ് ഒരു കി.മീ നീളമുള്ള കടൽപാല നിർമാണത്തിനായി ഉപയോഗിച്ചത്.
പദ്ധതിയിൽ ഏറ്റവും സങ്കീർണവും ബുദ്ധിമുട്ടുള്ളതുമായ പാലങ്ങളിൽ ഒന്നാണിതെന്ന് ഇത്തിഹാദ് റെയിലിലെ എൻജിനീയറിങ് ഡയറക്ടർ അഡ്രിയാൻ വോൾഹൂട്ടർ പറഞ്ഞു. പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമായിരുന്നു നിർമാണം. നിർമാണ ഘട്ടത്തിൽ കടലിലേക്കു മാലിന്യങ്ങൾ വീഴാതിരിക്കാൻ മണൽ കർട്ടനുകൾ സ്ഥാപിച്ചിരുന്നു. സമുദ്രത്തിന്റെ ഒഴിക്കിനോ പരിസ്ഥിതിക്കോ കോട്ടം തട്ടാതെ രാജ്യാന്തര നിലവാരത്തിൽ നിർമിച്ച പാലം 120 വർഷം നീണ്ടുനിൽക്കും.
ഖലീഫ തുറമുഖത്ത് എത്തുന്ന ചരക്കുകൾ ട്രെയിനിൽ രാജ്യത്തുടനീളം വേഗത്തിലും കാര്യക്ഷമമായും എത്തിക്കാൻ സാധിക്കും. പാലത്തിന് കുറുകെയുള്ള ലൈനിൽ അപകടമുണ്ടായാൽ ട്രെയിനിനെ സംരക്ഷിച്ചു നിർത്താൻ ട്രാക്കിനുള്ളിൽ ഗാർഡ് റെയിലുകളും സജ്ജമാക്കിയിട്ടുണ്ട്. പാളം തെറ്റിയാൽ ട്രെയിൻ കടലിൽ വീഴുന്നത് ഇതുവഴി തടയാനാകും.സൗദി–യുഎഇ അതിർത്തി മുതൽ ഒമാൻ അതിർത്തി വരെ 1200 കി.മീ നീളത്തിലുള്ള ഇത്തിഹാദ് റെയിലിന്റെ 75% ജോലികളും പൂർത്തിയായി.
താമസ, വ്യാവസായിക, ഉൽപാദന കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ് ഇത്തിഹാദ് റെയിൽ കടന്നുപോകുക. തുടക്കത്തിൽ ചരക്കുനീക്കമാണ് ലക്ഷ്യമെങ്കിലും 2024 അവസാനത്തോടെ യാത്രാ ട്രെയിനും ഓടിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. 303 കി.മീ ദൈർഘ്യമുള്ള യുഎഇ–ഒമാൻ സംയുക്ത റെയിലിൽ പദ്ധതിയുടെ നടപടികളും ട്രാക്കിലായി. ഭാവിയിൽ ജിസിസി റെയിലുമായും ബന്ധിപ്പിക്കും. ഇത്തിഹാദ് റെയിൽ പദ്ധതിയുടെ 265 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2015ൽ പൂർത്തിയിരുന്നു.
നിലവിൽ അബുദാബി അൽ ദഫ്രയിലെ ഷാ, ഹബ്ഷൻ വാതക മേഖലയിൽനിന്നു റുവൈസ് തുറമുഖം വരെയുള്ള പാതയിലൂടെ പ്രതിദിനം 22,000 ടൺ സൾഫർ കൊണ്ടുപോകുന്നുണ്ട്. പദ്ധതി പൂർണമാകുന്നതോടെ ചരക്കുനീക്കം 5 കോടിയായി വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.