ADVERTISEMENT

അബുദാബി/ദുബായ്∙ യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ഷാർജ, ഫുജൈറ എമിറേറ്റുകളിലെ ചില സ്കൂളുകൾ ഇന്നലെ ഉച്ചയോടെ അടച്ചു. ശക്തമായ മഴ തുടരുമെന്ന അറിയിപ്പുള്ളതിനാൽ ഷാർജയിലും റാസൽഖൈമയിലും പഠനം ഓൺലൈനിലേക്കു മാറ്റി. ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നലെ രാത്രി 8ന് അടച്ചു.

Also read: ഇത്തിഹാദ് റെയിൽ: ഏറ്റവും വലിയ പാലം യാഥാർഥ്യമായി

ഷാർജയിലെ റോഡുകളിൽ കനത്ത മഴയെത്തുടർന്ന് വെള്ളം നിറഞ്ഞപ്പോൾ.
ഷാർജയിലെ റോഡുകളിൽ കനത്ത മഴയെത്തുടർന്ന് വെള്ളം നിറഞ്ഞപ്പോൾ.

ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലാണ് മഴ ശക്തമായത്. അബുദാബി നഗരത്തിൽ ചാറ്റൽ മഴയായിരുന്നുവെങ്കിലും മദീനത് അൽ റിയാദിലും ഷാർജയിലെ ഖത്താഹിലും ആലിപ്പഴ വർഷത്തോടെയായിരുന്നു മഴ. ഈ ആഴ്ച രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അൽഐൻ, അൽ റസീൻ, അൽ അബ്ജാൻ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു.

 

അബുദാബി മദീന അൽ റിയാദിൽ ആലിപ്പഴ വർഷം.
അബുദാബി മദീന അൽ റിയാദിൽ ആലിപ്പഴ വർഷം.

മഴയെത്തുടർന്ന് കൽബയിലെ സ്കൂളുകൾക്കും ഉച്ചമുതൽ അവധി നൽകി.  നേരത്തെ തീരുമാനിച്ച പഠന യാത്രകളും സ്കൂളുകൾ റദ്ദാക്കി. ശക്തമായ കാറ്റിലും മഴയിലും ദൃശ്യ പരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഓർമിപ്പിച്ചു. മഴ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വേഗം കുറച്ചും വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. 

 

വരും ദിവസങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. മണിക്കൂറിൽ 55 കി.മീ വരെ വേഗത്തിൽ കാറ്റു വീശും. കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കടലിൽ കുളിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 

ഷാർജയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തനടിയിലായി. മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് റോഡുകളിലെ വെള്ളക്കെട്ട് നീക്കുന്നത്. കടൽതീരങ്ങളിലും താഴ്‌വാരങ്ങളിൽനിന്നും ജനങ്ങൾ വിട്ടുനിൽക്കണം.

 

3 ദിവസം; 13 തവണ ക്ലൗഡ് സീഡിങ്

 

അബുദാബി∙ യുഎഇയിൽ 3 ദിവസത്തിനിടെ 13 തവണ ക്ലൗഡ് സീഡിങ് (കൃത്രിമ മഴ പെയ്യിക്കുന്ന രീതി)  നടത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനുവരിയിൽ മാത്രം 44 തവണ ക്ലൗഡ് സീഡിങ് നടത്തി. ഇതാണ് മഴയ്ക്കു കാരണമെന്ന് വ്യക്തമായി പറയാനാകില്ലെന്നും സൂചിപ്പിച്ചു. 6 വർഷത്തിനിടെ ക്ലൗഡ് സീഡിങ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി.

 

ഇതിന്റെ ഭാഗമായി യുഎഇയിൽ മഴ 25% വർധിച്ചു. അബുദാബിയിൽ നടന്ന ഇന്റർനാഷനൽ റെയിൻ എൻഹാൻസ്മെൻറ് ഫോറത്തിലാണ് കണക്കുകൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം 311 ക്ലൗഡ് സീഡിങ്ങാണ് നടത്തിയത്.2016ൽ ഇത് 177 മാത്രമായിരുന്നു ഇത്. 

 

ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

 

ഫുജൈറ∙ കനത്ത മഴയിൽ ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. ഫുജൈറ സകംകം ഏരിയയിലെ യബ്സ സ്ട്രീറ്റിൽ പുലർച്ചെ 5.40നായിരുന്നു അപകടം. ഇതേത്തുടർന്ന് ഗതാഗതം 8 മണിക്കൂർ തടസ്സപ്പെട്ടു.

 

റോഡുകള്‍ താത്കാലികമായി അടച്ചു

ദുബായ് ∙  മഴയെ തുടർന്ന് ദുബായിൽ പല പ്രധാന റോഡുകളും താത്കാലികമായി അടച്ചു. അൽ അസയേൽ സ്ട്രീറ്റും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റും രണ്ട് ദിശകളിലേക്കും അടച്ചതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.  മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അൽ അസയേൽ സ്‌ട്രീറ്റിന്റെ ലത്തീഫ ബിൻത് ഹംദാൻ സ്‌ട്രീറ്റിന്റെ കവലയും സ്‌ട്രീറ്റിന്റെ ഇരുവശങ്ങളും അടച്ചു. യാത്രക്കാർ ബദൽ റോഡുകളായ അൽ ഖൈൽ സ്‌ട്രീറ്റ്, ലത്തീഫ ബിന്റ് ഹംദാൻ സ്‌ട്രീറ്റ്, ഉമ്മു സുഖീം സ്‌ട്രീറ്റ് എന്നിവ ഉപയോഗിക്കണമെന്ന്  ആർടിഎ ട്വിറ്ററിൽ കുറിച്ചു. ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് നിർദേശം നൽകി.

 

അതേസമയം, ആർ‌ടി‌എ ടീമുകളും ബന്ധപ്പെട്ട അധികാരികളും റോഡുകളിലെ മഴവെള്ളം ഒഴിവാക്കാൻ പ്രവർത്തിക്കുന്നു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും സാമാന്യം ശക്തമായ മഴ ലഭിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ  പ്രവചനം. വിവിധ എമിറേറ്റുകളിൽ ശനിയാഴ്ച വരെ മഴ തുടരും. അതേസമയം തെളിഞ്ഞ കാലാവസ്ഥയുമായിരിക്കും. അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരുമെന്നതിനാൽ കാൽനടക്കാർ പുറത്തിറങ്ങുമ്പോൾ കുടയും റെയിൻ കോട്ടും കരുതുക. താഴ് വരകളിൽ  വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട് എന്നതിനാൽ  അവിടേക്ക് ഇറങ്ങരുതെന്ന്  ദുബായ്, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലെ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com