ADVERTISEMENT

അബുദാബി∙ കേരള സിലബസ് പിന്തുടരുന്ന ദ് മോഡൽ സ്കൂളിൽ കെ.ജി. അഡ്മിഷൻ വൈകുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്ക. എമിറേറ്റിൽ ഏറ്റവും കുറഞ്ഞ ഫീസുള്ള മോഡൽ സ്കൂളിൽ കുട്ടികളെ ചേർക്കാൻ കാത്തിരിക്കുകയാണ് സാധാരണക്കാരായ പ്രവാസികൾ.  മലയാളികൾ മാത്രമല്ല മറുനാട്ടുകാരുൾപ്പെടെ 2 ഷിഫ്റ്റുകളിലായി അയ്യായിരത്തിലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

 

സാധാരണ ഒക്ടോബറിലാണ് അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നത്. വെബ്സൈറ്റ് വഴി അപേക്ഷിച്ചവരെ അഭിമുഖത്തിനു വിളിച്ച ശേഷം തിരഞ്ഞെടുക്കുന്നവരോട് രേഖകൾ സമർപ്പിച്ച് ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുകയാണ് പതിവ്. ഇത്തരം നടപടിക്രമങ്ങൾ ഡിസംബറിൽ തീരും. നിലവിൽ ഇതേ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്ക് (സിബ്ലിങ്സ്) മുൻഗണനയും ഉണ്ടായിരുന്നു.

 

ഇവർക്ക് അഡ്മിഷൻ നൽകിയ ശേഷമുള്ള സീറ്റുകളിൽ നറുക്കെടുത്താണ് മറ്റു അപേക്ഷകർക്ക് അഡ്മിഷൻ നൽകുന്നത്. പിന്നീട് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശാനുസരണം ഇസിസ് (eSis) സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത് പ്രവേശന നടപടികൾ പൂർത്തിയാക്കുകയാണ് പതിവ്. എന്നാൽ 3 മാസം പിന്നിട്ടിട്ടും  പ്രവേശന നടപടികൾ ആരംഭിച്ചിട്ടില്ല. നേരത്തെ ഓൺലൈൻ വഴി അപേക്ഷിച്ചവരോടും പുതുതായി എത്തുന്നവരോടും  അഡെകിന്റെ അനുമതി ലഭിച്ചാലെ അഡ്മിഷൻ തുടങ്ങൂവെന്നു മാത്രമാണ് സ്കൂൾ അധികൃതർ അറിയിക്കുന്നത്.

 

എന്നു തുടങ്ങും എന്നതു സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് നൽകാത്തത് രക്ഷിതാക്കളെയും പ്രയാസത്തിലാക്കുന്നു.  ഒക്ടോബർ, നവംബർ മാസങ്ങളിൽ അപേക്ഷ സ്വീകരിച്ച് മറ്റു സ്കൂളുകൾ പ്രവേശന നടപടികൾ പൂർത്തിയാക്കി. ഇനി അഡെകിന്റെ സിസ്റ്റത്തിൽ രേഖകൾ അപ് ലോഡ് ചെയ്യുക മാത്രമാണ് ശേഷിക്കുന്ന നടപടികളെന്ന് ഇതര സ്കൂളുകൾ അറിയിച്ചു. പുതിയ അഡ്മിഷനുവേണ്ടി സമീപിക്കുന്നവരെ സീറ്റില്ലെന്ന് അറിയിച്ച് മടക്കി അയയ്ക്കുകയാണ് മറ്റു സ്കൂളുകൾ. ദൂരദിക്കുകളിലുള്ള സ്കൂളുകളിൽ ചേർത്താൽ ചെറിയ കുട്ടികൾക്ക് മണിക്കൂറുകളോളം ബസിൽ യാത്ര ചെയ്യേണ്ടിവരും.

 

സെപ്റ്റംബറിൽ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ബ്രിട്ടിഷ് സിലബസ് സ്കൂളുകൾ വരെ അഡ്മിഷൻ നടപടികൾ തുടങ്ങിയതായും അറിയുന്നു. ഇനി വൻ തുക നൽകി മക്കളെ വിദേശ സിലബസ് സ്കൂളിൽ ചേർക്കേണ്ടിവരും. അതിനു സാധിക്കാത്തവർ മാർച്ച് വരെ കാത്തിരുന്ന ശേഷം അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ കുടുംബത്തെ നാട്ടിലേക്കു അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രിലിലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. അതിനാൽ നടപടികൾക്ക് ഇനിയും സമയം ഉണ്ടെന്നാണ് അഡെക് വ്യക്തമാക്കിയതെന്നും സൂചിപ്പിച്ചു. അനുമതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com