ദുബായ്∙പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ച 3 പേരെ 3 വർഷത്തെ തടവിനുശേഷം നാടുകടത്താൻ വിധിച്ചു.
പെൺകുട്ടിയുടെ സമ്മതമില്ലാതെ അനാശാസ്യത്തിന് നിർബന്ധിക്കുക, അപ്പാർട്ടമെന്റിൽ തടവിൽ പാർപ്പിച്ച് ചൂഷണം ചെയ്യുക, അനധികൃതമായി പാസ്പോർട്ട് പിടിച്ചുവയ്ക്കുക, 18 വയസ്സ് തികയാത്ത പെൺകുട്ടിയെ നൈറ്റ് ക്ലബിൽ ജോലിക്ക് വയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ആവശ്യക്കാരനെന്ന വ്യാജേന എത്തിയ പൊലീസിനോട് 3000 ദിർഹം ഫീസും 30 ദിർഹം റൂം വാടകയും വേണമെന്ന് ആവശ്യപ്പെട്ടു. സമ്മതം അറിയിച്ച പൊലീസ് വിവരം സഹപ്രവർത്തകനു കൈമാറുകയും റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
ഒരു മാസം മുൻപ് സന്ദർശക വീസയിൽ ദുബായിൽ എത്തിയതായിരുന്നു പെൺകുട്ടി. 2000 ദിർഹത്തിന് ഹോട്ടലിൽ ജോലിയുണ്ടെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് സമീപിച്ചയാൾ പെൺകുട്ടിയുടെ പാസ്പോർട്ട് കൈക്കലാക്കി ഫ്ലാറ്റിൽ അടച്ചായിരുന്നു ചൂഷണം. പ്രതികൾ ഏതു രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
English Summary : 3 jailed in UAE for forcing minor girl into prostitution