ഖത്തറിൽ ഇന്ത്യൻ മത്സ്യം ചട്ടിക്ക് പുറത്ത്

fish
SHARE

ദോഹ∙ ഖത്തർ വിപണിയിൽ ഇന്ത്യൻ മത്സ്യം കിട്ടാക്കനിയായിട്ട് മാസങ്ങളേറെ. എന്നാൽ വിപണിയിൽ പ്രാദേശിക മീൻ ഒട്ടേറെയുണ്ട്. ഇന്ത്യയിൽ നിന്നെത്തുന്ന ഫ്രഷ്, ശീതീകരിച്ച മീനുകളിൽ രാസവസ്തുക്കൾ കലർത്തിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് ഇറക്കുമതി നിരോധിച്ചത്.

Also read: ജോലിക്കിടെയുള്ള ഗുരുതര വൈകല്യത്തിന് കൂടുതൽ നഷ്ടപരിഹാരത്തിന് ഉത്തരവ്

ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മീനുകൾക്കും വിലക്കുണ്ട്. പ്രശ്‌നം പരിഹരിക്കാൻ ഖത്തർ സർക്കാരുമായി ചർച്ച നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം ദോഹയിലെ വ്യാപാരികളും ഇന്ത്യൻ എംബസി അധികൃതരും യോഗം ചേർന്നിരുന്നു. ലോകകപ്പ് കഴിയുമ്പോൾ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ലെന്ന് സഫാരി ഹൈപ്പർമാർക്കറ്റ് ഫ്രഷ് ഫുഡ് വിഭാഗം റീജനൽ മാനേജർ മുഹമ്മദ് ഫൈസൽ പറഞ്ഞു.

ഇന്ത്യയുടെ മാന്തൾ, ചൂട, മത്തി, കായൽ മീനുകളായ പള്ളത്തി, വരാൽ, പരൽ, കരിമീൻ  എന്നിവയെല്ലാമാണ് നേരത്തെ വിപണിയിൽ സുലഭമായിരുന്നത്. അതേസമയം ഇന്ത്യൻ മീനുകളുടെ വരവ് നിലച്ചത് പ്രവാസികളുടെ അടുക്കളകളെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്ത്യൻ മീനുകൾക്ക് പൊതുവേ വിലകൂടുതൽ ആണെന്നതു മാത്രമല്ല പ്രാദേശിക മീനുകളോടു തന്നെയാണ് ഒട്ടുമിക്ക പ്രവാസികൾക്കും ഏറെ ഇഷ്ടം എന്നതുമാണ് ഇതിനു കാരണം.

നിലവിൽ പ്രാദേശിക മീനുകൾക്ക് പുറമേ ഒമാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് വിപണിയിലേക്ക് മീൻ എത്തുന്നത്. ഒമാനിൽ നിന്ന് നേരിട്ടുള്ള മീൻ ഇറക്കുമതി സുഗമമായതിനാൽ ഒമാൻ മത്തി ഉൾപ്പെടെ ഇപ്പോൾ വിപണിയിൽ സുലഭമാണ്. കിലോയ്ക്ക് 10 റിയാലിൽ (222 ഇന്ത്യൻ രൂപ) താഴെയാണ് മത്തിയുടെ വില. നാട്ടുരുചി കിട്ടില്ലെങ്കിലും ഒമാൻ മത്തിക്കും ആവശ്യക്കാരേറെയുണ്ട്.  ഖത്തറിന്റെ ഇറക്കുമതി ചട്ടങ്ങളും പരിശോധനകളും കർക്കശമാണ്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന മീൻ, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ ഉപയോഗയോഗ്യമാണോ എന്ന് ഉറപ്പാക്കിയ ശേഷമാണ് വിൽപന അനുവദിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും അധികൃതർ തയാറല്ല. ഇക്കാര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും കർശന സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

qatar-fish
അബു ഹമൂർ സഫാരി ഹൈപ്പർ മാർക്കറ്റിലെ മീൻ വിപണി.

