റിയാദ് ∙ ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബിലകപ്പെട്ടും നാട്ടില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ സാധിച്ചുവെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ.
പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയ രാജ്യത്തിന്റെ നിയമ പരിധിയില്‍ നിന്ന് ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എംബസി സാമൂഹികക്ഷേമ വിഭാഗം ഇക്കാര്യത്തില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. പുതുതായി ചുമതലയേറ്റ സ്ഥാനപതി എംബസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സൗദിയിലേക്ക് ജോലിതേടി വരുന്നവർ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണം. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ റജിസ്റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അത് ആവശ്യമാണ്. നിലവിൽ സൗദിയിലുള്ള ഇന്ത്യക്കാരോട് എംബസിയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാൻ അംബാസഡർ ആവശ്യപ്പെട്ടു. ആവശ്യഘട്ടങ്ങളിൽ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കാൻ അത് എംബസിക്ക് സഹായകമാകും.
പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ഇന്ത്യൻ എംബസി എല്ലായ്പ്പോഴും ഓപൺ ഹൗസായാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റവും ഊഷ്മളമായ ബന്ധമാണുള്ളതെന്നും ഡോ. സുഹൈൽ അജാസ് പറഞ്ഞു.