അബുദാബി∙ യുഎഇയിൽ ഏതാനും ദിവസമായി തുടരുന്ന മഴയ്ക്ക് ശമനമായി. ഇന്നലെ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നുവെങ്കിലും കാര്യമായ മഴ പെയ്തില്ല. അസ്ഥിര കാലാവസ്ഥയ്ക്ക് അറുതി വന്നതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തണുത്ത കാലാവസ്ഥ ഇഷ്ടപ്പെടുന്നവർ പുറത്തിറങ്ങി മഴ ആസ്വദിച്ചു.
കുട്ടികളും മഴവെള്ളത്തിൽ കളിക്കാനിറങ്ങി. നാടിന്റെ ഓർമയിൽ പ്രവാസി മലയാളികളും മഴ ആസ്വദിച്ചു. കനത്ത മഴയെ തുടർന്ന് വിവിധ എമിറേറ്റുകളിൽ റോഡുകളിലെ വെള്ളക്കെട്ട് മോട്ടോർ ഉപയോഗിച്ചാണ് നീക്കം ചെയ്തത്. ഗതാഗതം തടസ്സപ്പെട്ട റോഡുകളിലെ വെള്ളവും ചെളിയും നീക്കി യാത്രാ യോഗ്യമാക്കി.