ഇറക്കുമതി ചെയ്യുന്ന മീനുകളിൽ നിന്ന് സാംപിൾ എടുത്ത് സെൻട്രൽ ലബോറട്ടറിയിൽ പരിശോധന നടത്തി രാസവസ്തുക്കളില്ലെന്നും ഭക്ഷ്യ യോഗ്യമാണെന്നു ഉറപ്പാക്കിയ ശേഷം മാത്രമാണ് വിൽപന അനുവദിക്കുന്നത്. മീനായാലും പച്ചക്കറികളായാലും മറ്റ് ഭക്ഷ്യ വിഭവങ്ങൾ ആയാലും ശരി ഏതെങ്കിലും തരത്തിലുള്ള മായമോ കീടനാശിനിയോ രാസവസ്തുവോ ഉണ്ടെന്ന് തെളിഞ്ഞാൽ അവ പിടിച്ചെടുത്ത് അധികൃതർ തന്നെ നശിപ്പിക്കുകയാണ് പതിവ്.

ഇടപെടൽ കർശനം; വിലക്കയറ്റമില്ല

ദോഹ∙ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ വില നിയന്ത്രണ നടപടികൾ ഫലപ്രദമായതിനാൽ മീൻ വിപണികളിൽ അമിത വില ഇല്ല. ശൈത്യകാലമായതിനാൽ കാലാവസ്ഥാ മാറ്റം മീൻപിടിത്തത്തെ ബാധിച്ചിട്ടുണ്ടെങ്കിലും മീനുകൾക്ക് ദൗർലഭ്യവുമില്ല. ലഭ്യത അനുസരിച്ചാണ് മീൻ വില വ്യത്യാസപ്പെടുന്നത്. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പ്രതിദിന മീൻ വില നിശ്ചയിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ  പ്രതിദിന വിലവിവര പട്ടിക പ്രസിദ്ധീകരിക്കും.

പട്ടികയിലെ വിലയേക്കാൾ കൂടുതൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയാൽ അധികൃതർ നടപടി സ്വീകരിക്കുമെന്നതിനാൽ അമിത വില ഈടാക്കുന്ന പ്രവണത ഇല്ല. പ്രാദേശിക മീനുകളിൽ രുചിയിൽ ഒന്നാമൻ ഹമൂർ തന്നെയാണ്. ഹമൂർ, സുൽത്താൻ ഇബ്രാഹിം, സാഫി, ഖബാത്, കിങ്ഫിഷ് എന്നിവയ്ക്കാണ് പൊതുവേ വില കൂടുതൽ. പട്ടികയിലെ ഇന്നലത്തെ വില അനുസരിച്ച് ഹമൂറിന് 42- 53 റിയാൽ (932-1,177 ഇന്ത്യൻ രൂപ) കിങ് ഫിഷിന് (കനാദ്) 37-40 റിയാൽ (822-888 ഇന്ത്യൻ രൂപ) സാഫി, ഖബാത് എന്നിവയ്ക്ക് 42 റിയാൽ (932 ഇന്ത്യൻ രൂപ) വീതവുമാണ് നിരക്ക്.

പ്രാദേശിക മീൻ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ നിരവധി പദ്ധതികളാണ് നഗരസഭ മന്ത്രാലയം നടപ്പാക്കിയത്. ചെമ്മീൻ ഉൽപാദനത്തിന് പുറമേ 2 വർഷം മുൻപ് തുടക്കമിട്ട പ്രതിവർഷം 600 ടൺ തിലോപ്പിയ ഉൽപാദിപ്പിക്കാനുള്ള പദ്ധതിയും പുരോഗതിയിലാണ്. വർഷാവസാനത്തോടെ മീൻ ഉൽപാദനത്തിൽ 90 ശതമാനവും ചെമ്മീൻ ഉൽപാദനത്തിൽ 100 ശതമാനവും സ്വയം പര്യാപ്ത കൈവരിക്കാനുള്ള നടപടികൾ അതിവേഗ പാതയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA