ദോഹ∙ തക്കാളി വിളവെടുപ്പ് കൂട്ടാൻ പുതിയ മാർഗങ്ങൾ തേടി ഗവേഷണ പദ്ധതി. ഖത്തർ ഫൗണ്ടേഷന്റെ കീഴിലെ ടെക്സാസ് എ ആൻഡ് എം സർവകലാശാലയാണ് ഖത്തർ നാഷനൽ റിസർച് ഫണ്ടിന്റെ സാമ്പത്തിക പിന്തുണയിൽ ഗവേഷണ പദ്ധതിക്ക് തുടക്കമിട്ടത്.
ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങളിൽ വലിയ പിന്തുണ നൽകുന്ന പ്രാദേശിക കമ്പനിയായ അഗ്രികോയുടെ അൽഖോറിലെ ഫാമുകളിലെ സൗകര്യങ്ങളാണ് ഗവേഷണത്തിനായി ഉപയോഗിക്കുന്നത്. തക്കാളിയുടെ ഉൽപാദനക്ഷമത, ഗുണമേന്മ എന്നിവ വർധിപ്പിക്കാനുള്ള പരിസ്ഥിതി, ഹൈഡ്രോപോണിക് തന്ത്രങ്ങൾ എന്ന തലക്കെട്ടിലാണ് ഗവേഷണം.
ഖത്തറിന്റെ കടുത്ത പരിസ്ഥിതിക്ക് അനുയോജ്യമായത് ഏതാണെന്ന് പരിശോധിക്കാൻ ലോകമെമ്പാടുമുള്ള തക്കാളിയുടെ വിവിധ ജനിതക രൂപങ്ങൾ ഗവേഷകർ വിലയിരുത്തും. ഗ്രാഫ്റ്റിങ്, ചെടികളുടെ സാന്ദ്രത, കീടനിയന്ത്രണം, വൻതേനീച്ചകളുടെ സഹായത്തോടെയുള്ള പരാഗണം എന്നിവയെക്കുറിച്ചും ഗവേഷകർ പഠനം നടത്തും. തക്കാളി ഉൽപാദനം വർധിപ്പിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികൾക്ക് ഉചിതമായ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.