ദുബായ്∙ മഞ്ഞിൻകുപ്പായമണിഞ്ഞ ഫ്രഞ്ച് ആൽപ്‌സ് പർവതനിരകളിൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആവേശകരമായ സ്കീ യാത്രയ്ക്കു ശേഷം ദുബായ് കിരീടാവകാശി വീണ്ടും നഗരത്തിൽ തിരിച്ചെത്തി.
Also read : വ്യവസായ മേഖല ഉണരും; യുഎഇയിൽ ബിസിനസ് ചെയ്യാനുള്ള ചെലവ് കുറയുന്നു
അദ്ദേഹത്തെ ഇവിടെ സ്വീകരിച്ചതു കനത്ത മഴയിൽ തണുത്തുറഞ്ഞ സ്വന്തം രാജ്യം. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറികളിലേക്കു മഴമേഘങ്ങൾ കവിത രചിക്കുന്ന, വിമാനത്തില്‍ നിന്നു പകർത്തിയ ദുബായുടെ ഗംഭീരമായ ഒരു ചിത്രം പങ്കിട്ടാണു തന്റെ തിരിച്ചുവരവ് ലോകത്തെ അറിയിച്ചത്.

തെക്കുകിഴക്കൻ ഫ്രാൻസിലെ കോർഷെവലിലെ അവധിക്ക് ശേഷമാണ് ഷെയ്ഖ് ഹംദാൻ എമിറേറ്റിൽ തിരിച്ചെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ലിങ്ക്ഡ് സ്കീ ഏരിയയായ ലെസ് ട്രോയിസ് വല്ലീസിന്റെ ഭാഗമായ സ്കീ റിസോർട്ടിൽ സമയം ചെലവഴിച്ചിരുന്നു. യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം 15.3 ദശലക്ഷം ഫോളോവേഴ്‌സുള്ള തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പങ്കുവെച്ച സ്‌നാപ്പുകളിൽ തൂവെള്ള മഞ്ഞിൽ പുതച്ച പർവതശിഖരങ്ങളുടെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും ഒരു നായയുടെയും പുഞ്ചിരിക്കുന്ന മഞ്ഞുമനുഷ്യന്റെയും മനോഹരമായ ഫോട്ടോകളുമുണ്ട്.

എല്ലാ ചിത്രങ്ങളിലും ഏറ്റവും ഹൃദയസ്‌പർശിയായത് കിരീടാവകാശി തന്റെ ഇരട്ടകളായ റാഷിദിനെയും ഷെയ്ഖയെയും കൈകോർത്തു മഞ്ഞിലൂടെ നടക്കുന്നതാണ്. കുഞ്ഞു റാഷിദ് ഒരു ജോടി നീല സ്കീ ഗോഗിൾസും ഇരുണ്ട ജാക്കറ്റും ഇതിന് ചേരുന്ന പാന്റും നീല കയ്യുറകളും ധരിച്ചിരിക്കുമ്പോൾ, ഷെയ്ഖ തല മുതൽ കാൽ വരെ പിങ്ക് നിറത്തിൽ മൂടിയിരിക്കുന്നു. മറ്റൊരു ഫോട്ടോയിൽ, റഷീദിനെ മടിയിൽ കിടത്തി, മഞ്ഞുമൂടിയ ഒരു പർവതത്തിൽ നിന്ന് താഴേയ്ക്ക് നീങ്ങുന്ന ഷെയ്ഖ് ഹംദാനെ കാണാം. അവിടെ താപനില -13 ഡിഗ്രി സെൽഷ്യസ് വരെ മഞ്ഞുമൂടിയതാണ്.
English Summary : Sheikh Hamdan returns home after ski trip in the French Alps