ADVERTISEMENT

ദുബായ്/ന്യൂഡൽഹി ∙ താൻ യാത്ര ചെയ്യുന്ന വിമാനം തട്ടിക്കൊണ്ടുപോയെന്ന് ട്വീറ്റ് ചെയ്ത ദുബായിലെ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ ന്യൂ‍ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായി. ദുബായിലെ ഒരു ടെക്‌നോളജി കമ്പനിയിൽ ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശി മോത്തി സിങ് റാത്തോഡാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഗുരുതരമായ മൂന്ന് കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി ഡൽഹി പൊലീസ് പറഞ്ഞു. 

 

ആളുകളെ ഭയപ്പെടുത്തി ശ്രദ്ധ നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ വ്യാജ സന്ദേശം ട്വീറ്റ് ചെയ്തത്. ബുധനാഴ്ച ദുബായിൽ നിന്ന് ജയ്പൂരിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ റാത്തോഡ് യാത്ര ചെയ്യുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെ വിമാനം ന്യൂഡൽഹി വിമാനത്താവളത്തിൽ മണിക്കൂറുകളോളം നിർത്തിയിട്ടു. ഉച്ചയ്ക്ക് ശേഷമാണ് പുറപ്പെടാനുള്ള അനുമതി ലഭിച്ചത്.

 

"എസ്‌ജി 58 ദുബായ് ടു ജയ്പൂർ ഹൈ ജാക്ക്" എന്ന് ട്വീറ്റ് ചെയ്യുകയും ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്തതിനെ തുടർന്ന് റാത്തോ‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വളരെ ഗുരുതരമായ കുറ്റമാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഡൽഹി പൊലീസ് പറഞ്ഞു.  ട്വീറ്റ് ചെയ്യുമ്പോൾ റാത്തോഡ് വിമാനത്തിലായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നാലോ അഞ്ചോ മണിക്കൂർ വിമാനം നിർത്തിയിട്ടതിനാൽ ആ ദേഷ്യവും നിരാശയുമാണ്  ട്വീറ്റ് ചെയ്യാൻ കാരണമെന്ന് റാത്തോഡ് മൊഴിനൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്നുള്ള ട്വിറ്റർ പോസ്റ്റുകളിൽ റാത്തോഡ് ക്ഷമാപണം നടത്തി. തനിക്ക് ദേഷ്യം വന്നെന്നും വിമാനം വൈകിയെന്നാണ് പറയാൻ ഉദ്ദേശിച്ചതെന്നും പറഞ്ഞു.  പൊതുജനങ്ങളിൽ ഭയവും ഭീതിയും ഉളവാക്കാനുള്ള ഉദ്ദേശ്യം, തെറ്റായ സന്ദേശം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com