ADVERTISEMENT

ദോഹ∙  പുറത്ത് തണുപ്പെങ്കിലും പ്രവാസി അടുക്കളത്തോട്ടങ്ങളിൽ വിളവെടുപ്പിന്റെ ചൂടാണിപ്പോൾ. കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ തുടങ്ങിയ ശൈത്യകാല കൃഷിയുടെ വിളവെടുപ്പു നടക്കുന്നു. യഥാസമയം മികച്ച പരിപാലനം നൽകുന്നതിനാൽ കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാൻ പച്ചക്കറി തോട്ടങ്ങൾക്ക് കഴിയുന്നു. കൃഷിയിടങ്ങളുടെ മുകൾഭാഗം ഗ്രീൻ നെറ്റ് കൊണ്ട് സംരക്ഷിച്ചിരിക്കുന്നതിനാൽ കാറ്റും മഴയും കാര്യമായി ബാധിക്കുന്നില്ല.

Also read: സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ്: ഭേദഗതികൾക്ക് അംഗീകാരം

പച്ചമുളക്, തക്കാളി, പാവയ്ക്ക, പടവലങ്ങ, വഴുതനങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, കാരറ്റ് തുടങ്ങി ചീര, മല്ലിയില, പുതിനയില, പാഴ്‌സലി, ലെറ്റൂസ് എന്നിങ്ങനെ പച്ചക്കറി ചന്തകളിൽ ലഭിക്കുന്ന ഭൂരിഭാഗം ഇനങ്ങളും സ്‌ട്രോബറി, ഷമാം, മുന്തിരി, തണ്ണിമത്തൻ തുടങ്ങിയ പഴവർഗങ്ങളും മിക്കവരുടെയും അടുക്കളത്തോട്ടങ്ങളിലുണ്ട്. പച്ചക്കറികളും പഴങ്ങളും സുഹൃത്തുക്കളുടെ അടുക്കളകളിലേക്കും പങ്കിട്ടു നൽകുന്നവരാണ് കൂടുതൽ പേരും.

ആവശ്യമായ പച്ചക്കറികൾ വീട്ടിലെ തോട്ടത്തിൽ തന്നെ കൃഷി ചെയ്‌തെടുക്കുന്നവരായി മിക്ക പ്രവാസികളും മാറി കഴിഞ്ഞു.  ചെത്തി, തുളസി, വിവിധ തരം റോസ്, മുല്ല, ജമന്തി, ചെമ്പരത്തി എന്നിങ്ങനെ നല്ലൊരു പൂന്തോട്ടവും ഉണ്ട്. മുറ്റമില്ലാത്തവർക്ക് ടെറസും ബാൽക്കണിയും മറ്റുമാണ് കൃഷിയിടങ്ങൾ-പ്രത്യേകിച്ചും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക്.

വീട്ടിൽ തന്നെ തയാറാക്കുന്ന ജൈവ വളങ്ങൾ ഉപയോഗിക്കുന്നതിനാൽ കൂടുതൽ വിളവ് കിട്ടുന്നു. കീടങ്ങളെ തുരത്താനും നാടൻ പ്രയോഗങ്ങൾ തന്നെ. വീട്ടമ്മമാർ മാത്രമല്ല ജോലി ചെയ്യുന്ന വനിതകളും കൃഷി കാര്യത്തിൽ മുൻനിരയിലാണ്. ജോലിത്തിരക്കിനിടയിൽ സമയം കിട്ടുന്നതെങ്ങനെ എന്നു ചോദിച്ചാൽ കൃഷി ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ അടുക്കളത്തോട്ടങ്ങൾ സമൃദ്ധമാകുമെന്നാണ് മറുപടി.

പ്രവാസികൾക്കിടയിൽ കൃഷി കാര്യത്തിൽ ആരോഗ്യകരമായ മത്സരവുമുണ്ട്. ഏറ്റവും കൂടുതൽ വ്യത്യസ്ത ഇനം പച്ചക്കറികളും പൂച്ചെടികളും കൃഷി ചെയ്യുന്നതിലാണ് മത്സരം. രാസവളപ്രയോഗമില്ലാതെ പൂർണമായും ജൈവ കൃഷിയിലൂടെ തഴച്ചു വളരുന്ന കാർഷിക സമൃദ്ധിയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലും തരംഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com