അബുദാബി∙ യുഎഇയിലെ താമസക്കാർക്ക് ലോകത്ത് എവിടെ ഇരുന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സന്ദർശക വീസ എടുക്കാം. UAEICP സ്മാർട്ട് ആപ് വഴിയാണ് സൗകര്യം ലഭ്യമാകുക.
Also read: മഴ നനഞ്ഞ് വാരാന്ത്യം; ഖത്തറിൽ മഴ ഇന്നും തുടരും
സന്ദർശക വീസ ഉൾപ്പെടെ ഒട്ടേറെ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഇടനിലക്കാരില്ലാതെ നേരിട്ട് വീസ എടുക്കാൻ സാധിക്കുന്നതിനാൽ പണവും സമയവും ലാഭിക്കാം. സ്മാർട് ആപ് ഇൻസ്റ്റാൾ ചെയ്താൽ യുഎഇ പാസ് ഉപയോഗിച്ചോ യൂസർ ഐഡിയും പാസ് വേഡും ക്രിയേറ്റ് ചെയ്തോ ഉപയോഗിക്കാം.
നടപടിക്രമങ്ങൾ
സ്റ്റാർട്ട് എ ന്യൂ സർവീസിൽ ക്ലിക് ചെയ്ത് ന്യൂ വീസ ഓപ്ഷൻ എടുക്കുക, 30/60 ദിവസ വീസ കാലാവധി ആവശ്യാനുസരണം തിരഞ്ഞെടുക്കുക, സന്ദർശകന്റെ പൂർണ വിവരങ്ങൾ തെറ്റുകൂടാതെ നൽകുക, ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ചാൽ വീസ ലഭിക്കും.